കെ.സിയെ കരുതിയിരിക്കണം!! ഒന്നിച്ചു നിൽക്കേണ്ടി വരുമെന്ന് എ,ഐ ഗ്രൂപ്പുകൾ

കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കോണ്‍ഗ്രസ് ഭാരവാഹി പട്ടികയെ ചൊല്ലിയും പാര്‍ട്ടിയില്‍ പ്രതിഷേധം പുകയുന്നു. സ്ഥിരം മുഖങ്ങള്‍ക്ക് വീണ്ടും സ്ഥാനമാനങ്ങള്‍ നല്‍കിയതല്ലാതെ പുതുമുഖങ്ങളേയും പാര്‍ട്ടിക്കായി കഠിനപ്രയത്‌നം നടത്തിയവരേയും അവഗണിച്ചുവെന്ന പരാതിയാണ് ശക്തമാകുന്നത്. ഇന്നലെ വരെ കോണ്‍ഗ്രസിന്റെ ശക്തനായ വിമര്‍ശകനായിരുന്ന സന്ദീപ്‌വാര്യരെ പോലെയുള്ളവര്‍ക്ക് അനര്‍ഹമായ തരത്തില്‍ സ്ഥാനം നല്‍കിയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മാത്രമല്ല, ഇന്നലെ പുറത്തിറക്കിയ ജംബോപട്ടികയെചൊല്ലി എ, ഐ ഗ്രൂപ്പുകള്‍ക്കും കടുത്ത പ്രതിഷേധമുണ്ട്. ഒന്നിച്ചുനിന്ന് ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. അതിന്റെ ഭാഗമാണ് ഇന്നലെ ചാണ്ടി ഉമ്മന്‍ പരസ്യമായി തന്നെ രംഗത്ത് എത്തിയതും.

കെ.പി.സി.സി സെക്രട്ടറിമാരില്ലാതെ 77 പേരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. അതില്‍ തന്നെ സ്ഥിരമായി ഭാരവാഹികളായി തുടരുന്നവരാണ് കൂടുതലും. ബാക്കിയുള്ളവയില്‍ എം.എല്‍.എമാരെ കുടിയിരുത്തിയിട്ടുമുണ്ട്. വനിതാ പിന്നോക്ക പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പല തവണ കെ.പി.സി.സി നേതൃത്വം ആവര്‍ത്തിച്ചിട്ടുണ്ട് എങ്കിലും അതിലും വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്ന പരാതിയും ശക്തമാണ്.

ആറുപേരെ പുതുതായി രാഷ്ട്രീയകാര്യസമിതിയില്‍ ഉള്‍പ്പെടുത്തികൊണ്ടാണ് പുനഃസംഘടന നടത്തിയിരിക്കുന്നത്. 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന വേളയില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനത്തിനായി രൂപീകരിച്ച ഈ സമിതിയാണ് പിന്നീട് രാഷ്ട്രീയകാര്യസമിതിയായി മാറിയത്. കോണ്‍ഗ്രസിന്റെ ഭരണഘടന പ്രകാരം ഇത്തരം ഒരു സമിതി ഇല്ലെങ്കിലും പിന്നീട് അതിനെ കേരളത്തിലെ ഒരു നയരൂപീകരണ സമിതിയാക്കി മാറ്റുകയായിരുന്നു. പാര്‍ട്ടിയിലെ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയായി രൂപകല്‍പ്പന ചെയ്തിരുന്നതുകൊണ്ടു തന്നെ ഏറ്റവും പ്രമുഖരായ ഏതാനും നേതാക്കളെ മാത്രം ഉള്‍പ്പെടുത്തിയുള്ള ഒരു ചെറിയ സമിതിയായാണ് ഇതിന് തുടക്കം കുറിച്ചത്. എന്നാല്‍ പിന്നീട് അതും ഗ്രൂപ്പുവീതം വയ്ക്കലിന്റെ ഭാഗമായി മാറുകയും ഇപ്പോള്‍ ജംബോസമിതിയാക്കി, ഈ കമ്മിറ്റിയുടെ ലക്ഷ്യം തന്നെ ഇല്ലാതാകുകയും ചെയ്തെന്ന പരാതിയും ശക്തമായിരിക്കുകയാണ്.

ALSO READ : ‘സണ്ണി ഡെയ്‌സിന്’ പണി കൊടുത്ത് ഒരുപറ്റം എംപിമാര്‍; കൂടിയാലോചന ഇല്ലാതെ കെസി എല്ലാം കൈപ്പിടിയിൽ ഒതുക്കിയെന്ന് പരാതി

ഇതിനുപുറമെ 13 വൈസ് പ്രസിഡന്റുമാരെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. ഒരു വൈസ് പ്രസിഡന്റുമാത്രം ഉണ്ടായിരുന്നിടത്തു നിന്നാണ് അത് ഇപ്പോള്‍ 13ല്‍ എത്തിയിരിക്കുന്നത്. 58 ജനറല്‍ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊക്കെ തന്നെ പഴയ മുഖങ്ങള്‍ക്കാണ് മുന്‍ഗണന. പിന്നെ ഗ്രൂപ്പിന്റെ താല്‍പര്യം അനുസരിച്ച് കുറച്ചുപേരെക്കൂടി ഉള്‍പ്പെടുത്തി എങ്കിലും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടുന്നവരെ ഇക്കുറിയും അവഗണിച്ചുവെന്ന പരാതിയാണ് ആദ്യഘട്ടത്തില്‍ പലകോണുകളില്‍ നിന്നും പുറത്തുവരുന്നത്.

