ഗ്രൂപ്പ് ശക്തിക്ഷയം വന്ന ചെന്നിത്തലക്ക് പോരാടാൻ ശേഷിയില്ല; അബിന് വിനയായത് ഗോഡ്ഫാദറില്ലാത്തത്

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പദവി ഏറ്റെടുക്കാനില്ലെന്ന അബിൻ വർക്കിയുടെ തീരുമാനം ഐ ഗ്രൂപ്പിൻ്റെ തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു. നേതൃത്വവുമായി നേരിട്ട് ഏറ്റുമുട്ടാതെ, എന്നാൽ അതൃപ്തി പരസ്യമാക്കിയാണ് ഐ ഗ്രൂപ്പ് ഇപ്പോൾ പ്രതിരോധം തീർക്കുന്നത്. കേരളത്തിൽ തന്നെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന അബിൻ വർക്കിയുടെ അഭ്യർത്ഥനക്ക് പിന്നിൽ അടുത്ത നിയമസഭാ സീറ്റിൽ കണ്ണുണ്ടെന്നാണ് സൂചന.
പുതിയ അധ്യക്ഷൻ ആരാകണം എന്നതിൽ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും നേരത്തെ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. അബിൻ വർക്കിയെ സംസ്ഥാന നേതൃസ്ഥാനത്തേക്ക് എത്തിക്കാൻ ‘സ്വാഭാവിക നീതി’ എന്ന വാദവും ഗ്രൂപ്പ് ഉയർത്തി. എന്നാൽ, കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ല. അബിനെ സംസ്ഥാനത്തുനിന്ന് മാറ്റി ദേശീയ പദവിയിലേക്ക് നിയമിച്ചതോടെയാണ് കരുതലോടെ അതൃപ്തി പരസ്യമാക്കാൻ അബിൻ വർക്കിയും ഐ ഗ്രൂപ്പും തീരുമാനിച്ചത്.
കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യത്തിലൂടെ ദേശീയ സെക്രട്ടറി പദവി ഏറ്റെടുക്കില്ലെന്ന പരോക്ഷ സന്ദേശമാണ് അബിൻ വർക്കി നൽകുന്നത്. കേരളത്തിൽ നിന്ന് മാറിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കില്ലെന്ന ഭയം അബിനുണ്ട്. താൻ അടിമുടി പാർട്ടിയാണെന്ന് ആവർത്തിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം, സീറ്റിനായുള്ള അവകാശവാദം നേതൃത്വത്തിന് മുന്നിൽ വയ്ക്കാനുള്ള തന്ത്രമായി മാറുകയും ചെയ്തു.
ദേശീയ സെക്രട്ടറി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബിൻ വർക്കി കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അബിന് കേരളത്തിൽ ഇരുന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കാമല്ലോ എന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. കെ.സി. വേണുഗോപാൽ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്. അതു പോലെ പ്രവർത്തിക്കാം എന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടിയത് വ്യക്തമായ സൂചനയാണ്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്‌നങ്ങൾ വഷളാക്കാൻ ഐ ഗ്രൂപ്പ് ആഗ്രഹിക്കുന്നില്ല. അങ്ങനെ വന്നാൽ പാർട്ടിക്കുള്ളിലെ പിന്തുണ നഷ്ടമാകുമെന്ന് ഗ്രൂപ്പ് തിരിച്ചറിയുന്നു. മുമ്പ് ഐ വിഭാഗത്തിനൊപ്പമുണ്ടായിരുന്ന ഒ.ജെ. ജനീഷിനെ പ്രസിഡൻ്റാക്കിയതും ഗ്രൂപ്പിന് വലിയ തിരിച്ചടിയായി. കെ.സി. വേണുഗോപാൽ പക്ഷം കേരളത്തിൽ പിടിമുറുക്കുന്നതിൻ്റെ പ്രകടമായ ഉദാഹരണമായും ഐ ഗ്രൂപ്പ് ഇതിനെ കാണുന്നു.
രാഹുൽ ഗാന്ധി നടപ്പിലാക്കിയ തിരഞ്ഞെടുപ്പ് പ്രക്രിയ, സമുദായിക സമവാക്യത്തിൻ്റെ പേര് പറഞ്ഞ് അട്ടിമറിക്കപ്പെട്ടു എന്ന നിലപാടാണ് ഐ ഗ്രൂപ്പ് ഇപ്പോൾ ഉയർത്തുന്നത്. എന്നാൽ, ടി.സിദ്ദിഖിനായി ഉമ്മൻചാണ്ടി മുമ്പ് ഹൈക്കമാൻഡുമായി പോലും ഏറ്റുമുട്ടിയ തരത്തിലൊന്നും ഒരു പോരാട്ടത്തിനും കരുത്ത് നിലവിൽ ഐ ഗ്രൂപ്പിനില്ല. കൂടാതെ, ഇപ്പോഴത്തെ തീരുമാനത്തിൽ മാറ്റം വരുമെന്ന് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here