പയ്യൻ ആള് പുലിയാണ്, പോൾ ചെയ്ത വോട്ടിൻ്റെ 65 ശതമാനവുമായി ആരോൺ

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിൻ്റെ 65 ശതമാനം നേടി റിക്കോർഡ് വിജയം നേടിയ 28 കാരൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ തരംഗമായി. റാന്നി അങ്ങാടി ഡിവിഷനിൽ നിന്ന് വിജയിച്ച ആരോൺ ബിജിലി പനവേലിക്ക് 11,859 വോട്ടിൻ്റെ ഭൂരിപക്ഷമാണ് കിട്ടിയത്. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.
അങ്ങാടി ഡിവിഷനിൽ മൊത്തം പോൾ ചെയ്ത 34,411 വോട്ടിൽ 21,226 വോട്ട് നേടിയാണ് ആരോൺ റിക്കോർഡ് ഇട്ടത്. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിക്ക് കിട്ടിയ മൊത്തം വോട്ടിനേക്കാൾ കൂടുതലാണ് ആരോണിൻ്റെ ഭൂരിപക്ഷം എന്നതും ശ്രദ്ധേയമായി. എൽഡിഎഫിലെ പ്രശാന്ത് ബി മോളിയ്ക്കലിന് 9,367 വോട്ടും എൻഡിഎ സ്ഥാനാർത്ഥി അനുകുമാറിന് 3,818 വോട്ടുമാണ് ലഭിച്ചത്.

ആരോണിൻ്റെ ആദ്യ തിരഞ്ഞെടുപ്പു് മത്സരം കൂടിയാണിത്. 17 അംഗ പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ 12 സീറ്റ് നേടിയാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. അങ്ങാടി, പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ആരോൺ ജയിച്ച അങ്ങാടി ഡിവിഷൻ.
ആരോണിൻ്റെ മുത്തച്ഛൻ സണ്ണി പനവേലിയും മുത്തശ്ശി റേച്ചൽ സണ്ണിയും റാന്നിയിലെ എംഎൽഎമാരായിരുന്നു. പിതാവ് ബിജിലി പനവേലിൽ 2001ൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ആർക്കിടെക്ചറിൽ ബിടെക് നേടിയ ആരോൺ നിലവിൽ പ്രൊഫഷണൽ കോൺഗ്രസ് വൈസ് പ്രസിഡൻ്റാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here