‘എകെ ആൻ്റണി ചതിയൻ, ആദർശം വെറും ആടയാഭരണം, കാര്യസാധ്യത്തിന് ആരെയും ഒറ്റുകൊടുക്കും’… കോൺഗ്രസ് നേതാവിൻ്റെ പുസ്തകം

ആദര്‍ശപുരുഷന്‍ എന്ന് കോണ്‍ഗ്രസുകാര്‍ ആഘോഷിക്കുന്ന എകെ ആന്റണിയുടെ ജീവിതം അടിമുടി കാപട്യവും ജനവിരുദ്ധതയും നിറഞ്ഞതാണെന്ന അതിരൂക്ഷ വിമര്‍ശനങ്ങളുമായി ഒരു പുസ്തകം. കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. കെ ഗോപിനാഥനാണ് തന്റെ ആത്മകഥയില്‍ എകെ ആന്റണിയെ തുറന്ന് കാണിക്കുന്നത്. അഡ്വ കെ ഗോപിനാഥന്റെ ‘ഞാന്‍, എന്റെ ജീവിതം’ എന്ന ആത്മകഥയുടെ പ്രകാശനം കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനാണ് നിര്‍വഹിച്ചത്. കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷുള്‍പ്പടെ നിരവധി കോണ്‍ഗ്രസ് നേതാക്കൾ ഈ ചടങ്ങില്‍ പങ്കെടുത്തു.
“സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ആരെയും ഒറ്റുകൊടുക്കാന്‍ മടിയില്ലാത്ത ഒരു ചതിയനായ മനുഷ്യനാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി. അധികാരത്തോട് വിരക്തിയും വിമുഖതയുമുള്ളയാള്‍ എന്ന പരിവേഷം കൊണ്ടു നടക്കുമ്പോഴും അധികാര സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഒരു മടിയും കാണിക്കാത്ത ആളാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ സമാനതകളില്ലാത്ത പദവികളിലിരുന്നിട്ടും ആര്‍ക്കുവേണ്ടിയും സ്ഥാനങ്ങള്‍ ഒഴിഞ്ഞു കൊടുക്കാത്ത അധികാര കൊതിയനാണ് അയാള്‍. സാധാരണ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി ഒരു ഉപകാരവും ചെയ്യത്തുമില്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കാറുമില്ല”, എന്നാണ് പുസ്തകത്തിലെ വിമര്‍ശനം. ലിവിഡസ് (Lividus) പബ്ളിക്കേഷ ൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.

94മത്തെ വയസിലും കരുനാഗപ്പള്ളിയിലെ പൊതുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഗോപിനാഥന്‍ സജീവമാണ്. എകെ ആന്റണി എന്ന കോണ്‍ഗ്രസ് നേതാവിനെ ഇത്രമേല്‍ തുറന്നു കാട്ടിയ മറ്റൊരു ഗ്രന്ഥമോ, ലേഖനങ്ങളോ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ആന്റണി ചതിയനും, മനുഷ്യത്വമില്ലാത്തവനും, അധികാരക്കൊതിയനും, സ്വന്തം കാര്യത്തിനു വേണ്ടി ആരെയും ഒറ്റുകൊടുക്കാന്‍ മടിയില്ലാത്തവനുമാണ് എന്നാണ് ‘എകെ ആന്റണിയുടെ ചതി’ എന്ന അധ്യായത്തില്‍ വിവരിച്ചിരിക്കുന്നത്. ഒരു മറയുമില്ലാതെ ആന്റണി എന്ന നേതാവിനെ പൊളിച്ചടുക്കുകയാണ് ഗോപി വക്കീല്‍.

പുസ്തകത്തിലുടനീളം കെ കരുണാകരന്റെ സ്വഭാവ വൈശിഷ്ട്യങ്ങളും ആന്റണിയുടെ സ്വഭാവത്തിലെ ഇരട്ടത്താപ്പുകളും അദ്ദേഹം താരതമ്യം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെഎസ്‌യുവിന്റെ സ്ഥാപക നേതാവാണെന്ന എകെ ആന്റണിയുടെ അവകാശവാദത്തെ ഗോപി വക്കീല്‍ ശക്തമായി ഖണ്ഡിക്കുന്നുണ്ട്. കെഎസ്‌യുവിന്റെ രൂപീകരണവുമായി ആന്റണിക്ക് ഒരു പങ്കുമില്ല എന്നാണ് ഈ ആത്മകഥയില്‍ വ്യക്തമാക്കുന്നത്. അത് പോലെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ വിഖ്യാതമായ ഒരണ സമരത്തിലും ആന്റണിക്ക് ഒരു പങ്കുമില്ല എന്നുമാണ് വക്കീലിന്റെ നിലപാട്.