ഇന്നലെ പുറത്തിറക്കിയ പട്ടികയില്‍ ഗ്രൂപ്പുകളും അത്ര തൃപ്തരല്ല. പട്ടികയെക്കുറിച്ച് വിശദമായി പരിശോധിച്ചശേഷം പ്രതികരണമുണ്ടാകും എന്നാണ് എ, ഐ ഗ്രൂപ്പുവൃത്തങ്ങള്‍ പറയുന്നത്. തങ്ങളെ പൂര്‍ണ്ണമായി കേരളത്തില്‍ നിന്നും തുടച്ചുനീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇനിയുള്ള അവസരങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കണം എന്നുമാണ് ഇരു ഗ്രൂപ്പുകളുടെയും തീരുമാനം. ഇതിന്റെ ഭാഗമായി യോജിച്ച് മുന്നോട്ടുനീങ്ങാനും ഇരു ഗ്രൂപ്പുകളും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ നിലവില്‍ കേരളത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ശിഥിലമായ അവസ്ഥയിലാണ്. കെ.സി വേണുഗോപാല്‍ സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാകുകയും വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകുകയും ചെയ്തതോടെ ഐ ഗ്രൂപ്പിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായി. നേരത്തെ കെ.കരുണാകരന്റെ മരണത്തോടെ തന്നെ ഐ ഗ്രൂപ്പിന് പ്രസക്തിയില്ലാതായി. കെ.മുരളീധരനെ ഗ്രൂപ്പിന്റെ നേതൃത്വത്തിലേയ്ക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ കരുണാകരന്‍ ശ്രമം നടത്തിയെങ്കിലും പലപ്പോഴും സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തിനെ പാര്‍ട്ടിയില്‍ തന്നെ അപ്രസ്‌കതനാക്കി മാറ്റുകയായിരുന്നു. പിന്നീട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വേര്‍പിരിഞ്ഞുപോയവരെ ഒറ്റകുടക്കീഴില്‍ കൊണ്ടുവന്നുവെങ്കിലും അദ്ദേഹത്തിന് പ്രതിപക്ഷ നേതൃസ്ഥാനം കൂടി നഷ്ടമായതോടെ അതെല്ലാം പിരിഞ്ഞുപോയി. അവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും ഒപ്പമാണ്.

കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ കേഡര്‍ ഗ്രൂപ്പ് എന്ന് അവകാശപ്പെടാന്‍ കഴിയുന്നതായിരുന്നു എ ഗ്രൂപ്പ്. എ.കെ.ആന്റണിയുടെ പേരിലാണ് നിലനിന്നതെങ്കിലും ഉമ്മന്‍ചാണ്ടിയാണ് ഗ്രൂപ്പിനെ നയിച്ചതും വളര്‍ത്തി വലുതാക്കിയതും. ഒരു തീരുമാനം എടുത്താല്‍ കാസര്‍കോഡ് മുതല്‍ പാറശാലവരെ എണ്ണയിട്ട യന്ത്രം പോലെ അത് നടപ്പാക്കാന്‍ സജ്ജമായിരുന്നു എ ഗ്രൂപ്പ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി മോശമായതു മുതല്‍ അത് ദുര്‍ബലമാകാന്‍ തുടങ്ങുകയും അദ്ദേഹത്തിന്റെ മരണത്തോടെ അത് പൂര്‍ണ്ണമാകുകയും ചെയ്തു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ അദ്ദേഹം നല്‍കിയ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി രണ്ടുപേർ കെ.സി. വേണുഗോപാലിനൊപ്പം ചേക്കേറി. നേരത്തെ യു.ഡി.എഫ് കണ്‍വീനര്‍ ആയിരുന്നപ്പോള്‍ തന്നെ ബെന്നിബഹനാൻ ചാഞ്ചാട്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ആ ഗ്രൂപ്പിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. ഈ നിലയില്‍ പോയാല്‍ കേരളത്തിലെ പാര്‍ട്ടിയില്‍ തങ്ങള്‍ ഇല്ലാതാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഒപ്പം ഉള്ളവരെ കൂടെ നിര്‍ത്തികൊണ്ടും വിട്ടുപോയ പരമാവധി പേരെ ഒപ്പം എത്തിച്ചുകൊണ്ടും നിര്‍ണ്ണായക ശക്തിയായി മാറുകയാണ് ലക്ഷ്യം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അങ്ങനെ കരുത്ത് കൈവരിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കും നിലനില്‍പ്പുണ്ടാകില്ല എന്നാണ് അവരുടെ പക്ഷം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top