സമുദായനേതാക്കളോട് സതീശന്റെ നോ കോംപ്രമൈസ്; ഒന്നയഞ്ഞ് മുതിർന്ന നേതാക്കൾ; അകത്തും പുറത്തും പടവെട്ടി പ്രതിപക്ഷ നേതാവ്

സമുദായ സംഘടനകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊമ്പുകോർക്കുമ്പോൾ, നിലപാട് മയപ്പെടുത്തി കോൺഗ്രസിലെ മറ്റ് മുതിർന്ന നേതാക്കൾ രംഗത്ത്. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന സതീശന്റെ പ്രഖ്യാപനം വലിയ വിവാദമായ പശ്ചാത്തലത്തിലാണ്, കെ. മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്ണനും എസ്എൻഡിപി, എൻഎസ്എസ്‌ ഐക്യനീക്കത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.

സമുദായ നേതാക്കളെ പരസ്യമായി വെല്ലുവിളിക്കുന്ന സതീശന്റെ ശൈലിയിൽ കെ.പി.സി.സി.യിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിന്റെ സൂചനയെന്നോണമാണ് കെ. മുരളീധരന്റെ വാക്കുകൾ. “സമുദായ നേതാക്കളെ അധിക്ഷേപിച്ചാൽ ആ സമുദായത്തിലെ അംഗങ്ങൾ അത് സഹിക്കില്ല” എന്ന് മുരളീധരൻ തുറന്നടിച്ചു. പിണറായി വിജയൻ പണ്ട് ബിഷപ്പിനെ അധിക്ഷേപിച്ചപ്പോൾ ഉണ്ടായ തിരിച്ചടി കോൺഗ്രസിന് ഉണ്ടാകരുതെന്ന പരോക്ഷ മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്.

Also Read : സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ സുകുമാരൻ നായരും; കോൺഗ്രസിനുള്ളിലും പുകച്ചിൽ

എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ജി. സുകുമാരൻ നായരുടെ നിലപാടിന് മുരളീധരൻ പിന്തുണ നൽകി. സമുദായങ്ങൾ യോജിക്കുന്നത് നല്ലതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമുദായ സംഘടനകൾക്ക് അർഹമായ ബഹുമാനം നൽകുന്നതാണ് യുഡിഎഫ് ശൈലിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ഓർമ്മിപ്പിച്ചു. വി.ഡി. സതീശൻ സംഘടനകളുമായി അകലം പാലിക്കുമ്പോൾ, അവർക്ക് അർഹമായ ബഹുമാനം നൽകി ഒപ്പം നിർത്തണമെന്ന നിലപാടാണ് ഇവർ മുന്നോട്ട് വെക്കുന്നത്.

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ സമുദായ വോട്ടുകൾ നിർണ്ണായകമാണെന്നിരിക്കെ, സതീശന്റെ ഏകപക്ഷീയമായ നിലപാട് തിരിച്ചടിയാകുമോ എന്ന് മുതിർന്ന നേതാക്കൾക്ക് ആശങ്കയുണ്ട്. സമുദായ നേതാക്കളുമായുള്ള തർക്കങ്ങൾക്കിടയിലും, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് സതീശൻ ആവർത്തിച്ചു. “സമുദായ സംഘടനകളുമായി കോൺഗ്രസിന് വ്യക്തിപരമായ തർക്കങ്ങളില്ല, എന്നാൽ രാഷ്ട്രീയ നയങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടിയാണ്” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം സതീശന്റെ ശൈലിക്കുള്ള അംഗീകാരമാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന വലിയൊരു പക്ഷം വാദിക്കുന്നത്.

സതീശൻ സമുദായ നേതാക്കളുമായി അകലം പാലിക്കുമ്പോൾ, രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ എത്തി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. എൻഎസ്എസിനെ ‘മതനിരപേക്ഷതയുടെ ബ്രാൻഡ് അംബാസഡർ’ എന്ന് ചെന്നിത്തല വിശേഷിപ്പിച്ചത് സതീശന്റെ നിലപാടിനുള്ള പരോക്ഷ മറുപടിയായാണ് രാഷ്ട്രീയ നിരീക്ഷകർ അന്നതിനെ വിലയിരുത്തിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തിൽ വലിയ വിസ്മയങ്ങൾ സംഭവിക്കുമെന്നും എൽഡിഎഫിലെയും എൻഡിഎയിലെയും കക്ഷികൾ യുഡിഎഫിലേക്ക് വരുമെന്നും സതീശൻ അവകാശപ്പെട്ടു എന്നാൽ സമുദായ നേതാക്കളുമായുള്ള ഭിന്നത ഈ നീക്കങ്ങളെ ബാധിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top