സസ്പെൻഷനെങ്കിലും രാഹുൽ സജീവം; വേണ്ടപ്പെട്ടവർക്ക് സീറ്റുറപ്പിക്കാൻ വെട്ടിനിരത്തൽ; പിന്തുണച്ച് ഷാഫിയും വിഷ്ണുവും

ലൈംഗികാരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് പുറത്ത് നിര്‍ത്തിയിരിക്കുകയാണ് എങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പണിയിലാണ്. വിവാദങ്ങളെല്ലാം മറക്കുമ്പോള്‍ സജീവമാകാന്‍ ഇപ്പോഴേ അനുയായികളെ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മാങ്കൂട്ടത്തില്‍. ഇതിന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുടെ വലിയ പിന്തുണയുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വേണ്ടപ്പെട്ടവര്‍ക്ക് സീറ്റ് വാങ്ങി നല്‍കി തനിക്കൊപ്പം നിര്‍ത്താനാണ് നീക്കം. അത് പാലക്കാട് മാത്രമല്ല. സ്വന്തം ജില്ലയായ പത്തനംതിട്ടയിലും സജീവമായി നടത്തുന്നുണ്ട്.

എംഎല്‍എ എന്ന നിലയില്‍ പാലക്കാട് ശിങ്കിടികള്‍ക്ക് സീറ്റ് സംഘടിപ്പിച്ച് നല്‍കല്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ അതല്ല സ്ഥിതി. ഡിസിസിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അത്ര സ്വീകര്യതയില്ല. പിന്തുണയ്ക്കുന്നവരും കുറവ്. അവിടെയാണ് രാഹുലിന്റെ രക്ഷകരായി പിസി വിഷ്ണുനാഥും ഷാഫി പറമ്പിലും അവതരിക്കുന്നത്. ഇതിനായി പല സീറ്റുകളിലും തര്‍ക്കം ഉയര്‍ത്തുകയും തീരുമാനം കെപിസിസിക്ക് മുന്നില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. ഇവിടെ എത്തിയാല്‍ എല്ലാം വിഷ്ണുനാഥും ഷാഫിയും ചേര്‍ന്ന് സെറ്റ് ആക്കുകയും ചെയ്യും.

രാഹുലിന്റെ ഇടപെടല്‍ പത്തനംതിട്ട കോണ്‍ഗ്രസിലെ കാര്യങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ റാന്നി അങ്ങാടി ഡിവിഷനിലേക്ക് ആരോണ്‍ ബിജിലി പനവേലിലിന്റെ പേരാണ് മണ്ഡലം കമ്മറ്റികള്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ എ ഗ്രൂപ്പിലുളളവരെ ഉപയോഗിച്ച് ഇത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: സാംജി ഇടമുറിക്കായി വെട്ടാനുള്ള നീക്കമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തുന്നത്. ഇത്തരത്തില്‍ അടൂര്‍ പഞ്ചായത്തില്‍ അടക്കം ശിങ്കിടികള്‍ക്ക് സീറ്റ് ഉറപ്പാക്കി കഴിഞ്ഞു.

എ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇടപെടലുകള്‍ നടത്തുന്നത്. ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ എല്ലാം രാഹുലിന്റെ ഈ നീക്കത്തിന് ഒപ്പം നില്‍ക്കുകയാണ്. ഗ്രൂപ്പില്ല എന്ന് പറയുന്നുണ്ടെങ്കിലും പിസി വിഷ്ണുനാഥും, ഷാഫി പറമ്പിലും എല്ലാം എ ഗ്രൂപ്പിനെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമത്തിലാണ്. അത് പാര്‍ട്ടിക്ക് പുറത്തുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ട് നടപ്പാക്കുകയാണ് എന്ന് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനമുണ്ട്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ഒരു പൊട്ടിത്തെറി ഏത് നിമിഷവും പ്രതീക്ഷിക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top