ഗത്യന്തരമില്ലാതെ തരൂരിന് അനുമതി നൽകി കോൺഗ്രസ്; ഫോറിൻ ഡെലിഗേഷനിലേക്ക് കേന്ദ്രം തിരഞ്ഞെടുത്ത മറ്റുള്ളവർക്കും അനുമതി

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാൻ ഏഴ് സംഘങ്ങൾ രൂപീകരിച്ചപ്പോള്‍ കോൺഗ്രസ് നൽകിയ പേരുകൾ കേന്ദ്രസർക്കാർ നിഷ്കരുണം തള്ളിയപ്പോൾ വെട്ടിലായത് കോണ്‍ഗ്രസ് നേതൃത്വം. എല്ലാത്തിലും ഉപരി ശശി തരൂരിനെ കേന്ദ്രം തിരഞ്ഞെടുക്കകയും പാർട്ടിയോട് ഒരാലോചനയും നടത്താതെ തരൂർ അത് സ്വീകരിക്കുകയും ചെയ്തത് കോൺഗ്രസിന് മുഖത്തേറ്റ അടിയായി. തരൂർ പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന സാഹചര്യം പരമാവധി മുതലെടുക്കാനുള്ള തന്ത്രപരമായ നീക്കമാണ് ബിജെപി നടത്തിയതെന്ന് ഉറപ്പ്.
കോൺഗ്രസ് നൽകിയ മറ്റു പേരുകളും കേന്ദ്രസർക്കാർ പരിഗണിച്ചതേയില്ല. പാര്‍ട്ടി കൊടുത്ത ലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. ഇത് അപ്പാടെ തള്ളി സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, അമർ സിംഗ് എന്നിവരെയും കേന്ദ്രം തിരഞ്ഞെടുത്തു. ഇതോടെയാണ് എല്ലാവർക്കും അനുമതി നൽകേണ്ട ഗതികേടിലേക്ക് കോൺഗ്രസ് പാർട്ടി എത്തിയത്.
അതേസമയം കേന്ദ്രനീക്കത്തിൽ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. കോൺഗ്രസിൻ്റെ പട്ടിക അംഗീകരിക്കാത്തത് നിർഭാഗ്യകരം ആണെന്നും എന്നാൽ ഇക്കാര്യത്തിൽ വിലകുറഞ്ഞ രാഷ്ട്രീയത്തിന് ഇല്ലെന്നും ആണ് കോൺഗ്രസ് നേതൃത്വം എക്സിലൂടെ പ്രതികരണം അറിയിച്ചത്. പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ ഇന്ത്യ നടത്തിയ നിര്‍ണായക നീക്കങ്ങൾ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ വിശദീകരിക്കാനാണ് ദൗത്യസംഘത്തെ അയക്കുന്നത്. ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്നതാണ് ഈ ദൗത്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here