സതീശനെ പിന്തുണക്കാൻ ആർക്കും ധൈര്യമില്ല; സാമുദായനേതാക്കളുടെ അധിക്ഷേപത്തിൽ ഉരുണ്ടുകളിച്ച് നേതാക്കൾ

സാമുദായനേതാക്കളുമായി ഉണ്ടായ പ്രശ്നങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണക്കാൻ കോൺഗ്രസിൽ ആരുമില്ല. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും പ്രതിപക്ഷ നേതാവിനെതിരെ പരസ്യമായ അധിക്ഷേപങ്ങളും വിമർശനങ്ങളും ഉന്നയിച്ചിട്ടും പാർട്ടിയിലെ പ്രമുഖ നേതാക്കൾ മൗനം പാലിക്കുകയോ, പ്രതികരിക്കാൻ വിമുഖത കാണിക്കുകയോ ചെയ്യുന്നത് പാർട്ടിയിലെ ഭിന്നത വീണ്ടും ചർച്ചയാക്കുന്നു.
പ്രതിപക്ഷ നേതാവിനെതിരെയുള്ള അധിക്ഷേപങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുതിർന്ന നേതാക്കളായ കൊടിക്കുന്നിൽ സുരേഷും അടൂർ പ്രകാശും കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന ഒഴുക്കൻ മറുപടിയാണ് യുഡിഎഫ് കൺവീനർ നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ വിവാദങ്ങൾക്കില്ല എന്നുമാണ് പലരുടെയും പരസ്യനിലപാട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ മേധാവിത്വം ഉറപ്പിക്കാൻ പലരും നീക്കങ്ങൾ സജീവമാക്കുമ്പോഴാണ് ഈ ഒറ്റപ്പെടുത്തൽ. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകളും പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ സതീശൻ വിരുദ്ധ നിലപാടും ഈ നിസ്സംഗതയ്ക്ക് കാരണമാകുന്നുണ്ട്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും പ്രതിപക്ഷ നേതാവ് പാർട്ടിയിൽ ഒറ്റപ്പെടുകയും ആക്രമണം നേരിടുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here