കോണ്‍ഗ്രസ് ജയിച്ചു, അഭിപ്രായം പറയാന്‍ സാമുദായ സംഘടനകൾ; മേയറായി ദീപ്തി പറ്റില്ലെന്ന് ലത്തീൻ സഭ

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മിന്നും വിജയം നേടിയതോടെ അഭിപ്രായം പറയാന്‍ രംഗത്ത് എത്തി മതസാമുദായിക സംഘടനകള്‍. തങ്ങളുടെ ആള്‍ക്കാരെ കസേരയിട്ട് ഇരുത്തണം എന്ന ആവശ്യവമാണ് ഇത്തരം സംഘടനകള്‍ ഉന്നയിക്കുന്നത്. സിപിഎം വിജയിക്കുമ്പോള്‍ അഭിപ്രായം പറയാതെ മിണ്ടാതിരിക്കുന്ന സംഘടനകളെല്ലാം കോണ്‍ഗ്രസ് ആയപ്പോള്‍ സജീവമാവുകയാണ്. തങ്ങളുടെ ആള്‍ക്കാരെ പരിഗണിക്കണം എന്ന് പരസ്യമായി വാര്‍ത്താ സമ്മേളനം നടത്തി ഉന്നയിക്കുകയാണ്. ഇവരെല്ലാം കഴിഞ്ഞ പത്തു വര്‍ഷമായി എവിടെ ആയിരുന്നു എന്ന ചോദ്യമാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്.
മിന്നും വിജയം നേടി പിടിച്ചെടുത്ത കൊച്ചി കോര്‍പ്പറേഷനിലാണ് മേയര്‍ സ്ഥാനത്തെ ചൊല്ലി ഏറെ ചര്‍ച്ചകള്‍ നടക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസ് വനിതാ സംവരണമായതിനാല്‍ മേയറാകും എന്ന് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഉയര്‍ന്നു കേട്ടതായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ അത് മാറി. ജില്ലയിലെ ചില നേതാക്കള്‍ക്ക് ഇതില്‍ എതിര്‍പ്പ് ഉയര്‍ത്തി. ഇതോടെ വികെ മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളും ചര്‍ച്ചയായി.
കോണ്‍ഗ്രസിനുള്ളില്‍ ഇങ്ങനെ ചര്‍ച്ചകള്‍ കെആഴുക്കുമ്പോള്‍ ലത്തീന്‍ സഭയും രംഗത്ത്് എത്തിയിരിക്കുകയാണ്. വിജയിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 18 പേരും തങ്ങളുടെ ആളുകളാണ് അതുകൊണ്ട് മേയര്‍ സ്ഥാനം ലത്തീന്‍ സമുദായത്തിന് നല്‍കണം എന്ന ആവശ്യമാണ് സഭയുടെ അല്മായ സംഘടനയായ കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ വാര്‍ത്താസമ്മേളനം നടത്തി ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നതില്‍ വികെ മിനിമോള്‍, ഷൈനി മാത്യു എന്നിവര്‍ ലത്തീന്‍ സഭാംഗങ്ങളാണ്. ദീപ്തിയാകട്ടെ മാര്‍ത്തോമ സഭാംഗവും.
സാമുദായിക സഭാംഗങ്ങളുടെ ഒരു തിട്ടൂരത്തിനും വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചിട്ടുളള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മേല്‍നോട്ടത്തിലാണ് കൊച്ചി കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇ്‌പ്പോള്‍ മേയര്‍ ചര്‍ച്ചകള്‍ നടക്കുന്നതും സതീശന്റെ നേതൃത്വത്തില്‍ തന്നെയാണ്. ജാതി നോക്കിയല്ല മേയറെ തീരുമാനിക്കുന്നത് എന്ന് കടുത്ത സ്വരത്തില്‍ സതീശന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലത്തീന്‍ സഭയെ രംഗത്ത് ഇറക്കിയതിന് പിന്നിലും കോണ്‍ഗ്രസിലെ ചില നേതാക്കളാണെന്നും വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here