“കെ കരുണാകരന്‍ എന്തെല്ലാമായിരുന്നോ, അതൊന്നുമായിരുന്നില്ല എ കെ ആന്റണി. രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണി. വിദ്യാര്‍ത്ഥികാലം മുതല്‍ അങ്ങനെയായിരുന്നു. കെഎസ്‌യു തുടങ്ങുമ്പോള്‍ ആന്റണി കോളജില്‍ പോലുമില്ല. എന്നാല്‍ അതിൻ്റെ സ്ഥാപക നേതാവായാണ് വിശേഷിക്കപ്പെടുന്നത്. 1957ല്‍ കെഎസ്‌യു തുടങ്ങുമ്പോൾ ജോര്‍ജ് തരകന്‍ പ്രസിഡന്റും വയലാര്‍ രവി എന്ന എംകെ രവീന്ദ്രന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്നു. ഈ യഥാര്‍ത്ഥ സ്ഥാപകരെയെല്ലാം തമസ്‌കരിച്ച് കെഎസ്‌യുവിന്റെ സ്ഥാപകനായി ആന്റണി വിരാജിക്കുന്നു”, ഗോപി വക്കീല്‍ എഴുതുന്നു.
“ഒരണ സമരത്തിലും ആന്റണിക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ലായിരുന്നു. എന്നിട്ടും അതിൻ്റെ നേതാവായും സ്ഥാപിക്കപ്പെട്ടു. കെഎസ്‌യുവിൻ്റെ തുടക്കത്തിൽ താന്‍ സ്ഥാനത്തെങ്ങും ഉണ്ടായിരുന്നില്ല എന്നോ ഒരണാ സമരത്തില്‍ പങ്കില്ലെന്നോ പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. പാർട്ടിയുടെ നേതൃസ്ഥാനത്ത് പതിറ്റാണ്ടുകള്‍, ഭരണതലത്തില്‍ പല പദവികള്‍, ഇതെല്ലാം തനിക്ക് ‘വിധികല്‍പ്പിതം’ ആണെന്ന ഭാവമാണ് അദ്ദേഹത്തിന്. ഉമ്മന്‍ ചാണ്ടിയും ആര്യാടനുമെല്ലാം ഗ്രൂപ്പുകളിച്ച് കരുണാകരന്‍ ഒതുക്കപ്പെടുമ്പോള്‍, തനിക്ക് ഗ്രൂപ്പില്ലെന്ന് ആന്റണി പ്രഖ്യാപിക്കും. എന്നാൽ പ്രഥമസ്ഥാനത്തേക്ക് ആനയിക്കപ്പെടുകയും ചെയ്യും”, അദ്ദേഹം വിവരിക്കുന്നു.

“എല്ലാക്കാലത്തും ഭാഗ്യം കൊണ്ടു മാത്രം അധികാരങ്ങളില്‍ പിടിച്ചുനിന്ന ആളാണ് ആന്റണി. മറ്റാരെക്കുറിച്ചും ചിന്തിക്കാതെ അവരെക്കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം കാര്യം മാത്രം നോക്കി നടന്നതു കൊണ്ട് ഇക്കാലെല്ലാം അദ്ദേഹം രാഷ്ടീയത്തില്‍ നിലനിന്നു. ഭാഗ്യം എന്നും അദ്ദേഹത്തോടൊപ്പം ആയിരുന്നു. ഉറച്ച നിലപാടുകളോ, ഒപ്പമുള്ളവരെ പ്രതിസന്ധിയില്‍ സഹായിക്കണമെന്ന ചിന്തയോ ഒന്നും അദ്ദേഹത്തെ അലട്ടിയിട്ടേ ഇല്ല. സഹായിക്കേണ്ടിടത്ത്, അര്‍ഹമായത് നിഷേധിക്കപ്പെടുമ്പോള്‍, താന്‍ കാരണം ഒരാള്‍ അകാരണമായി ക്രൂശിക്കപ്പെടുമ്പോള്‍, അതല്ല വസ്തുത എന്നു പറയാന്‍ സന്നദ്ധനല്ലെങ്കില്‍ പിന്നെ, എന്ത് പൊതുപ്രവര്‍ത്തനമാണ്”, ഗോപിനാഥന്‍ ചോദിക്കുന്നുണ്ട്.
