രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതി നല്‍കാന്‍ വൈകിയത് ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; ഒറ്റയാനായി രാജ് മോഹന്‍ ഉണ്ണിത്താന്‍

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ അതിജീവിത പരാതി നല്‍കാന്‍ വൈകിയത് ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. രാഹുലിനെ ഒരു തരത്തിലും ന്യായീകരിക്കാതെയാണ് അതിജീവിതയെ സംശയ നിഴലില്‍ നിര്‍ത്തിയുള്ള പ്രതികരണങ്ങള്‍. ഇരയ്‌ക്കൊപ്പം എന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുണ്ട്. ആരോപണം ഉയര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പരാതി നല്‍കിയതിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമര്‍ഷം. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിലും ചിലര്‍ സംശയം പ്രകടപ്പിക്കുന്നുണ്ട്.
ഇന്നലെ തന്നെ കള്ളക്കേസാണ് എന്ന രീതിയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചിരുന്നു. എന്നാല്‍ യുവതിയുടെ മൊഴികള്‍ കൂടി പുറത്തുവന്നതോടെ കള്ളക്കേസ് എന്ന് പറയുന്നത് നേതാക്കള്‍ നിര്‍ത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ പ്രചരണത്തി് വേണ്ടി അതിജീവതയെ സമ്മര്‍ദ്ദപ്പെടുത്തിയിട്ടുണ്ടാകും എന്നാണ് എംഎം ഹസന്‍ പറയുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതേ നിലപാടിലാണ്. കെ മുരളീധരനും രമേശ് ചെന്നിത്തലയും പഴയ നിലപാട് തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ് ചെയ്തത്. നിയപരമായി തന്നെ മുന്നോട്ടു പോകട്ടെ രാഹുലിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്ന് തറപ്പിച്ചു പറഞ്ഞു. യുവതി ഒരു പരാതിയുമായി കോണ്‍ഗ്രസിനെ സമീപിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഇങ്ങനെ രാഹുലിനെ ന്യായീകരിക്കാതെ അതിജീവിതയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുമ്പോള്‍ കൃത്യമായ പ്രതികരണം നടത്തി പാര്‍ട്ടിയില്‍ ഒറ്റയാന്‍ ആകുകയാണ് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയതാണ് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അഭിപ്രായം. കോണ്‍ഗ്രസ് നടപടി എടുത്തിട്ടും രാഹുല്‍ പാര്‍ട്ടിയെയും ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു. പി ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ ആക്രമിച്ചു. ഇരയെ പുറത്ത് എത്തിച്ചത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണ്. നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും. അത് കെ സുധാകരനും ഓര്‍ക്കണം. സുധാകരന്‍ വാക്ക് മാറ്റി പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here