സതീശനോ സണ്ണി ജോസഫോ പെരുന്നയിലേക്ക് തിരിഞ്ഞു നോക്കുന്നില്ല; മറ്റ് നേതാക്കളുടെ സന്ദര്‍ശനം കൊണ്ട് എന്‍എസ്എസ് നിലപാട് മാറ്റുമോ?

വിശ്വാസത്തിന്റെ പേരില്‍ പിണറായി സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ അനുനയിപ്പിക്കാനുളള കോണ്‍ഗ്രസ് ശ്രമങ്ങള്‍ വിജയിക്കുമോ എന്നതില്‍ ആശങ്ക. പ്രതിപക്ഷ നേതാവ് വിഡി സതീശനോ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫോ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നില്ല. അതുപോലെ തന്നെ സുകുമാരന്‍ നായരും ചര്‍ച്ചകളോട് കാര്യമായി പ്രതികരിച്ചിട്ടില്ല. അടുപ്പമുള്ള നേതാക്കള്‍ക്ക് മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി പോലും നല്‍കുന്നത്.

ALSO READ : NSSനെ വരുതിയിലാക്കാൻ കോൺഗ്രസ്; ഒന്നിന് പുറകെ ഒന്നായി നേതാക്കന്മാർ പെരുന്നയിലേക്ക്

പിജെ കുര്യനാണ് എന്‍എസ്എസ് ആസ്ഥാനത്ത് ആദ്യം എത്തിയത്. സുകുമാരന്‍ നായരുമായി വളരെ നല്ല ബന്ധത്തിലുളള കുര്യന്റെ സന്ദര്‍ശനത്തെ രാഷ്ട്രീയമായി കാണാന്‍ കഴിയില്ല. പ്രശ്നത്തിൻ്റെ കാരണം മനസിലാക്കാനുള്ള ശ്രമമായി മാത്രമേ പരിഗണിക്കാനാകൂ. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഏറെക്കുറെ വിട്ടുനില്‍ക്കുന്ന കുര്യന് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുമാണ്. തിരുവഞ്ചൂര്‍ രാധകൃഷ്ണനാണ് ഇന്ന് പെരുന്നയില്‍ എത്തിയത്. എന്നാല്‍ ഇത് വ്യക്തിപരമാണ് എന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്.

സുകുമാരന്‍ നായരെ അനുനയിപ്പിക്കാന്‍ ശ്രമം ഉണ്ടാകും എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ല. ആദ്യം മുതല്‍ സമുദായ നേതാക്കളോട് പ്രത്യകിച്ചും എന്‍എസ്എസ്, എസ്എന്‍ഡിപി നേതൃത്വങ്ങളോട് സതീശന് നല്ല ബന്ധമല്ല. വെള്ളാപ്പള്ളി നടേശന്‍ തന്നെ സതീശനെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. തുറന്ന് പറഞ്ഞില്ലെങ്കിലും സുകുമാരന്‍ നായര്‍ക്കും ഇതേ നിലപാട് തന്നെയാണുള്ളത്.

ALSO READ : എന്‍എസ്എസ് ഇപ്പോഴും സമദൂരത്തില്‍ത്തന്നെ; സുകുമാരന്‍ നായരെ കണ്ട് പിജെ കുര്യന്‍

നേതാക്കള്‍ നടത്തിയത് വ്യക്തിപരമായ സന്ദര്‍ശനമെന്നും സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോകുന്നതിന് വിലക്കില്ലെന്നും ആണ് സതീശനും സണ്ണി ജോസഫും പറഞ്ഞു കൊണ്ടിരിക്കുന്നത്. പാര്‍ട്ടി അംഗീകരിക്കാതെ നേതാക്കള്‍ എന്തിന് പെരുന്നയിലേക്ക് വരുന്നു എന്ന ചോദ്യം എന്‍എസ്എസ് ഉന്നയിക്കാം. വിശ്വാസ പ്രശ്‌നത്തിലെ ഇടതിനോടുള്ള അടുപ്പം തെരഞ്ഞെടുപ്പില്‍ വോട്ടു പിന്തുണയാകുമോയെന്ന ആശങ്ക കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ അത് പരിഹരിക്കാന്‍ സജീവമായൊരു നീക്കം ഉണ്ടാകുന്നില്ല എന്ന് മാത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top