ആന്റണി എല്ലാ അര്‍ത്ഥത്തിലും സ്വാര്‍ത്ഥനും സ്വന്തം ഇമേജില്‍ മാത്രം അഭിരമിക്കുന്നവനും ആണെന്ന കാര്യം ഈ അധ്യായത്തിലുടനീളം അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആദര്‍ശം ആന്റണിക്ക് എടുത്തണിയാനുള്ള വെറും ആടയാഭരണം മാത്രമാണെന്ന അതിരൂക്ഷമായ വിമര്‍ശനവും ഉയര്‍ത്തിയിട്ടുണ്ട്. ഈ ആദര്‍ശ ആഭരണം അദ്ദേഹത്തിനു മാത്രം ഗുണമുണ്ടാക്കുന്ന ഏര്‍പ്പാടാണ്. ഒട്ടും മയമില്ലാത്ത, മാര്‍ദ്ദവമില്ലാത്ത നിരീക്ഷണങ്ങളാണ് ആന്റണിയെന്ന കോണ്‍ഗ്രസ് നേതാവിനെ കുറിച്ചും ഭരണാധികാരിയെ കുറിച്ചും നടത്തിയിരിക്കുന്നത്. ചരിത്രം ആന്റണിയെ കുറ്റക്കാരനെന്ന് വിധിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് ആത്മകഥയിലുടനീളം ഗോപിനാഥന്‍ നല്‍കുന്നത്.

“കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന കരുണാകരന്റേയും ഉമ്മന്‍ചാണ്ടിയുടേയും വീട്ടില്‍ ഏത് കോണ്‍ഗ്രസുകാരനും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. പക്ഷേ ആന്റണിയുടെ വീട്ടില്‍ അതിന് അനുവാദമുണ്ടായിരുന്നില്ല. ആരും അങ്ങോട്ട് പോകാന്‍ തയ്യാറായിട്ടുമില്ല.” കോണ്‍ഗ്രസുകാരൻ എന്ന നിലയിൽ അല്ല, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയിലും തനിക്ക് കെ കരുണാകരനില്‍ നിന്ന് ഊഷ്മളമായ അനുഭവങ്ങളും ശക്തമായ പിന്തുണയുമാണ് ലഭിച്ചത്. എന്നാല്‍ ആന്റണിയില്‍ നിന്ന് തിക്താനുഭവങ്ങളും നിസ്സഹകരണവും ചതിയും മാത്രമാണ് ഉണ്ടായത്. ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ശിവഗിരിയിലെ പോലീസ് നടപടികളും ഗോപിനാഥന്‍ ഓര്‍മിപ്പിക്കുന്നു. കരുണാകരനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇത്തരമൊരു അനിഷ്ട സംഭവം ഉണ്ടാവില്ലെന്നും ഗോപിനാഥന്‍ പറയുന്നുണ്ട്.
“ശിവഗിരിയിലെ സന്യാസിമാര്‍ തമ്മിലുണ്ടായ അധികാരത്തര്‍ക്കങ്ങളും തുടര്‍ന്നുണ്ടായ കോടതി വിധിയുമാണ് 1995ലെ പോലീസ് നടപടിയിലേക്ക് നയിച്ചത്. നിരവധി സന്യാസിമാര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. യാതൊരു ആലോചനയുമില്ലാതെ ആന്റണി ഒറ്റക്കെടുത്ത തീരുമാനമായിരുന്നു അത്. ഏതൊരു സാഹചര്യത്തിലും ശിവഗിരിയില്‍ പോലീസ് നടപടി ഉണ്ടാവരുതെന്ന എസ്എന്‍ഡിപി യോഗം കൗണ്‍സിലിന്റെ തീരുമാനവും അവഗണിച്ചാണ് ആന്റണി പോലീസിന് അനുമതി നല്‍കിയത്. അതിനുശേഷം ഡല്‍ഹിക്ക് മുങ്ങി. വിവേകരഹിതമായ ഈ നടപടിയില്‍ കോണ്‍ഗ്രസിന് വലിയവില കൊടുക്കേണ്ടി വന്നു. എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അനുമതിയോടെയാണ് ആന്റണി ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു”. അതില്‍ ഒരുതരി പോലും സത്യമില്ലെന്നാണ് ഗോപി വക്കീലിന്റെ പക്ഷം.

