പിടി ചാക്കോ മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വരെ; സ്ത്രീവിഷയത്തിൽ ഉള്‍പ്പെട്ട കോണ്‍ഗ്രസുകാര്‍ നിരവധി; ഞെട്ടിക്കും ആ പേരുകള്‍

സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ എക്കാലത്തേയും തലയെടുപ്പുള്ള നേതാവായിരുന്നു പിടി ചാക്കോ. 34-മത്തെ വയസ്സില്‍ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സമിതിയില്‍ അംഗമായി ദേശീയ രാഷ്ട്രീയത്തിലടക്കം കുതിച്ചുയര്‍ന്ന നേതാവായിരുന്നു ചാക്കോ. കേരളം രൂപീകരിച്ച ശേഷം നിലവില്‍വന്ന ആദ്യ കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവും പിന്നീട് ആഭ്യന്തര മന്ത്രിയുമായ അദ്ദേഹത്തിന്റെ രാഷ്ടീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് ഒരു സ്ത്രീയെ കാറില്‍ കയറ്റി കൊണ്ടുപോയെന്ന പേരിലുണ്ടായ വിവാദമാണ്.

അസാധാരണമായ സംഘടനാ മികവും ആകാരഭംഗിയും ഘനഗംഭീരമായ ശബ്ദവും അഴിമതി രഹിത ജീവിതവും മികച്ച ഭരണാധികാരിയെന്ന പെരുമയും ആളുകളെ പിടിച്ചുകുലുക്കുന്ന പ്രസംഗശൈലിയും ഒക്കെ കൈമുതലായി ഉണ്ടായിരുന്ന പിടി ചാക്കോ എന്ന കോണ്‍ഗ്രസ് നേതാവിനെ സ്വന്തം പാര്‍ട്ടിക്കാരും എതിരാളികളും ചേര്‍ന്ന് വാരിക്കുഴിയില്‍ വീഴ്ത്തിയത് സ്ത്രീവിഷയത്തിലാണ്. 1963 ഡിസംബര്‍ എട്ടിന് പിടി ചാക്കോ ഓടിച്ചിരുന്ന ഔദ്യോഗിക കാര്‍, തൃശ്ശൂരിനടുത്തു വച്ച് ഒരു ഉന്തുവണ്ടിയില്‍ ചെന്നിടിച്ച് അത് തളളിയയാള്‍ അടുത്തൊരു ഓടയിലേക്ക് തെറിച്ചുവീണു. പക്ഷേ കാര്‍ നിര്‍ത്താതെ പോയി.
കാര്‍ ഓടിച്ചിരുന്നതു മന്ത്രി തന്നെയായിരുന്നുവെന്നും മന്ത്രിക്കൊപ്പം കാറില്‍ കറുത്തകണ്ണടവച്ച ഒരു സ്ത്രീ ഉണ്ടായിരുന്നതായും ദൃസാക്ഷികളില്‍ ചിലര്‍ പറഞ്ഞു. അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും ആരോപണമുയര്‍ന്നു.ചാക്കോയുടെ കടുത്ത വിമര്‍ശകനായ ഫാദര്‍ വടക്കന്റ ‘തൊഴിലാളി’ ദിനപത്രത്തില്‍ നിറംപിടിപ്പിച്ച കഥകള്‍ വന്നു. കൂടെയുണ്ടായിരുന്നത് പാര്‍ട്ടി പ്രവര്‍ത്തകയാണെന്ന് ചാക്കോ പറഞ്ഞു. താനായിരുന്നു ആ സ്ത്രീയെന്ന് പാർട്ടിക്കാരിയായ പത്മം എസ് മോനോന്‍ വെളിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ആരോപണങ്ങള്‍ കത്തിപ്പടര്‍ന്നതോടെ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.
പിടി ചാക്കോ എന്ന നേതാവിന്റെ ജീവിതം ഈ വിവാദത്തോടെ എരിഞ്ഞടങ്ങി. 1964 ആഗസ്റ്റ് ഒന്നിന്, താന്‍ വാദിച്ചിരുന്ന ഒരു കൊലക്കേസ് സംബന്ധിച്ച് സംഭവ സ്ഥലം സന്ദര്‍ശിക്കുവാനായി പോയ ചാക്കോ, കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് തൊട്ടില്‍പാലം കാവിലുംപാറയിൽ ഒരു കടത്തിണ്ണയില്‍ ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു. ഇതില്‍ തുടങ്ങുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ സ്ത്രീ ആരോപണങ്ങള്‍.

