രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധത്തിൽ ഡി.വൈ.എഫ്.ഐക്ക് താക്കീത്; സുവർണാവസരം കൈവിട്ടുകളയരുതെന്ന് നിര്‍ദ്ദേശം

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സി.പി.എം. വിഷയം വഴിതിരിച്ചുവിട്ട് അക്രമമാക്കി മാറ്റാനുള്ള അവസരം ഒരുക്കരുതെന്ന താക്കീതാണ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ള ഗുണപരമായ സാഹചര്യത്തെ ഇല്ലാതാക്കരുത് എന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എഫ്.ഐയുടെയും മറ്റു പ്രക്ഷോഭങ്ങള്‍ക്ക് വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ തേടും.

തെരഞ്ഞെടുപ്പിന് മുന്‍പായി ലഭിച്ച ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് എന്നാണ് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും വിലയിരുത്തല്‍. പ്രത്യേകിച്ചും കഴിഞ്ഞ ഒന്‍പതു വര്‍ഷമായി മുന്നണിയേയും സര്‍ക്കാരിനേയും എതിര്‍ത്തുകൊണ്ടിരുന്ന മാദ്ധ്യമങ്ങളുടെ സമീപനത്തില്‍ തന്നെ മാറ്റമുണ്ടാക്കിയിട്ടുള്ള വിഷയമാണിത്. അതുകൊണ്ടുതന്നെ ഇത് കൈയില്‍ നിന്നും വിട്ടുപോകുന്ന ഒരു പ്രവൃത്തിയും ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുത്. വിഷയം വിട്ടുകളയണമെന്നല്ല, പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് പോകാതെ ജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ALSO READ : രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വീടിന് പുറത്തേക്കില്ല; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ കാത്തിരിക്കണം

കഴിഞ്ഞദിവസം വടകരയില്‍ ഷാഫി പറമ്പലിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളാണ് പുനര്‍ചിന്തനത്തിന് സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. അന്ന് ഷാഫിപറമ്പിലുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ വലിയതോതില്‍ മുതലെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചുവെന്ന വിലയിരുത്തലാണ് ഇടതുമുന്നണിക്കുള്ളത്. ഇത് ഘടകകക്ഷികളില്‍ വരെ അതൃപ്തി ഉണ്ടാക്കിയിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ജാഗ്രത വേണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വടകരയിലെ പ്രതിഷേധത്തെ ഷാഫിയും കൂട്ടരും വഴിതിരിച്ചു വിടുകയായിരുന്നു എന്നാണ് ഡി.വൈ.എഫ്.ഐയുടെ ഭാഷ്യം. പ്രകോപനം ഉണ്ടാക്കിയത് ഷാഫിയോടൊപ്പം ഉണ്ടായിരുന്നവരാണ് എന്നും അവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത്തരമൊരു അവസരം ഉണ്ടാക്കി കൊടുക്കാന്‍ പാടില്ലെന്നാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്. ഷാഫിക്കെതിരെ പ്രതിഷേധം തുടരുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് തെരുവിൽ സംഘര്‍ഷത്തിനുള്ള അവസരമാക്കി മാറ്റാനുള്ള സാഹചര്യം ഒരുക്കരുത്.

ALSO READ : കുഞ്ഞിനെ കൊല്ലില്ലെന്ന് മാങ്കൂട്ടത്തിലിനോട് കരഞ്ഞ് പറഞ്ഞ പെണ്‍കുട്ടി ആര്; ക്രൈബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുന്നു

തെരഞ്ഞെടുപ്പിന് മുന്‍പ് വിമോചനസമര സമാനമായ ഒരു സാഹചര്യമാണ് കോണ്‍ഗ്രസും യു.ഡി.എഫും ആഗ്രഹിക്കുന്നത്. അതിനുള്ള ഒരു സാഹചര്യവും ഉണ്ടാക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പോയിട്ടുള്ളത്. ഇതിന്റെ സൂചനയാണ് അന്നേ ദിവസം നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ കണ്ടത്. തീപന്തങ്ങളും കല്ലും മറ്റും ഉപയോഗിച്ച് പോലീസിനെ പ്രകോപിപ്പിച്ച് വെടിവയ്പ്പിലേയ്ക്ക് വരെ എത്തിക്കാവുന്ന തരത്തിലുള്ള ശ്രമങ്ങളുണ്ടായി. പോലീസിന്റെ സംയമനത്തിലൂടെ അത് മറികടക്കാനായി. എന്നാല്‍ തുടര്‍ന്നും ഇത്തരം അവസരങ്ങള്‍ ഉണ്ടായാൽ വിഷയം കൈയില്‍ നിന്നും വിട്ടുപോകുമെന്നത് മറക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത്.

പ്രക്ഷോഭങ്ങളെ അക്രമാസക്തമാക്കുന്നതിന് പകരം സ്ത്രീകളേയും കുടുംബങ്ങളേയും കേന്ദ്രീകരിച്ച് രാഹുലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ വിശദീകരിച്ച് അവരെ കാര്യങ്ങള്‍ മനസിലാക്കാനുള്ള ശ്രമം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതോടൊപ്പം തൃശൂരിലെയും എറണാകുളത്തെയും അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അടുത്തകാലത്തായി പുറത്തുവന്നിട്ടുള്ള സ്ത്രീകളുടെ ചില ഫോൺ സംഭാഷണങ്ങളും വീഡിയോകളും മറ്റും പരമാവധി പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ : വി.ഡി.സതീശന്റെ ‘മകൾ’ കോൺഗ്രസിന് തീയിട്ടു; വെന്തുരുകി യുഡിഎഫ്; സതീശ് ബ്രിഗേഡ് മറുപടി പറയേണ്ടി വരും

ഇതിനുപുറമെ നിയമപരമായ നീക്കവും ശക്തിപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സ്ത്രീകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണത്തിന് പുറമെ വ്യാജരേഖ ചമയ്ക്കല്‍ കേസും ശക്തമാക്കുകയാണ്. രണ്ടും കൂടി ഒരേസമയം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന നിലയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ള നടപടികളുടെ അടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു മാസം കഴിയുമ്പോള്‍ അതായത് അടുത്തമാസം 25 ഓടെ രാഹുലിന് വീണ്ടും പാര്‍ട്ടിയില്‍ എത്താന്‍ കഴിയുന്ന സാഹചര്യമുണ്ട്. വിഷയം ആറിത്തണുത്താല്‍ അദ്ദേഹത്തെ ആ സമയത്ത് പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. എന്നാല്‍ അതിന് തടയിടുന്നതിനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളത്.

സ്ത്രീകളുടെ വിഷയത്തില്‍ ഇരകള്‍ മൊഴി നല്‍കാന്‍ തയാറായില്ലെങ്കില്‍ വ്യാജരേഖ കേസില്‍ രാഹുലിനെ അകത്താക്കുകയാണ് ലക്ഷ്യം. എന്തായാലും ഇപ്പോള്‍ രാഹുലിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ അവര്‍ക്ക് പ്രത്യക്ഷത്തിലിറങ്ങി രാഹുലിനെ പിന്തുണയ്ക്കാനും കഴിയില്ല. അതുകൊണ്ട് കഴിയുന്നത്ര വേഗത്തില്‍ രാഹുലിനെതിരായ നടപടികള്‍ ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top