ഒടുവില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; പിണറായി സത്യപ്രതിജ്ഞ ലംഘനം നടത്തി; മാധ്യമ സിന്‍ഡിക്കറ്റ് വാര്‍ത്ത കൊള്ളേണ്ടിടത്ത് കൊണ്ടു

എഡിജിപി എംആര്‍ അജിത്കുമാറിന് നല്‍കിയ ക്ലിന്‍ചിറ്റ് തള്ളിക്കൊണ്ടുള്ള വിജിലന്‍സ് കോടതിയുടെ വിധിന്യായത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശങ്ങളില്‍ ഒടുവില്‍ കടുപ്പിച്ച് കോണ്‍ഗ്രസ്. മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി, നിയമസംവിധാനത്തെ ആകെ ചവിട്ടിമെതിച്ചു തുടങ്ങിയ ഗുരുതര വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും പ്രതിപക്ഷം ഈ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നില്ല. ഇക്കാര്യം ഇന്ന് മാധ്യമ സിന്‍ഡിക്കറ്റ് വാര്‍ത്തയാക്കുകയും ചെയ്തു. കെ കരുണാകരന്‍, കെഎം മാണി തുടങ്ങിയവരുടെ രാജി അടക്കമുള്ള ചരിത്രം ഓര്‍മ്മിപ്പിച്ചായിരുന്നു ഈ വാര്‍ത്ത. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി. വിമര്‍ശനവും ഉയര്‍ന്നു.
വലിയ വിമര്‍ശനം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് രാജി ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കണ്ണൂരില്‍ മാധ്യമങ്ങളെ കണ്ട കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. വിജിലന്‍സ് കോടതി വിധിയില്‍ മുഖ്യമന്ത്രിക്കെതിരയുള്ള അതീവ ഗൗരവമുള്ള ആരോപണങ്ങളാണ്. അജിത്കുമാറിന് ക്ലിന്‍ചിറ്റ് നല്‍കിയതില്‍ നിയമവിരുദ്ധമായി ഇടപെട്ടു. വിധി പരിശോധിക്കുന്ന ആര്‍ക്കും ഇക്കാര്യം മനസിലാകും. നിയമത്തിന്റെ എല്ലാ തത്വങ്ങളും ചവിട്ടിമെതിച്ചതായി കോടതി വിലയിരുത്തിയിട്ടുണ്ട്. ആഭ്യന്ത്ര സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ട് കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. നിയമാനുസൃതം രൂപീകരിച്ച സംവിധാനം സത്യം തെളിയിക്കുന്നതിന് പകരം പ്രതികള്‍ക്കായി അന്വേഷണം അട്ടിമറിച്ചു എന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നത്. നിയമം നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് ഭയമോ പക്ഷപാതമോ പാടില്ല. എന്നാല്‍ കോടതി തന്നെ പക്ഷപാതപരമായ നടപടി ഉണ്ടായി എന്ന് പറഞ്ഞിരിക്കുകയാണ്. അതിനാല്‍ മുഖ്യമന്ത്രിക്ക് പദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ല. അജിത്കുമാറിനായി നടത്തിയ ഈ വഴിവിട്ട നീക്കങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണവും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
കോടതി വിധി വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിപക്ഷത്തിന് ഈ വീണ്ടുവിചാരം ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളില്‍ അടക്കം ഈ വിഷയം വലിയ ചര്‍ച്ച ആകുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ മൗനത്തിലായിരുന്നു. പ്രതികരിക്കാന്‍ വേണ്ടി മാത്രം ചിലത് പറഞ്ഞ് അവസാനിപ്പിക്കാനാണ് ശ്രമം നടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here