SV Motors SV Motors

സകല തോൽവികളും സമ്മാനിച്ചത് ചില ‘ഷോഡ’കള്‍; കാരോട് പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റണം; തലസ്ഥാനത്ത് കോണ്‍ഗ്രസില്‍ ജാതിയുദ്ധം

തിരുവനന്തപുരം: ഗ്രൂപ്പ് യുദ്ധവും ജാതിസമവാക്യങ്ങളുമൊക്കെയാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്തത്. സോളാര്‍ ലൈംഗിക പീഡന ആരോപണങ്ങളും ബാര്‍ക്കോഴ വിവാദവും രാഷ്ട്രീയ കൊടുങ്കാറ്റായപ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി രണ്ടാം തവണയും യുഡിഎഫിന് അധികാരനഷ്ടവും വന്നു.

തൃക്കാക്കര-പുതുപ്പള്ളി തകര്‍പ്പന്‍ ഉപതിരഞ്ഞെടുപ്പ് വിജയങ്ങളൊക്കെ അലങ്കാരമായി ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെങ്കിലും പടിക്കല്‍ കൊണ്ട് വന്നു കലമിട്ടുടയ്ക്കുന്ന കോണ്‍ഗ്രസ് രീതിയ്ക്ക് മാറ്റമൊന്നുമില്ലെന്നാണ് തലസ്ഥാന ജില്ലയില്‍ കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ജാതിയുദ്ധം നല്‍കുന്ന സൂചന. കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ ജാതിയുദ്ധത്തിന്നെതിരെ ശക്തമായ വികാരമാണ് പ്രത്യക്ഷപ്പെടുന്നത്. “പാർട്ടിയെ ഉപയോഗിച്ച് സ്വന്തം ജീവിത സാഹചര്യം മെച്ചപ്പെടുത്തി സുഖലോലുപരായി ജീവിക്കുന്ന പരാന്ന ജീവികളാണ് യഥാർത്ഥത്തിൽ കോൺഗ്രസ് പാർട്ടിയെ തലസ്ഥാനത്ത് തകർത്തത് എന്നാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ ആരോപണം.

നെയ്യാറ്റിന്‍കര കാരോട് പഞ്ചായത്തിലാണ് കോണ്‍ഗ്രസിലെ ജാതിയുദ്ധം പത്തിവിരിച്ചാടുന്നത്. പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ് തന്നെയാണ്. പഞ്ചായത്ത് ഭരണം രണ്ടര വര്‍ഷം പിന്നിട്ടിരിക്കെ നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റണം എന്നാണ് ഒരു വിഭാഗം നാടാര്‍ വിഭാഗത്തിന്റെ ആവശ്യം. മുന്‍ ഡിസിസി അധ്യക്ഷനായ നെയ്യാറ്റിന്‍കര സനലിനെതിരായാണ് നാടാര്‍ വിഭാഗത്തിന്റെ പേരില്‍ പോസ്റ്റര്‍ വന്നിരിക്കുന്നത്. നാടാര്‍ വിഭാഗത്തിന്റെ പേരിലാണ് പോസ്റ്റര്‍ എങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധമാണ് ജാതിയുദ്ധത്തിലും പ്രതിഫലിക്കുന്നത്.

കാരോട് പഞ്ചായത്തില്‍ യുഡിഎഫ് ഭരണം വന്നപ്പോള്‍ രണ്ടര വര്‍ഷം കഴിഞ്ഞു നാടാര്‍ സമുദായക്കാര്‍ക്ക് പ്രസിഡന്റ് സ്ഥാനം നല്‍കാം എന്നുള്ള വാഗ്ദാനമുണ്ടായിരുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ ഇതെല്ലാം കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുകയാണ്. തനിക്കെതിരെ വന്ന പോസ്റ്ററിന് പിന്നില്‍ ഒളിപ്പോരുണ്ട് എന്നാണ് നെയ്യാറ്റിന്‍കര സനലിന്റെ പ്രതികരണം.

