അമിത്ഷാക്ക് കൈയ്യടിച്ച് ശശിതരൂര്‍; കോണ്‍ഗ്രസ് ബെഞ്ചിലിരുന്ന് ബിജെപിക്ക് വിസിലടിക്കുന്ന വിശ്വപൗരന്‍

ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ചുള്ള ലോക്‌സഭയിലെ ചര്‍ച്ചയില്‍ അമിത് ഷായുടെ പ്രസംഗത്തിന് കൈയ്യടിച്ച് ശശി തരൂര്‍ എംപി. പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് കൃത്യമായ മറുപടി നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു. ഭീകരാക്രമണത്തിന്റെ സൂത്രധാരനെ അടക്കം മൂന്നു പേരെ ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ചതായും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. ഇതിനെ ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ് ബെഞ്ചിലിരുന്ന് ശശി തരൂരും അമിത് ഷായുടെ പ്രസംഗത്തെ കൈയ്യടിയോടെ സ്വീകരിച്ചു.

പ്രസംഗത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷനിരയില്‍ നിന്നുള്ള അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കളോട് ക്ഷോഭിച്ചാണ് അമിത്ഷാ സംസാരിച്ചത്. ആരോപണം ഉന്നയിക്കുന്നവര്‍ കേട്ടേ മതിയാകൂ എന്ന് ഷാ പറഞ്ഞു. പിന്നാലെ ഓരോ നടപടികളും എണ്ണിപ്പറഞ്ഞ് പ്രസംഗം തുടര്‍ന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ച സുലൈമാന്‍, അഫ്ഗാന്‍, ജിബ്രാന്‍ എന്നിവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് വധിച്ചത്. അതില്‍ സംശയം ഉന്നയിക്കുന്നത് ശരിയല്ല. എല്ലാവരും സന്തോഷിക്കും എന്നാണ് കരുതിയത്. എന്നാല്‍ തീവ്രവാദികളെ വധിച്ചതില്‍ പോലും രാഷ്ട്രീയം കാണുകയാണ്. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും പിടിച്ച തോക്കുകളുടെ ബാലിസ്റ്റിക് റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച് ഉറപ്പിച്ചാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരാണെന്ന് സ്ഥിരീകരിച്ചത്. ഇവരെ അയച്ചവര്‍ക്ക് നേരത്തെ തന്നെ മറുപടി നല്‍കിയതായും അമിത്ഷാ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പി ചിദംബരം എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന് ക്ലിന്‍ ചിറ്റ് നല്‍കിയതെന്നും അമിത്ഷാ ചോദിച്ചു. ആരെ രക്ഷിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. പാകിസ്ഥാനെ രക്ഷിക്കുന്നതു കൊണ്ട് എന്താണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഷാ ചോദിച്ചു. ലോകം മുഴുവന്‍ ഇന്ത്യയുടെ നിലപാടിനെ സ്വീകരിക്കുമ്പോള്‍ മുൻ ആഭ്യന്തരമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് പാകിസ്ഥാനെ അനുകൂലിക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ പേരെടുത്ത് പറഞ്ഞുള്ള വിമര്‍ശനമാണ് അതേ നിരയിലിരുന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കൈയ്യടിയോടെ ആസ്വദിച്ചത്. ഇത് കോണ്‍ഗ്രസിനുള്ള തരൂരിൻ്റെ സന്ദേശമായാണ് വിലയിരുത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top