നേതാക്കളുടെ തമ്മിലടിയില്‍ കണ്ണുവച്ച് കെസി; സതീശനെ വെട്ടാനും നീക്കം

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് താനുമുണ്ടെന്ന് പരോക്ഷമായി കെസി വേണുഗോപാലും സൂചിപ്പിച്ചതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു. വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും പിന്നില്‍ ചുറ്റികൊണ്ടിരുന്ന ഗ്രൂപ്പ് ബലാബലങ്ങള്‍ ഇപ്പോള്‍ കെസിക്ക് പിന്നിലേയ്ക്ക് മാറുകയാണ്. ചങ്കായി ഒപ്പം നിർത്തിയ ഷാഫി, രാഹുല്‍ വിഭാഗങ്ങള്‍ കൈവിട്ടതോടെ സതീശന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കാനായാല്‍ ഡല്‍ഹിയില്‍ നിന്നുള്ള കെസി വേണുഗോപാലിന്റെ വരവ് തടയാനായി കേരളത്തിലെ നേതാക്കള്‍ ഒറ്റക്കെട്ടായി നിൽക്കണമെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കളും പ്രകടിപ്പിക്കുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് തന്റെ ലക്ഷ്യവും കേരളത്തില്‍ അധികാരം പിടിക്കുക എന്നതാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞയത്. അതിന്റെ അര്‍ത്ഥം താന്‍ ഏതെങ്കിലും സ്ഥാനത്തിന് വേണ്ടി നിലകൊള്ളുന്നു എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ വേണുഗോപാലിന്റെ ഈ പ്രസ്താവന അധികാരത്തില്‍ വരാനായാല്‍ മുഖ്യമന്ത്രി പദം ലക്ഷ്യമാക്കി ഉള്ളതാണെന്നാണ് മറ്റാരേക്കാളും നന്നായി രമേശ് ചെന്നിത്തലക്കും പ്രതിപക്ഷനേതാവ് വിഡി സതീശനും അറിയാം. ഇത് സംസ്ഥാന കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഏറെ ബാധിക്കുന്നത് പരസ്പരം മത്സരബുദ്ധിയോടെ മുന്നേറുന്ന ഇവരെ രണ്ടുപേരെയുമാണ് എന്നതും പകൽപോലെ സത്യം.
മുഖ്യമന്ത്രിസ്ഥാനമല്ല തന്റെ ലക്ഷ്യമെന്ന് വേണുഗോപാല്‍ പറയുന്നത് കാര്യമായി എടുക്കരുത് എന്നാണ് സതീശന്‍-രമേശ് വിഭാഗത്തിന്റെ അഭിപ്രായവും. കഴിഞ്ഞതവണ രാജസ്ഥാനത്തിലെ തന്റെ രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തി ഇവിടെ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിച്ചതു തന്നെ തന്ത്രം വ്യക്തമാക്കുന്നതാണ്. അന്ന് ഇന്ത്യാമുന്നണി അധികാരത്തില്‍ വന്നാല്‍ മന്ത്രിസഭയില്‍ മികച്ച സ്ഥാനം നേടാമെന്ന് കരുതിയിരുന്നു. മാത്രമല്ല, മുൻപത്തേതു പോലെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നില്ല എങ്കില്‍ തനിക്കത് കിട്ടുമെന്നും കണക്കുകൂട്ടി. അതുകൊണ്ട് ഇവിടെയും കെസിയുടെ പ്രസ്താവനയെ നിഷ്‌കളങ്കമായി കാണരുതെന്നാണ് മുന്നറിയിപ്പ്.
ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ മുതലാക്കികൊണ്ട് കേരളത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലാണ് വേണുഗോപാലിനുള്ളത്. രാജ്യത്ത് നിലവില്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന കര്‍ണ്ണാടക ലോബിയുടെ പിന്തുണയും വേണുഗോപാലിനുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സംബന്ധിച്ച് കാര്യങ്ങള്‍ ഏറെ സുഗമമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സംസ്ഥാന കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിയും താന്‍പോരിമയും ശക്തമായാല്‍ മാത്രമേ വേണുഗോപാലിന് ഇവിടെ ഇടപെടുന്നതിനുള്ള അവസരം ലഭിക്കുകയുള്ളു. സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നേരത്തെ തന്നെ അദ്ദേഹം പിടിമുറുക്കിയിട്ടുണ്ട്.
