കോൺഗ്രസിലെ ‘ഗ്യാങ് ഓഫ് ഫോർ’ പാർട്ടിയുടെ അന്തകരായി!! മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് പിണറായിക്ക് പരവതാനി വിരിച്ചു

എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ഒരുവർഷം തികയുന്ന അതേ ദിവസം തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടുവെന്ന ദുരന്തം പേറേണ്ടിവന്ന യുവനേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. പെണ്ണുകേസിൽ പെട്ട് അപമാനിതനായി പൊതുജീവിതത്തിൽ നിന്നും കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും ഒരു എംഎൽഎ നിഷ്കാസിതനായി പോകുന്നതിനാണ് കേരളരാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. നിയമസഭയുടെ ചരിത്രത്തിൽ ഇങ്ങനെ അപമാനിക്കപ്പെട്ട് ചവറ്റുകുട്ടയിലായ മറ്റൊരു നേതാവുമില്ല. ഒത്തിരിയേറെ പരിഗണനകൾ കിട്ടിയിട്ടും, പൊതുരംഗത്ത് പാലിക്കേണ്ട മിനിമം മാന്യതപോലും പാലിച്ചില്ല എന്നതാണ് രാഹുലിന് വിനയായത്.
1987 മുതലുള്ള ഒട്ടുമിക്ക നിയമസഭാ തിരഞ്ഞെടു പ്പുകളിലും ഇടതുപക്ഷത്തിന് രക്ഷയാകുന്നത് യുഡിഎഫിൻ്റെയും കോൺഗ്രസ് നേതാക്കളുടേയും പെൺവേട്ടയുടെ കഥകളാണ്. പതിവുതെറ്റാതെ ഇത്തവണയും എൽഡിഎഫിന് ഒരു മസാലക്കഥ വീണു കിട്ടി. മൂന്നാം തവണയും ഭരണം കിട്ടുമെന്ന പ്രത്യാശയിൽ സിപിഎം ക്യാമ്പുകളിൽ ആവേശ പൂത്തിരി കത്തുകയാണ്. പുറമെ, രാഹുലിനെ പരമാവധി സംരക്ഷിച്ച് കെപിസിസി പ്രസിഡൻ്റും മൂന്നു വർക്കിംഗ് പ്രസിഡൻ്റുമാരും പിണറായി വിജയന് വീണ്ടും ചുവപ്പ് പരവതാനി വിരിച്ചുകഴിഞ്ഞു എന്ന ആക്ഷേപവും കോൺഗ്രസിൽ സജീവമാണ്.
Also Read : രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; പാർട്ടിക്ക് പുറത്ത്
ശബരിമല സ്വർണക്കൊള്ള വിഷയത്തിലടക്കം ശക്തമായ ഭരണവിരുദ്ധവികാരം നേരിട്ട്, രണ്ടാം പിണറായി സർക്കാരിന്റെ ഭാവി നൂറുശതമാനവും ചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികപീഡന കഥകൾ പുറത്തുവന്നത്. ഈ വിഷയം സിപിഎമ്മിന് അപ്രതീക്ഷിത രക്ഷാകവചമായി മാറി. ഇത്തരം മസാലക്കഥകൾ രാഷ്ട്രീയത്തിൽ കൃത്യമായി ഉപയോഗിച്ച് പരിചയമുള്ള അവർ വീണു കിട്ടിയ അവസരം പൂർണ്ണമായി മുതലെടുക്കുന്ന കാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരി ക്കുന്നത്.
അതിജീവിതയുടെ പരാതി വരുംമുമ്പേ രാഹുലിനെ പാർട്ടിയിൽ നിന്നും പാർലമെൻ്റ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദ്യഘട്ടത്തിൽ കോൺഗ്രസിന്റെ മുഖം രക്ഷിച്ചതാണ്. സതീശൻ, മുരളീധരൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ തുടക്കം മുതൽ രാഹുലിനെതിരെ ശക്തമായ നിലപാടെടുത്തു. എന്നാൽ, വർക്കിംഗ് പ്രസിഡണ്ടുമാരായ വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എപി അനിൽകുമാർ എന്നിവരാണ്.
