സിപിഎമ്മുമായി ഗൂഢാലോചന; കെപിസിസി അംഗത്തെ പുറത്താക്കി കോൺഗ്രസ്

കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബാങ്ക് ചെയർമാനും കെപിസിസി അംഗവുമായ എൻ കെ അബ്‌ദുറഹ്മാനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. ഡിസിസി അധ്യക്ഷൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡൻ്റ് ആണ് നടപടി സ്വീകരിച്ചത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അബ്‌ദുറഹ്മാനെതിരെ നടപടി. പ്രധാനമായും രണ്ടു ഗുരുതര ആരോപണങ്ങളാണ് നേതൃത്വം കണ്ടെത്തിയത്. ബാങ്കിൻ്റെ ഭരണം അട്ടിമറിക്കുന്നതിനായി സിപിഎമ്മുമായി ചേർന്ന് ഗൂഢാലോചന നടത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബാങ്കിൻ്റെ ഡയറക്ടർമാരോ ജീവനക്കാരോ അറിയാതെ 800ലധികം പുതിയ എ-ക്ലാസ് മെമ്പർഷിപ്പുകൾ കൂട്ടിച്ചേർത്തു.
മലബാറിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിൽ ഒന്നാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച വരെ ബാങ്കിൽ 771 എ-ക്ലാസ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ, തിങ്കളാഴ്ച ആയപ്പോഴേക്കും അംഗസംഖ്യ 1600 ആയി ഉയർന്നു. ജീവനക്കാരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ശനിയും ഞായറും ദിവസങ്ങളിൽ രാത്രിയിലാണ് ഓൺലെെനായി മെമ്പർഷിപ്പുകൾ കൂട്ടിച്ചേർത്തത്.
ഭരണസമിതിയെ പിരിച്ചുവിട്ട അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനെതിരെ ഡയറക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അടുത്ത ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബാങ്ക് ചെയർമാനെതിരെ പാർട്ടിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here