Also Read: ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം!! മുൻ കേരള അമീറിൻ്റെ പ്രസംഗം പുറത്ത്; വിഡി സതീശൻ കേൾക്കണം
ഭരണം ലഭിച്ചാ നേതൃസ്ഥാനത്തിന് അവകാശം ഉന്നയിക്കാന്‍ ഇപ്പോള്‍ തന്നെ നാലുപേരെങ്കിലും ഉണ്ട്. വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ് പ്രധാനികൾ. അതേസമയം അടൂര്‍ പ്രകാശും ശശി തരൂരും ശക്തമായി തന്നെ രംഗത്തുണ്ട്. എന്‍എസ്എസിന്റെ പിന്തുണയുണ്ട് എങ്കിലും നിരന്തരം പാര്‍ട്ടി, നെഹ്രുകുടുംബ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് തരൂരിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. അതുകൊണ്ട് അദ്ദേഹം ഇപ്പോള്‍ ശക്തനായ മത്സരാര്‍ത്ഥിയല്ല. എന്നാല്‍ അവസാനവട്ടം വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ചുകൊണ്ട് ഒരു നീക്കം നടത്തി സ്ഥാനം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടല്‍ അടൂര്‍ പ്രകാശിനുണ്ട്.
ഇത്തരത്തില്‍ നേതാക്കള്‍ വിവിധ കോണുകളില്‍ നില്‍ക്കുന്നതിന്റെ ആനുകൂല്യം മുതലാക്കുന്നതിനായാണ് വേണുഗോപാല്‍ ശ്രമിക്കുന്നത് എന്നാണ് പാര്‍ട്ടിയിലെ പൊതു വിലയിരുത്തല്‍. കേരളത്തില്‍ എന്നല്ല ഒരു സംസ്ഥാനത്തും ആരെയും ജയിപ്പിക്കാന്‍ കഴിവുള്ള ഒരു നേതാവാണ് വേണുഗോപാല്‍ എന്ന അഭിപ്രായം കേരളത്തിലെ പാര്‍ട്ടിക്കുള്ളിലില്ല. വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ ശേഷം രാജ്യത്ത് നിരവധി തെരഞ്ഞെടുപ്പുകള്‍ നടന്നുകഴിഞ്ഞു. അതില്‍ കര്‍ണ്ണാടകയും ഹിമാചല്‍ പ്രദേശും ഒഴികെ ഒരിടത്തും ഒരു നേട്ടവും പാര്‍ട്ടിക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടുമില്ല.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം വേണുഗോപാലിന് അവകാശപ്പെട്ടതുമല്ല. അത് ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികള്‍ നേടികൊടുത്തതാണ്. കേരളത്തില്‍ വേണുഗോപാല്‍ ജയിച്ചതു തന്നെ ഇവിടുത്തെ നേതാക്കള്‍ പണിയെടുത്തതു കൊണ്ടു മാത്രമാണ്. 2019ല്‍ ആകെ സംശയമായിരുന്നതു കൊണ്ടാണ് വേണുഗോപാല്‍ കേരളത്തില്‍ മത്സരിക്കാന്‍ തയാറാകാതിരുന്നത്. എന്നാല്‍ സാഹചര്യം മാറുന്നുവെന്ന കണക്കുകൂട്ടലിലാണ് കൈയിലുണ്ടായിരുന്ന രാജ്യസഭാസീറ്റു പോലും ബി.ജെ.പിക്ക് അടിയറവച്ച് അദ്ദേഹം ആലപ്പുഴയില്‍ മത്സരിക്കാന്‍ തയാറായതെന്നും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
Also Read: അൻവറിൻ്റെ യുഡിഎഫ് പ്രവേശനം വൈകും; വിനയായത് സതീശനുമായുള്ള തുറന്ന പോര്; അൻവറിനു ലീഗിന്റെ പച്ചക്കൊടി
ഇക്കാര്യങ്ങള്‍ മനസില്‍ വച്ചുവേണം വേണുഗോപാലിനെ നേരിടേണ്ടത്. അധികാരത്തിലെത്താന്‍ കഴിഞ്ഞാല്‍ ആരു മുഖ്യമന്ത്രിയാകണമെന്ന കാര്യത്തില്‍ കേരളത്തിൽ സമവായം ഉണ്ടായാല്‍ പിന്നെ ഹൈക്കമാന്‍ഡ് ഇടപെടല്‍ വേണ്ടിവരില്ല. അങ്ങനെ വന്നാൽ ഇടപെടാനുള്ള അവസരം കിട്ടില്ല. നിയമസഭാകക്ഷി തീരുമാനിക്കുന്ന നേതാവിനെ അംഗീകരിക്കുക എന്ന ദൗത്യമേ പിന്നെ ഹൈക്കമാന്‍ഡിന് ഉണ്ടാകൂ. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത ശക്തമാക്കാനുള്ള ഇടപെടൽ ഇനി വേണുഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പോലും പാർട്ടി വൃത്തങ്ങളിൽ ആശങ്കയുണ്ട്.
