ലോക്‌സഭയില്‍ മോദി സര്‍ക്കാരിനെ എങ്ങനെ കൈകാര്യം ചെയ്യാം; കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്; ബീഹാര്‍ വോട്ടര്‍ പട്ടികയും ചര്‍ച്ചയാകും

പാര്‍ലമെന്റ് സമ്മേളനം ചേരാനിരിക്കെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. നിര്‍ണായകമായ ഒട്ടേറെ വിവാദ വിഷയങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴാണ് പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സോണിയ ഗാന്ധിയുടെ 10 ജന്‍പഥിലുള്ള വസതിയിലാണ് യോഗം.
ഇന്ത്യ-പാക് സംഘര്‍ഷം, ഓപ്പറേഷന്‍ സിന്ദൂര്‍, വോട്ടര്‍പട്ടിക പരിഷ്‌കരണം, അഹമ്മദാബാദ് വിമാനാപകടം, ഇന്ത്യയ്‌ക്കെതിരെ യുഎസ് തീരുവ ചുമത്തല്‍, സമ്പദ് വ്യസ്ഥയുടെ അവസ്ഥ, പണപ്പെരുപ്പം, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്നത് അടക്കം ചര്‍ച്ചയാകും. യോഗത്തിലേക്ക് ശശി തരൂരിന് ക്ഷണമുണ്ടെങ്കിലും വിദേശത്തുള്ളതിനാല്‍ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, പാര്‍ട്ടി ചീഫ് വിപ്പുമാര്‍ തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം 21-നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 21വരെയാണ് സമ്മേളനം നടക്കുക.
ബീഹാറിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും സര്‍ക്കാരിന് എതിരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ദമാകാന്‍ ഇടയുണ്ട്. രാഹുല്‍ ഗാന്ധി ബീഹാറില്‍ നേരിട്ട് പോയി പ്രതിഷേധം സമരങ്ങളില്‍ പങ്കെടുത്ത് വിഷയം കത്തിച്ചു നിര്‍ത്തിയിരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ദേശവ്യാപകമായി പത്രങ്ങളില്‍ ഫുള്‍ പേജ് വിശദീകരണ പരസ്യം നല്‍കിയിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന ന്യൂനപക്ഷ വേട്ട സഭയില്‍ ഉന്നയിക്കുമെന്ന് ആന്റോ ആന്റണി എംപി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here