സനല്‍ ഡിസിസി അധ്യക്ഷനായിരിക്കെയാണ് കാരോട് പഞ്ചായത്ത് പ്രസിഡന്റ് നിയമനം തീരുമാനിക്കപ്പെട്ടത്. പക്ഷെ രണ്ടര വര്‍ഷം കഴിഞ്ഞു പ്രസിഡന്റ് പദവി കൈമാറണം എന്നുള്ള രേഖാമൂലമുള്ള ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഡിസിസി പ്രസിഡന്റ് പാലോട് രവിയാണ്. ഡിസിസി അധ്യക്ഷന് തീരുമാനിക്കാമല്ലോ. താന്‍ സ്ഥാനമൊഴിഞ്ഞ രീതിയില്‍ തനിക്കെതിരെ പോസ്റ്റര്‍ യുദ്ധം നടത്തേണ്ട കാര്യമെന്താണ്? നെയ്യാറ്റിന്‍കര സനല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. ഏഴു സ്ഥാനങ്ങള്‍ വന്നപ്പോള്‍ ആറു സ്ഥാനങ്ങളിലേക്ക് നാടാര്‍ സമുദായത്തിനാണ് നല്‍കിയത്. ഒരു പഞ്ചായത്തില്‍ മാത്രമാണ് വിഭിന്നമായി നല്‍കിയത്-അത് കാരോട് പഞ്ചായത്താണ്. ഇപ്പോള്‍ മാറ്റണമെങ്കില്‍ ഡിസിസി അധ്യക്ഷനായ പാലോട് രവിയെ കണ്ടു ആവശ്യമുന്നയിച്ചവര്‍ക്ക് മാറ്റങ്ങള്‍ വരുത്താം. തനിക്കെതിരെ തിരിയേണ്ട കാര്യമില്ല-നെയ്യാറ്റിന്‍കര സുനില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഇങ്ങനെ:

തലസ്ഥാനത്തെ കോൺഗ്രസിൽ “ജാതി യുദ്ധം

ഒരിടവേളയ്ക്ക് ശേഷം തലസ്ഥാനത്തെ കോൺഗ്രസിൽ ജാതി യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. ഇപ്രാവശ്യം നാടാർ സമുദായമാണ് പരാതിക്കാർ തിരുവനന്തപുരത്തെ 6 നിയോജക മണ്ഡലത്തിൽ നിർണ്ണായക ശക്തിയും എക്കാലവും കോൺഗ്രസിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ജനവിഭാഗമാണ് നാടാർ മക്കൾ. കോൺഗ്രസിൽ മുൻകാലത്ത് നാടാർ വിഭാഗത്തിന് ശക്തമായ തലസ്ഥാനത്ത് ലഭിച്ചിരുന്നു എന്നതും വസ്തുതയാണ് DCC അധ്യക്ഷൻ അടക്കമുള്ളവർ നാടാർ സമുദായത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്. പക്ഷെ നിലവിൽ ആ വിഭാഗം കടുത്ത അവഗണന നേരിടുന്നു എന്നത് വസ്തുതയാണ് അതിന് ചൂട്ട് പിടിക്കുന്നതാവട്ടെ യാതൊരു ജനകീയ അടത്തറയുമില്ലാത്ത ഒരു ജോലിയും ജീവിതത്തിൽ ചെയ്തിട്ടില്ലാത്ത എന്നാൽ സകല തോൽവികളും പാർട്ടിക്ക് സമ്മാനിച്ചതും ഇത്തരത്തിലുള്ള ചില ‘ഷോഡ”കളാണ്. “പാർട്ടിയെ ഉപയോഗിച്ച് തങ്ങളുടെ ജീവിത സാഹചര്യം മെച്ചടുത്തി സുഖലോലുപരായി ജീവിക്കുന്ന ഈ പരാന്ന ജീവികളാണ് യഥാർത്ഥത്തിൽ കോൺഗ്രസ് പാർട്ടിയെ തലസ്ഥാനത്ത് തകർത്തത്.

14…..ൽ 13 തോറ്റ റെക്കോർഡ് ഉള്ള നേതാവ് ആറാടുന്നു

തലസ്ഥാനത്ത് 14 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത് കോൺഗ്രസാവട്ടെ 13 മണ്ഡലങ്ങളിലും തോറ്റു തൊപ്പിയിട്ടു അന്ന് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ DCC അധ്യക്ഷനടക്കം ഉള്ളവരുടെ പ്രവർത്തനങ്ങൾ പരിശോധിക്കാതെയും അവർക്ക് A1CC ലേക്ക് പ്രമോഷൻ നൽകുകയുമാണുണ്ടായത്. ഇതിൽ കനത്ത അമർഷമാണ് അണികളിൽ ഉളവാക്കുന്നത്. കൂടാതെ മുൻ അധ്യക്ഷൻ സനലിനെതിരെ പരസ്വമായി നാടാർ ഫോറം വന്നതും നേതാക്കളെ ഇരുത്തിച്ചിന്തിപ്പിക്കണം എന്നതാണ് രാഷ്ടിയ നിരീക്ഷണം

Logo
X
Top