ആന്റണി തന്നോടും ഈഴവ സമുദായത്തോടും ചെയ്ത ഒരു കൊടുംചതിയെക്കുറിച്ച് വേദനയോടെ ഗോപിനാഥൻ വിവരിക്കുന്നുണ്ട്. “ഒരു കൊടുംപാതകം എ കെ ആന്റണിയില്‍ നിന്നുണ്ടായി, സമുദായ നേതാക്കന്‍മാര്‍ എന്നു പറയുന്നവര്‍ വന്ന് സ്വന്തം കാര്യം നടത്തികൊണ്ടുപോവുകയാണ് ചെയ്യുന്നത്. അവര്‍ സമുദായ കാര്യമൊന്നും പറയാറില്ല, എന്ന പത്ര പ്രസ്താവനയുടെ രൂപത്തിലായിരുന്നു അത്. നേതാവില്ലാത്ത സമുദായം എന്ന പ്രയോഗവും നടത്തി. ശിവഗിരി സംഭവവും അതിനെതിരായ ജനവികാരവും ശക്തമായി നില്‍ക്കെ, മുഖ്യമന്ത്രി നടത്തിയ ഈ പ്രസ്താവന എസ്എന്‍ഡിപി യോഗ നേതാക്കളായ എന്നേയും ഡോ കെകെ രാഹുലനേയും ഉദ്ദേശിച്ചാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. തുടര്‍ന്ന് ഞങ്ങള്‍ക്കെതിരെ, വ്യാപകമായ പ്രചരണവും നടന്നു”.
മുഖ്യമന്ത്രിയില്‍ നിന്ന് തങ്ങളെന്തോ സ്വകാര്യമായ നേട്ടങ്ങള്‍ നേടിയെടുത്തുവെന്ന പ്രചരണമുണ്ടായത് വലിയ നാണക്കേടും തിരിച്ചടിയുമായെന്നാണ് ആത്മകഥയില്‍ പറയുന്നത്. ആന്റണിയുടെ നിരുത്തരവാദപരമായ ഈ പ്രസ്തവനയിലൂടെ താനും ഡോ.രാഹുലനും അത്രമേല്‍ അപമാനിക്കപ്പെട്ടു എന്നാണ് ആത്മനിന്ദയോടെ രേഖപ്പെടുത്തിയിരിക്കുന്നത്. ആന്റണിയുടെ നിരുത്തരവാദപരമായ പ്രസ്താവന തന്റെ പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും വലിയ ആഘാതം സൃഷ്ടിച്ചുവെന്ന് ഗോപിനാഥന്‍ ജീവിത കഥയില്‍ വിശദമായി പറയുന്നു. അതീവ ഹൃദയവേദനയോടെ അദ്ദേഹം ആ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്.

“മുഖ്യമന്ത്രി ആന്റണിയില്‍ നിന്ന്, എന്തോ സ്വകാര്യ നേട്ടത്തിനായി, ഞങ്ങള്‍ ശിവഗിരിയിലെ പോലീസ് നടപടിയെ അനുകൂലിച്ചു എന്ന് ചിത്രീകരിക്കപ്പെട്ടു. സത്യവുമായി ഒരു പുലബന്ധം പോലുമില്ലെങ്കിലും അത്തരമൊരു സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എന്നെ ഉദ്ദേശിച്ചാണെന്ന് ആരെങ്കിലും ധരിച്ചാല്‍ അതിന് കുറ്റം പറയാനുമാവില്ല. ഈ പ്രസ്താവന വന്നതോടെ, എതിര്‍പ്പ് കൂടുതല്‍ ശക്തമായി. പുറത്തിറങ്ങാന്‍ തന്നെ ഭയപ്പെടുന്ന അവസ്ഥയിലായി കാര്യങ്ങള്‍. ആലപ്പുഴയില്‍ കെആര്‍ ഗൗരിയമ്മ സംഘടിപ്പിക്കുന്ന ഒരു പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഗൗരിയമ്മ വിളിച്ചിട്ട് എങ്ങനെ പോകാതിരിക്കും എന്ന ചിന്തയില്‍ പതിവു കാറില്‍ പോകാതെ ഒരു ജീപ്പില്‍ ആലപ്പുഴയിലെത്തി”.
