എന്‍എസ്എസ് ഇപ്പോഴും സമദൂരത്തില്‍ത്തന്നെ; സുകുമാരന്‍ നായരെ കണ്ട് പിജെ കുര്യന്‍

എന്‍എസ്എസ് രാഷ്ടീയ നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പിജെ കുര്യന്‍. സമദൂരമെന്ന മുന്‍ നിലപാടില്‍ അവര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എന്ന് അദ്ദേഹം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. എന്‍എസ്എസുമായി ദീര്‍ഘകാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കുര്യന്‍.
സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിന് എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചത് വലിയ ചർച്ചയായിരുന്നു . 2018ല്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ യുവതി പ്രവേശം നടപ്പാക്കുന്നതിനെതിരെ എന്‍എസ്എസ് കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. സംഘടനയുടെ ആഭിമുഖ്യത്തില്‍ നാമജപ ഘോഷയാത്രയും നടത്തിയിരുന്നു. എന്നാല്‍ പൊടുന്നനെയാണ് എന്‍എസ്എസ് നിലപാട് മാറ്റി ആഗോള സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാറും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഇരുസമുദായങ്ങളുടെയും നേതൃത്വം സര്‍ക്കാർ അനുകൂല നിലപാട് ഒന്നുകൂടി വ്യക്തമായത്. മുന്നണികളോട് വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്ന സമദൂര നയത്തില്‍ മാറ്റമില്ലെങ്കിലും ശബരിമലയില്‍ സര്‍ക്കാരിനൊപ്പമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ അഭിപ്രായം കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെട്ടുന്നത്. ഈ ഘട്ടത്തിലാണ് എന്‍എസ്എസിന്റെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന പിജെ കുര്യന്‍ ഇന്നലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി സുകുമാരന്‍ നായരെ കണ്ടത്.
എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നിലപാട് എന്‍എസ്എസ് സ്വീകരിച്ചിട്ടിട്ടില്ല. ശബരിമല വിഷയത്തില്‍ മാത്രമാണ് സര്‍ക്കാരിന് പിന്തുണയെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയതായി കുര്യന്‍ പറഞ്ഞു. യുഡിഎഫുമായുള്ള സുകുമാരന്‍ നായരുടെ അകല്‍ച്ച കുറയ്ക്കാന്‍ കുര്യന്റെ സന്ദര്‍ശനവും മധ്യസ്ഥതയും ഇടയാക്കുമെന്നാണ് കരുതുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here