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഇവരുടെ നീക്കങ്ങൾക്ക് പരോക്ഷമായി പിന്തുണ നൽകി. എംഎൽഎ എന്ന നിലയിൽ അയാളെ പാലക്കാട്ട് സജീവമാക്കാൻ ചരടുവലിച്ചത് ഈ നാൽവർ സംഘമാണ്. ചൈനയിൽ മാവോയുടെ ഭരണകാലത്ത് പിന്നാമ്പുറത്ത് നിന്ന് അധികാരം കൈയാളിയ ‘ഗ്യാങ് ഓഫ് ഫോർ’ എന്നറിയപ്പെട്ട ഗൂഢസംഘത്തിന് സമാനമാണ് കോൺഗ്രസിലെ ഈ സംഘമെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഇപ്പോൾ ശക്തമായിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രാഹുൽ അനുകൂലികളുടെ സൈബർ ആക്രമണം അതിരുവിട്ടപ്പോഴും സണ്ണി ജോസഫും മൂന്ന് വർക്കിംഗ് പ്രസിഡണ്ടുമാരും മൗനം പാലിച്ചത് ദുരൂഹമാണ്. ഈ നാൽവർ സംഘത്തിൻ്റെ ഒത്താശയോടെയാണ് സതീശനെതിരെ സൈബർ ഗുണ്ടകൾ അഴിഞ്ഞാടിയത് എന്നാണ് പാർട്ടിക്കുള്ളിൽ പരസ്യമായ രഹസ്യമാണ്. സൈബർ വെട്ടുക്കിളികളെ തള്ളിപ്പറയാനോ, നിയന്ത്രിക്കാനോ ഇവർ തയ്യാറായില്ല.
പ്രസിഡൻ്റ് എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് തെളിയിച്ച സണ്ണി ജോസഫ്, ഈ വർക്കിംഗ് പ്രസിഡൻ്റുമാരുടെ കൈയ്യിലെ പാവയായി മാറി എന്നതാണ് വാസ്തവം. തുടരെത്തുടരെ രാഹുലിനെതിരെ പീഡനപരാതികൾ ഉയർന്നിട്ടും പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തെ അട്ടിമറിച്ചത് ഇവരാണെന്ന് മുതിർന്ന നേതാക്കൾക്ക് പരാതിയുണ്ട്. അതിജീവിതയുടെ പീഡനപരാതിയും ഗർഭം അലസിപ്പിക്കാൻ ഭീഷണിപ്പെടുത്തി എന്നുമുള്ള വിവരങ്ങളും പുറത്തുവന്നതോടെയാണ് മാങ്കൂട്ടത്തിലും സംരക്ഷകരും പ്രതിസന്ധിയിലായത്.
എട്ട് ദിവസമായി രാഹുൽ ഒളിവിലാണ്. ഒരു ന്യായവും പറയാനില്ലാതെ ഇതുവരെയും ഒളിച്ചുകളിച്ച നേതാവിനെ പുറത്താക്കണമെന്ന് സതീശൻ, മുരളീധരൻ, രമേശ് ചെന്നിത്തല, സുധീരൻ എന്നിവർക്കു പുറമെ വനിതാ നേതാക്കളും ഉൾപ്പെടെ നിരവധിപ്പേർ ആവശ്യപ്പെട്ടു. എന്നിട്ടും, മുൻകൂർ ജാമ്യവിധി വരട്ടെ എന്ന മെല്ലെപ്പോക്കിലായിരുന്നു സണ്ണി ജോസഫും വർക്കിംഗ് പ്രസിഡണ്ടുമാരും. രണ്ടാമതൊരു ബലാൽസംഗ പരാതിയും വന്നതോടെയാണ് അയാളെ കൈവിടാതെ നിവൃത്തിയില്ല എന്ന അവസ്ഥ വന്നുചേർന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ചാനലുകളുടെ പ്രൈം ടൈം ചർച്ചകളിൽ ഉൾപ്പടെ എല്ലാനേരവും രാഹുൽ മാങ്കൂട്ടത്തിൽ എന്ന കോൺഗ്രസ് എംഎൽഎയുടെ ഇക്കിളി വാർത്തകൾ നിറയുകയാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും ഈ പീഡന വാർത്തകൾ ചർച്ചയാകുന്നത് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തലക്കേറ്റ അടി പോലെയായി. വോട്ടുചോദിച്ച് ജനത്തെ അഭിമുഖീകരിക്കുമ്പോൾ ഈ വിഷയത്തിൽ വരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് അവർ.
എത്രയും വേഗം മാങ്കൂട്ടത്തലിനെ പുറത്താക്കിയാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തല ഉയർത്തി വോട്ട് ചോദിക്കാൻ കഴിയുമെന്നിരിക്കെ, സണ്ണി ജോസഫും വർക്കിംഗ് പ്രസിഡണ്ടുമാരും മനഃപൂർവ്വം കാലതാമസം വരുത്തിയത് സിപിഎമ്മിനും പിണറായി സർക്കാരിനും രാഷ്ട്രീയമായി ഒത്താശ ചെയ്യുന്ന സാഹചര്യമായി. ശബരിമല സ്വർണ്ണക്കൊള്ളയെ ചർച്ചയാക്കാൻ ആവിഷ്കരിച്ച ‘അമ്പലക്കള്ളമ്മാരേ, കടക്കൂ പുറത്ത്,’ എന്ന മുദ്രാവാക്യം പോലും മുനയൊടിഞ്ഞു പോകുന്ന അവസ്ഥിലായെന്ന പരിദേവനം പാർട്ടിയിൽ എല്ലാ തലത്തിലുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here