പോറ്റിയുടേയും മുഖ്യമന്ത്രിയുടേയും എഐ ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍; വ്യാപക പ്രതിഷേധം

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള എഐ ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍. സുബ്രഹ്‌മണ്യനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ചേവായൂര്‍ പൊലീസ് വീട്ടില്‍ പരിശോധന നടത്തിയ് ശേഷമാണ് സുബ്രഹ്‌മണ്യനെ കസ്റ്റഡിയില്‍ എടുത്തത്.
പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് എഐ ചിത്രം പങ്കുവച്ചത്. കലാപാഹ്വാനത്തിനാണ് പോലീസ കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ചേവായൂര്‍ സ്റ്റേഷനില്‍ എത്തിച്ച സുബ്രമണ്യനെ ചോദ്യം ചെയ്യുകയാണ്. സുബ്രമണ്യന്റെ അറസ്റ്റില്‍ കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് നീക്കമെന്ന് സുബ്രഹ്‌മണ്യന്‍ ആരോപിച്ചു. ഇതേ ഫോട്ടോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ കേസില്ല. കേസ് രാഷ്ട്രീയപ്രേരിതമാണ്. ഭക്ഷണം പോലും കഴിക്കാന്‍ സമ്മതിക്കാതെയാണ് കസ്റ്റഡിയില്‍ എടുത്തത്. കേസിനെ നിയമപരമായി നേരിടുമെന്നും സുബ്രഹമണ്യന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here