പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ അനില്‍ അക്കര; മുന്‍ എംഎല്‍എ ജനവിധി തേടുക അടാട്ട് പഞ്ചായത്തില്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ മറ്റൊരു മുന്‍ എംഎല്‍എയും. വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയാണ് പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് മത്സരിക്കുക. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം അനിലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തു.

രണ്ടു തവണ അടാട്ട് പഞ്ചായത്തംഗമായി അനില്‍ അക്കര വിജയിച്ചിട്ടുണ്ട്. 2000ല്‍ ഏഴാം വാര്‍ഡില്‍ 400 വോട്ടിന്റെ ഭീരിപക്ഷത്തില്‍ വിജയിച്ചു. പിന്നാലെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2003ല്‍ പഞ്ചായത്ത് പ്രസിഡന്റായി. 2005 ല്‍ പതിനൊന്നാം വാര്‍ഡില്‍ നിന്നും മത്സരിച്ച് 285 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് പ്രസിഡന്റായി തുടര്‍ന്നു. 2010 ല്‍ ജില്ലാ പഞ്ചായത്തംഗമായി. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.

2016ലാണ് വടക്കാഞ്ചേരിയില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. 45 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു അന്നത്തെ വിജയം. 2021ല്‍ വടക്കാഞ്ചേരിയില്‍ വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. സിപിഎമ്മിന്റെ തോമസ് ചിറ്റിലപ്പള്ളിയാണ് അനില്‍ അക്കരയെ പരാജയപ്പെടുത്തിയത്. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയായ ആലത്തൂര്‍ രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കി പിടിച്ചെടുത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അനില്‍ അക്കര ആയിരുന്നു. കൂടാതെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പ് അടക്കം പുറത്തു കൊണ്ടുവന്ന് പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ അനില്‍ അക്കരയുടെ പരാജയം ഉറപ്പാക്കാന്‍ സിപിഎം എല്ലാ വഴികളും തേടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top