രാഹുല്‍ മാങ്കൂട്ടത്തില്‍ പുകഞ്ഞ കൊള്ളിയല്ല; വിഡി സതീശന് പണി കൊടുത്ത് സണ്ണി ജോസഫ്; ബലാത്സംഗ പരാതി രാഷ്ട്രീയപ്രേരിതം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് ദിവസവും പാര്‍ട്ടിക്ക് പണി കൊടുക്കുന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇത്തവണ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെയാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. രണ്ട് ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ തിരഞ്ഞെടുപ്പ് ദിവസം കെപിസിസി പ്രസിഡന്റ് പറയുന്നത് രാഹുലിന് എതിരായ പരാതി രാഷ്ട്രീയപ്രേരിതം എന്നാണ്.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷമായിരുന്നു ഇത്തരം ഒരു പ്രതികരണം സണ്ണി ജോസഫ് നടത്തിയത്. പരാതി രാഷ്ട്രീയപ്രേരിതമാണെങ്കില്‍ എന്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി എന്ന ചോദ്യം കോണ്‍ഗ്രസില്‍ നിന്നും ഉയരാനുള്ള വഴിമരുന്നാണ് ഇന്ന് സണ്ണി ജോസഫ് ഇട്ടിരിക്കുന്നത്. ഇതോടെ പാര്‍ട്ടിയില്‍ വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത നിലപാട് ചര്‍ച്ചയാകും. സതീശന് എതിരായ നീക്കങ്ങള്‍ക്ക് ശക്തി കൂടുകയും ചെയ്യും.
തനിക്ക് ലഭിച്ച പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട്. കെപിസിസിക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ മാധ്യമങ്ങള്‍ക്കും പരാതിയുടെ കോപ്പി ലഭിച്ചു. പോലീസിനാണ് പരാതി നല്‍കേണ്ടതെന്ന് പരാതിക്കാരിക്ക് നന്നായി അറിയാം. എന്നാല്‍ പാര്‍ട്ടിക്ക് നല്‍കിയത് ആസൂത്രിതമാണ്. ഇതെല്ലാം ജനം വിലയിരുത്തട്ടേയെന്നും സണ്ണി ജോസഫ് പറഞ്ഞു.
വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് എന്നിവര്‍ ശക്തമായി തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരാണ്. ഇവരുടെ സഹായത്തോടെയാണ് ആരോപണം ഉയര്‍ന്നപ്പോള്‍ വീട്ടില്‍ അടിച്ചിരുന്ന രാഹുല്‍ പതിയെ പാലക്കാട് സജീവമായത്. മുഖ്യമന്ത്രിക്ക് പരാതി എത്തിയതോടെയാണ് എല്ലാം കൈവിട്ടുപോയതും ഒളിവില്‍ പോകേണ്ടി വന്നതും. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസില്‍ ഹൈക്കോടതി അറസ്റ്റ് തടയുകയും രണ്ടെത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അറസ്റ്റ് ഭയമില്ലാതെ രാഹുലിന് ഇപ്പോള്‍ പുറത്തിറങ്ങാം. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് എത്തി വോട്ടും ചെയ്യാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here