“അവിടെയെത്തിയപ്പോള്‍, ഗൗരിയമ്മയുടെ ചോദ്യം ‘താന്‍ എന്തു പരിപാടിയാ കാണിച്ചേ, എങ്ങനെയാണ് വന്നത്?’ -ജീപ്പിലാണ് വന്നതെന്ന് മറുപടി പറഞ്ഞു. ‘ഏതായാലും താന്‍ ഇനി ഇവിടെ നില്‍ക്കണ്ട, ഈ പുറകില്‍ കൂടി ഇറങ്ങിക്കോ, ജീപ്പ് ഇവിടെ വരും. ഉടന്‍ സ്ഥലം വിട്ടോ…’ എന്ന് പറഞ്ഞു. അന്നത്തെ എന്റെ അവസ്ഥ ഇതായിരുന്നു. അതിനു കാരണം ആന്റണിയുടെ പ്രസ്താവനയും. ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്ന് തോന്നിയപ്പോള്‍ തിരുവനന്തപുരത്ത് എത്തി ആര്യാടന്‍ മുഹമ്മദിനെ കണ്ടു. ആന്റണിയുടെ പ്രസ്താവന വരുത്തിവച്ച പൊല്ലാപ്പ് വിവരിച്ചു. അങ്ങനെ പറഞ്ഞുവല്ലേ, മര്യാദകേടല്ലേ കാണിച്ചത്-ആര്യാടന്‍ പറഞ്ഞു. എനിക്ക് ഒരാവശ്യമേ ഉള്ളു, ഞാന്‍ സ്വന്തം കാര്യം നേടാന്‍ ആന്റണിയുടെ അടുത്തു ചെന്നിട്ടുണ്ടോ. ഉണ്ടെങ്കില്‍ അത് പറയണം. അതല്ലെങ്കില്‍ ഈ പ്രസ്താവന എന്നെക്കുറിച്ചല്ല എന്നു പറയണം -ഞാന്‍ പറഞ്ഞു. നമുക്ക് ആന്റണിയെ പോയി കാണാം ഉമ്മന്‍ചാണ്ടിയെക്കൂടി വിളിക്കാം-എന്ന് ആര്യാടന്‍ പറഞ്ഞു”.
“എന്നും എപ്പോഴും അവസാനം വരെയും ജനങ്ങളോടും പ്രവര്‍ത്തകരോടും ഒപ്പം നിന്നിരുന്ന നേതാക്കളാണ് ആര്യാടനും ഉമ്മന്‍ചാണ്ടിയും. ഞാന്‍ കരുണാകര പക്ഷപാതിയും അവര്‍ ആന്റണി പക്ഷക്കാരുമായിരുന്നു എങ്കിലും അങ്ങേയറ്റം അടുപ്പം ഞങ്ങള്‍ പുലര്‍ത്തിയിരുന്നു. നേതാക്കള്‍ എങ്ങനെയാവണം എന്നതിന്റെ ഉദാഹരണങ്ങളായിരുന്നു ഇരുവരും. ഏത് പ്രതിസന്ധിയിലും ഒപ്പം നില്‍ക്കുന്നവരാണ് നേതാക്കള്‍. കരുണാകരനെപ്പോലെ ഉമ്മന്‍ചാണ്ടിയും ആര്യാടനും യഥാര്‍ഥ നേതാക്കളായിരുന്നു. അതുകൊണ്ടാണ് അവരെയെല്ലാം ജനം ഹൃദയത്തിലേറ്റിയത്. കരുണാകരനും ഉമ്മന്‍ചാണ്ടിയും ആര്യാടനും വിടപറഞ്ഞപ്പോള്‍, എത്ര സ്‌നേഹവായ്‌പോടെയാണ് ജനം അവരെ യാത്രയാക്കിയതെന്ന് നമ്മള്‍ കണ്ടതല്ലേ?”
“അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കൂടി എ.കെ ആന്റണിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടു. രാത്രി സമയത്താണ്. ആര്യാടന്‍ മുഹമ്മദാണ് തുടങ്ങിയത്. ദേ, നില്‍ക്കുന്നു ഗോപി വക്കീല്‍, അറിയുമോ? പിന്നെ, എനിക്കറിയാം. കെഎസ്‌യു കാലം മുതല്‍ അറിയുന്നയാളല്ലേ.. എന്ന് ആന്റണിയുടെ മറുപടി. തുടര്‍ന്ന് ആര്യാടന്‍ ചോദിച്ചു. എന്ത് പണിയാ കാണിച്ചത്, വക്കീല്‍ യോഗം ജനറല്‍ സെക്രട്ടറിയാണെന് അറിയാമല്ലോ?’ വക്കീലും യോഗനേതാക്കളും സംയമനം പാലിച്ചതു കൊണ്ടാണ് കേരളം കത്താതിരുന്നത് എന്നും ആര്യാടന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും അതിനോട് യോജിച്ചു. അപ്പോള്‍, ഞാന്‍ എന്തു കാണിച്ചെന്നാ, ഞാന്‍ ഒന്നും കാണിച്ചിട്ടില്ല-എന്ന് ആന്റണി.”
“സമുദായ നേതാക്കന്‍മാര്‍ എന്നു പറയുന്നവര്‍ വന്ന് സ്വന്തം കാര്യം നടത്തിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. അവര്‍ സമുദായകാര്യമൊന്നും പറയാറില്ല എന്ന് നിങ്ങള്‍ പത്രക്കാരോട് പറഞ്ഞില്ലേ എന്ന് ആര്യാടന്‍ചോദിച്ചു. അപ്പോള്‍ എയ് ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് ആന്റണിയുടെ മറുപടി. എന്നാല്‍, പ്രശ്‌നം തീര്‍ന്നു. അതങ്ങ് തിരുത്തിയേര്, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പത്രക്കാരോട് പറഞ്ഞേര്, എങ്കില്‍ വക്കീല്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ മൂപ്പര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല. അപ്പോഴാണ് യഥാര്‍ത്ഥ ആന്റണി പുറത്തുവന്നത്. അതൊന്നും പറ്റില്ല. ഞാന്‍ എന്തിനാ പത്രക്കാരുമായി വഴക്കിട്ട് ശത്രുത വാങ്ങിവെക്കുന്നത്. ഇതായിരുന്നു ആദര്‍ശധീരനായ ആന്റണിയുടെ മറുപടി.”

“ഇതിനെ, ചതി, കൊടും ചതി എന്നല്ലാതെ എന്ത് പേരിട്ടാണ് വിശേഷിപ്പിക്കുക. സ്വയം രക്ഷപ്പെടാന്‍ പറഞ്ഞ ഒരു കള്ളം മറ്റൊരാളുടെ ജീവന് തന്നെ ഭീഷണിയായി മാറിയപ്പോഴും അത് തിരുത്താന്‍ തയാറാവാത്തതാണോ ആദര്‍ശം? പിന്നേയും ആര്യാടനും ഉമ്മന്‍ചാണ്ടിയും പലതും പറഞ്ഞു. ഒന്നും മിണ്ടാതെ, മൗനിയായി, പതിവു രക്ഷപ്പെടല്‍ തന്ത്രവുമായി ആന്റണി ഇരുന്നു. ഒടുവില്‍, വാ, വക്കീലേ, നമ്മള്‍ക്കു പോകാം. ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല. എന്ന് ആര്യാടന്‍ പറഞ്ഞു. ഞങ്ങള്‍ മൂന്നുപേരും കൂടി തിരികെ പോന്നു. ഇതാണ് എ.കെ ആന്റണി.“
സ്വന്തം കാര്യത്തിനു വേണ്ടി, ആരെയും തിരസ്‌ക്കരിക്കാന്‍, തയ്യാറാവുന്ന ഒരു മനുഷ്യന്‍. അതിനുശേഷം ഇന്നുവരെ ആന്റണിയെ ഞാന്‍ കണ്ടിട്ടില്ല. ഒരിക്കലും കാണരുതേയെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരേ ഒരാള്‍ ഈ ഭൂമുഖത്ത് ഉണ്ടെങ്കില്‍ അത് എകെ ആന്റണിയാണ്. ഞാന്‍, എന്റെ വ്യക്തിപരമായ എന്തെങ്കിലും ആവശ്യത്തിന് സമീപിച്ചിട്ടുണ്ടോയെന്ന് പറയാന്‍ ആന്റണിയെ വെല്ലുവിളിക്കാനുള്ള ആത്മധൈര്യം ഈ 93-ാം വയസ്സിലും എനിക്കുണ്ട്. ഉണ്ടെങ്കില്‍ അദ്ദേഹം പറയട്ടെ.”
