‘സോമനാഥ ക്ഷേത്രത്തിന് പോലും പണം നൽകാത്ത നെഹ്‌റു, ബാബറിക്ക് പണം കൊടുക്കുമോ?’ രാജ്‌നാഥ് സിംഗിനെതിരെ കോൺഗ്രസ്

ജവഹർലാൽ നെഹ്‌റുവിനെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. സർക്കാർ ഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് പുനർനിർമ്മിക്കാൻ നെഹ്‌റു ആഗ്രഹിച്ചിരുന്നു എന്നാണ് കേന്ദ്രമന്ത്രി ആരോപിച്ചത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കോൺഗ്രസ് രംഗത്തെത്തി. ഈ പ്രസ്താവന പച്ചക്കള്ളമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.
കോൺഗ്രസ് നേതാവായ മാണിക്കം ടാഗോർ എക്‌സിലൂടെയാണ് സിംഗിന് മറുപടി നൽകിയത്. ഈ വാദത്തെ പിന്തുണയ്ക്കാൻ തെളിവില്ലെന്നും ഇത് ബിജെപി പ്രചരിപ്പിക്കുന്ന കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങൾക്ക് സർക്കാർ പണം ഉപയോഗിക്കുന്നതിനെ നെഹ്‌റുജി എതിർത്തിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന സോമനാഥ ക്ഷേത്രത്തിന് പോലും പൊതുപണം ഉപയോഗിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
അങ്ങനെയുള്ള ഒരാൾ, എങ്ങനെയാണ് ബാബറിക്ക് നികുതിപ്പണം ചെലവഴിക്കുക എന്നാണ് ടാഗോർ ചോദിച്ചത്. ചരിത്രത്തെ മാറ്റിയെഴുതി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. നെഹ്‌റുവും പട്ടേലും നല്ല ബന്ധം പുലർത്തിയിരുന്നു എന്നും, മാണിക്കം ടാഗോർ കൂട്ടിച്ചേർത്തു.
സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മവാർഷിക പരിപാടിയിൽ വെച്ചാണ് രാജ്‌നാഥ് സിംഗ് ഈ വിഷയം ഉന്നയിച്ചത്. “സർക്കാർ ഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് പണിയാൻ നെഹ്‌റു ആഗ്രഹിച്ചു. എന്നാൽ, അതിനെ എതിർത്തത് സർദാർ വല്ലഭായ് പട്ടേലാണ്. അദ്ദേഹം അതിന് സമ്മതിച്ചില്ല,” എന്നാണ് രാജ്‌നാഥ് സിംഗ് ആരോപിച്ചത്. സോമനാഥ ക്ഷേത്രത്തിനോ രാമക്ഷേത്രത്തിനോ സർക്കാർ പണം നൽകിയിട്ടില്ലെന്നും, ജനങ്ങളുടെ സംഭാവനകൾ കൊണ്ടാണ് നിർമ്മാണം നടന്നതെന്നും സിംഗ് ചൂണ്ടിക്കാട്ടി. ഇതാണ് യഥാർത്ഥ മതേതരത്വം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here