‘സണ്ണി ഡെയ്‌സിന്’ പണി കൊടുത്ത് ഒരുപറ്റം എംപിമാര്‍; കൂടിയാലോചന ഇല്ലാതെ കെസി എല്ലാം കൈപ്പിടിയിൽ ഒതുക്കിയെന്ന് പരാതി

കെപിസിസിക്ക് പുതിയ അധ്യക്ഷനും ഭാരവാഹികളും ചുമതല ഏറ്റെങ്കിലും പാര്‍ട്ടിയിലെ സഹജമായ മുറുമുറുപ്പും പിണക്കവും സജീവമായി തുടരുന്നു. വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള ഭാരവാഹികളെ മാറ്റിയത് എന്നതാണ് ഒരു വിഭാഗം എംപിമാരുടെ പരാതി.
ഇന്നലെ കെപിസിസി ഓഫീസില്‍ നടന്ന പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് വര്‍ക്കിംഗ് കമ്മറ്റി അംഗം ശശി തരൂര്‍ അടക്കം ലോക്‌സഭാംഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. എഐസിസി സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ നിലപാടുകളോടുള്ള വിയോജിപ്പാണ് കാരണമെന്നാണ് സൂചന. തരൂരിനെ കൂടാതെ രാജ്മോഹന്‍ ഉണ്ണിത്താന്‍, എംകെ രാഘവന്‍, വികെ ശ്രീകണ്ഠന്‍, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവരും പങ്കെടുത്തില്ല.
വയനാട് എംപി പ്രിയങ്ക ഗാന്ധി അടക്കം 14 കോണ്‍ഗ്രസ് എംപിമാരാണ് കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചത്. ഇവരില്‍ പലരും കെപിസിസി പ്രസിഡന്റ് പദവിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും സ്വപ്നംകണ്ട് നടന്നവരാണ്. പാര്‍ട്ടിക്ക് പുതിയൊരു അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പോലും പങ്കെടുക്കാത്തതിന് കാരണമായി ന്യായീകരണങ്ങള്‍ നിരത്തിയാലൊന്നും ഹൈക്കമാന്‍ഡ് പൊറുക്കുമോ എന്ന് കണ്ടറിയണം.
Also Read: സോഷ്യൽ മീഡിയ കുന്തമുന കൂർപ്പിച്ച് സിപിഎമ്മും സർക്കാരും; തിരഞ്ഞെടുപ്പിലേക്ക് മാനംനോക്കി കോൺഗ്രസ്
അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചതില്‍ എ ഗ്രൂപ്പിനും ചില എംപിമാര്‍ക്കും അസ്വസ്ഥതയുണ്ട്. കുറെക്കാലമായി എ ഗ്രൂപ്പ് കൈവശംവച്ച കണ്‍വീനര്‍ സ്ഥാനം ഇപ്പോള്‍ ഗ്രൂപ്പില്ലാത്ത അടൂര്‍ പ്രകാശിന് നൽകിയതാണ് കാരണം. എ ഗ്രൂപ്പുകാരായിരുന്ന ബെന്നി ബഹനാനും എംഎം ഹസനും കൈവശം വെച്ചിരുന്ന പദവിയാണ് പ്രകാശിന് കിട്ടിയത്. തീരെ മെലിഞ്ഞുപോയ എ ഗ്രൂപ്പിന് ഇനിയൊരു കലാപമുണ്ടാക്കി സ്ഥാനങ്ങള്‍ പിടിച്ചെടുക്കാൻ ബാല്യമോ ആരോഗ്യമോ തീരെയില്ല എന്ന് തന്നെ പറയാം.
പുതിയ പ്രസിഡന്റിന് അഭിനന്ദനമോ, സഹകരണമോ പേരിന് പോലും വാഗ്ദാനം ചെയ്യാതെ അകന്നു നില്‍ക്കുന്ന മുതിര്‍ന്ന എംപിമാരെ അടുപ്പിക്കുന്നതാവും സണ്ണി ജോസഫിന്റെ ആദ്യ തലവേദന. തന്നെ പറഞ്ഞു പറ്റിച്ചുവെന്ന പരാതി ആന്റോ ആന്റണിക്കുണ്ട്. വെറുമൊരു കത്തോലിക്കനാക്കി ചിത്രീകരിച്ചതിൽ കെ സുധാകരനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചില കെപിസിസി ഭാരാവാഹികള്‍ക്ക് കൈയ്യുള്ളതായി ആന്റോയ്ക്ക് വിവരമുണ്ട്. ഇവരില്‍ ചിലരാണ് വെള്ളാപ്പള്ളി നടേശനെക്കൊണ്ട് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിപ്പിച്ചതെന്നും ആന്റോ വിശ്വസിക്കുന്നു.
പാര്‍ട്ടിയില്‍ തല്‍കാലം ചില മുഖം മിനുക്കല്‍ പ്രക്രിയകള്‍ നടന്നാലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള നേതാക്കളുടെ ആക്രാന്തങ്ങള്‍ക്ക് അറുതി ഉണ്ടാവില്ല എന്നാണ് ഇതുവരെയുള്ള പ്രതീതി. കഴിഞ്ഞ നേതൃത്വത്തിന്റെ കാലത്ത് സംസ്ഥാന വ്യാപകമായി പാര്‍ട്ടി നടത്തിയ ചലഞ്ചുകളുടെ പേരില്‍ പിരിച്ച തുക അടിച്ചുമാറ്റിയെന്ന പേരിൽ വെടിപൊട്ടിക്കാന്‍ ഒരുപറ്റം നേതാക്കള്‍ തോക്കുകള്‍ തേച്ചുമിനുക്കുന്നുണ്ട്. പാര്‍ട്ടി പിരിവിന്റെ കണക്കുകള്‍ പുറത്തുവിട്ട് പരമാവധി നാറ്റിക്കാനാണ് ഇവരുടെ തയാറെടുപ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here