“ഈ സംഭവം നടന്നിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. എങ്കിലും അന്നത്തെ സംഭവങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവ ഞാന്‍ ഇന്നത്തേതുപോലെ ഓര്‍ക്കുന്നു. എന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ച, ഇന്നും വേദനിപ്പിക്കുന്ന ഒരു സംഭവം എന്നതു കൊണ്ടാണ് അത്. ആരോടും പറയാതിരുന്ന ഈ അനുഭവം ഉമ്മന്‍ചാണ്ടി മരിച്ചശേഷം കായംകുളത്ത് നടന്ന ഒരു അനുസ്മരണ യോഗത്തില്‍ ഉമ്മന്‍ചാണ്ടിയേയും ആന്റണിയേയും താരതമ്യം ചെയ്ത് ഞാന്‍ പരസ്യമായി പറഞ്ഞു. യോഗം കഴിഞ്ഞപ്പോള്‍ അതില്‍ പങ്കെടുത്തിരുന്ന എംഎം ഹസന്‍ ഇതു വേണമായിരുന്നോ, കാലം ഒത്തിരി കഴിഞ്ഞില്ലേ’ എന്ന് ചോദിച്ചു. അതിന് ഞാന്‍ മറുപടിയും നല്‍കി’ എന്ന് പുസ്തകത്തില്‍ ഗോപി വക്കീല്‍ എഴുതി.”
എകെ ആന്റണി എന്ന നേതാവിന്റെ മുഖംമൂടിയാണ് അഡ്വ. കെ ഗോപിനാഥന്‍ വലിച്ചു കീറിയത്. ഗോപി വക്കീല്‍ വെളിപ്പെടുത്തിയ സത്യങ്ങളോട് ആന്റണി പ്രതികരിക്കുമോ എന്ന് കണ്ടറിയണം. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മൗന വാല്മീകത്തില്‍ ഒളിക്കുന്ന പതിവ് സ്വഭാവം കാണിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ആയുസിന്റെ സായംസന്ധ്യയിലെത്തി നില്‍ക്കുന്ന ആന്റണി എന്ന ‘ആദര്‍ശധീരന്‍’ ഗോപി വക്കീലിനോട് പ്രതികരിച്ചാല്‍ വലിയൊരു വിവാദത്തിന് തന്നെ വഴിതെളിച്ചേക്കാം. എ കെ ആന്റണിയെന്ന ആദര്‍ശ വിഗ്രഹത്തെ ഗോപിനാഥന്‍ എന്ന കോണ്‍ഗ്രസുകാരന്‍ എറിഞ്ഞുടച്ചിരിക്കയാണ് എന്നുതന്നെ പറയാം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഗോപിനാഥന്‍ പൊതുജീവിതത്തിലേക്ക് ഇറങ്ങിയത്. ദേവികുളങ്ങര പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. 21 വര്‍ഷം തുടര്‍ച്ചയായി ആ പദവിയില്‍ തുടര്‍ന്നു. പുതുപ്പള്ളി വില്ലേജ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി 54 വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചു. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഭേദിക്കാനാവാത്ത റെക്കോര്‍ഡാണിത്. 1987 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കായങ്കുളത്തു നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ എംആര്‍ ഗോപാലകൃഷ്ണനോട് 7680 വോട്ടിന് പരാജയപ്പെട്ടു. കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസ് രാഷ്ടീയത്തില്‍ ഇന്നും അദ്ദേഹം സജീവമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here