കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങി മരിച്ചു; വ്യാജ ജാതിക്കേസില്‍ കുരുക്കി നാലുപേര്‍; ആത്മഹത്യാ കുറിപ്പ് വാട്‌സാപ്പില്‍

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് മെമ്പറും അമ്മയും മരിച്ച നിലയില്‍. വീടിന് പിന്നിലായുള്ള ചായ്പ്പിലാണ് ഇരുവരും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡംഗം അരുണ്‍ അമ്മ വത്സല എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യക്കുറിപ്പ് വാട്‌സാപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ. കള്ളക്കേസുകളില്‍ കുടുക്കിയെന്നാണ് കുറിപ്പില്‍ ആരോപിക്കുന്നത്. സമീപവാസികളായ നാലുപേരാണ് ഇതിന് പിന്നില്‍. വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവരുടെ പേരാണ് കുറിപ്പില്‍ ഉള്ളത്. വ്യാജ ജാതി കേസും മോഷണ കേസും നല്‍കി അപമാനിച്ചു എന്നാണ് ആരോപണം. അപമാനം മൂലം ജീവിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ജീവിക്കാന്‍ കഴിയില്ലെന്നും പഞ്ചായത്ത് അംഗത്തിന്റെ ലെറ്റര്‍പാഡില്‍ എഴുതിയ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് റജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളുമായി ഒരു ബന്ധവുമില്ല. കേസ് മൂലം വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ കഴിയുന്നില്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുറിപ്പില്‍ പറയുന്നു. അരുണിന് എതിരെ നല്‍കിയത് വ്യാജ കേസാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here