1995- 96ലെ എകെ ആന്റണിയുടെ മന്ത്രിസഭയുടെ കാലത്ത് മന്ത്രിമാരായിരുന്ന ജി കാര്‍ത്തികേയനും കടവൂര്‍ ശിവദാസനുമെതിരെ ഒരു സ്ത്രീപീഡന പരാതി ഉന്നയിച്ച് ചില കത്തുകള്‍ പ്രചരിപ്പിച്ചിരുന്നു. കാര്യമായ സ്വീകാര്യത ലഭിച്ചില്ലെങ്കിലും മന്ത്രിമാരെ ഈ കത്ത് വല്ലാതെ പ്രതിരോധത്തിലാക്കി. ഏതാണ്ട് ഇതേ കാലത്തായിരുന്നു കോണ്‍ഗ്രസ് എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന പ്രൊഫ പിജെ കുര്യന്റെ പേര് സൂര്യനെല്ലി പീഡനക്കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്. മൂന്ന് ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ പിജെ കുര്യന് ഈ കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും അദ്ദേഹത്തെ കുടുക്കാന്‍ കഴിയുന്ന ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ട് പോലീസ് അന്വേഷണവും നടന്നത് ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു. കോടതികള്‍ പോലും കുര്യനെ വെറുതെ വിട്ടിട്ടും ഇന്നും പാർട്ടിക്കാരടക്കം ശത്രുക്കള്‍ ഈ ആരോപണം ആയുധമാക്കാന്‍ ശ്രമിക്കാറുണ്ട്.

ഉമ്മന്‍ചാണ്ടിക്കെതിരെ രണ്ട് തവണയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നത്. ഒരു സ്ത്രീയുമായി ട്രെയിനില്‍ യാത്ര ചെയ്തു എന്നായിരുന്നു ആദ്യ ആരോപണം. എന്നാല്‍ അത് താനാണെന്ന് ഭാര്യ മറിയാമ്മ പറഞ്ഞതോടെ ആ വിവാദം കെട്ടടങ്ങി. പിന്നീട് വന്നത് സോളാര്‍ വിവാദ കാലത്തെ ആരോപണങ്ങളായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇരയായ സ്ത്രീ പീഡന പരാതി ഉന്നയിച്ചു. എപി അനില്‍ കുമാര്‍, കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അബ്ദുള്ളക്കുട്ടി തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസു നേതാക്കള്‍ പ്രതിസ്ഥാനത്ത് വന്നു. സിബിഐ അന്വേഷണമടക്കം ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കു ശേഷം ഇവര്‍ കുറ്റവിമുക്തരായി. പക്ഷേ ഈ സംഭവം സൃഷ്ടിച്ച നാണക്കേടില്‍ നിന്ന് പാര്‍ട്ടിയും നേതാക്കളും ഇന്നും മുക്തമായിട്ടില്ല.

2020ല്‍ മഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ, ഒരു വനിതാ പ്രവര്‍ത്തകയ്‌ക്കൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അനാശാസ്യം ആരോപിച്ച് വീട് വളഞ്ഞ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോടതി ഈ കേസില്‍ എഫ്‌ഐആര്‍ ഉള്‍പ്പെടെ റദ്ദാക്കി ഉണ്ണിത്താനെ കുറ്റവിമുക്തമാക്കി. നിലവിലെ നിയമസഭയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പീഡനക്കേസുകളില്‍ പ്രതികളാണ്.

കോവളം എംഎല്‍എ എം വിന്‍സെന്റും പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുമാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍. കേസുമായി ബന്ധപ്പെട്ട് വിന്‍സെന്റ് ഒരു മാസത്തില്‍ അധികം ജയിലില്‍ കിടന്നിരുന്നു. എല്‍ദോസ് ജാമ്യത്തിന്റെ ബലത്തിലാണ് പുറത്ത് ഇറങ്ങിനടക്കുന്നത്. ഏറ്റവും ഒടുവില്‍ ഇപ്പോഴിതാ, രാഷ്ട്രീയത്തില്‍ ഒരുപാട് പ്രതീക്ഷകളുയര്‍ത്തിയ യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം കുഴിച്ച കുഴിയില്‍ വീണിരിക്കുന്നു. വലിയൊരു രാഷ്ട്രിയ കരിയർ മുന്നിലുണ്ടായിരുന്ന രാഹുലിൻ്റെ കാര്യത്തിൽ ഇനിയെന്ത് എന്നത് ചോദ്യചിഹ്നമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here