ഒന്നും ലക്ഷ്യംവച്ചല്ല തന്റെ പ്രവര്‍ത്തനം എന്ന് വേണുഗോപാല്‍ പറയുന്നെങ്കിലും ലക്ഷ്യം മുഖ്യമന്ത്രി കസേരയാണെന്നത് ഓർക്കണമെന്നാണ് നേതാക്കളുടെ പക്ഷം. ഇതിനു വേണ്ടി കേരളത്തിലെ നേതാക്കളെ ദുര്‍ബലരാക്കാനുള്ള എല്ലാ നീക്കം വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് എല്ലാം തന്റെ കീഴീല്‍ കൊണ്ടുവരാനുള്ള ശ്രമവും ഉണ്ടാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിഡി സതീശനേയും കെ സുധാകരനേയും മുന്നില്‍നിര്‍ത്തി രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും വെട്ടിയത് ഈ തന്ത്രമായിരുന്നു. അതാണ് ഇനിയും പയറ്റാന്‍ പോകുന്നത്. അതിന്റെ സൂചനകള്‍ കണ്ടുകഴിഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെയും കെപിസിസി ഭാരവാഹികളുടെ നിയമനത്തിലും അത് പ്രകടമാണ്. വിഡി സതീശനെ ഒറ്റപ്പെടുത്താനാണ് ഈ രണ്ടു അവസരങ്ങളും വേണുഗോപാല്‍ ഉപയോഗിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഷാഫിപറമ്പിലിനേയും മറ്റും കൈയിലെടുത്തു കൊണ്ട് സതീശനെ തീര്‍ത്തും പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുകയെന്ന നീക്കമായിരുന്നു ഇതിന് പിന്നില്‍. അതാണ് താന്‍ സംസ്ഥാനത്ത് സജീവമാകാന്‍ പോകുന്നുവെന്ന വേണുഗോപാലിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ മഴദുരിതത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് പരാമര്‍ശിച്ച് സതീശന്‍ പരിഹസിച്ചതും.
രമേശിനെ ഇപ്പോള്‍ തന്നെ ഏകദേശം ഒതുക്കിയ മട്ടാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കുന്നതു കൊണ്ട് സതീശന്‍ കുറച്ചുകൂടി കരുത്തനാണ്. അതുകൊണ്ട് വേണുഗോപാലിന്റെ ഇനിയുള്ള ലക്ഷ്യം സതീശനായിരിക്കും. കഴിഞ്ഞ കുറേക്കാലമായി തന്നെ വേണുഗോപാലും സതീശനും അത്ര രസത്തിലല്ല. അത് മുതലെടുത്ത് സതീശനെ തീര്‍ത്തും ഒറ്റപ്പെടുത്തി കടിഞ്ഞാണ്‍ പിടിച്ചെടുക്കാനാണ് ശ്രമം. ഇക്കാര്യങ്ങള്‍ മനസിലാക്കി കേരളത്തിലെ നേതാക്കളും പാര്‍ട്ടിയും ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങിയാല്‍ ഭരണവും ഉദ്ദേശിച്ച സ്ഥാനങ്ങളും പിടിച്ചെടുക്കാനാകുമെന്ന ഉപദേശമാണ് മുതിര്‍ന്ന നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും നല്‍കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here