സുധാകരൻ എന്തും പറഞ്ഞ് നടന്നോട്ടെ; ഇനി ചര്‍ച്ചയും ഇല്ല അമിത പരിഗണനയുമില്ല; അവഗണിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന മാറാന്‍ ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി ധാരണയാവുകയും കേരളത്തില്‍ എത്തിയതോടെ ഇടയുകയും ചെയ്ത് കെ സുധാകരനെ പൂര്‍ണ്ണമായും അവഗണിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കെ സുധാകരന്‍ നോമിനേറ്റ് ചെയ്തയാളെ പിസിസി പ്രസിഡന്റായി നിയമിക്കുകയും വര്‍ക്കിങ് കമ്മറ്റിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തിയിട്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളെ ഇനി മുഖവിലക്ക് എടുക്കേണ്ടെന്നാണ് തീരുമാനം.
സുധാകരനുമായി രണ്ട് തവണ ദേശീയ നേതൃത്വം ചര്‍ച്ച നടത്തി. കേരളത്തിന്റെ ചുമതലയുളള ദീപദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് നേതൃമാറ്റം എന്ന തീരുമാനത്തില്‍ എത്തിയത്. സുധാകരന്റെ അനാരോഗ്യവും പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്നും നേതാക്കള്‍ പറഞ്ഞതാണ് റിപ്പോര്‍ട്ടായി നല്‍കിയത്. ഇക്കാര്യം സുധാകരനേയും ദേശീയ നേതൃത്വം ബോധ്യപ്പെടുത്തി. എന്നിട്ടാണ് പുനസംഘടനയിലേക്ക് പോയത്. ഇത്രയും പരിഗണന നല്‍കിയിട്ടും എല്ലാ ദിവസവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.
കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനം അറിഞ്ഞില്ലെന്നാണ് സുധാകരന്റെ പ്രധാന പരാതി. ഈ സ്ഥാനങ്ങളില്‍ നിലവില്‍ തന്റെ ടീമിലെ ചിലരെ നിയമിക്കാന്‍ സുധാകരന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ അതിന് അവസരം നല്‍കാതെയാണ് തീരുമാനമുണ്ടായത്. ഇതോടെയാണ് സുധാകരന്‍ പൊട്ടിത്തെറിച്ചത്. നിലവില്‍ സംഘടനാ ചുമതലകളില്‍ ഉള്ളവരെ നീക്കാന്‍ ധാരണയായിട്ടുണ്ട്. ഇത്തരത്തില്‍ സ്ഥാനം നഷ്ടമാകുന്നവര്‍ കൂടി സുധാകരന്റെ ഈ ഇടപെടലിന് പിന്നിലുണ്ടെന്നാണ് കോണ്‍ഗ്രസിലെ സംസാരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here