ഷാഫിക്ക് കിട്ടിയ തല്ല് മുതലാക്കാന്‍ രാഹുല്‍; പോലീസുകാരെ ‘ഞങ്ങള്‍’ നേരിടുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഐഡൻ്റിറ്റി ഉറപ്പിക്കാൻ ശ്രമം

ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിനെ പോലീസ് മര്‍ദിച്ചത് മുതലാക്കി സജീവമാകാന്‍ ശ്രമം. പാര്‍ട്ടിയില്‍ ഔദ്യോഗികമായ സ്ഥാനം ഒന്നും ഇല്ലെങ്കിലും കടുത്ത ഭാഷയില്‍ പോലീസ് അതിക്രമത്തെ വിമര്‍ശിച്ച് രാഹുല്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയെ വിജയന്‍ എന്ന് വിളിച്ച് ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് നാട് മറുപടി പറയിപ്പിക്കും എന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നു.

ALSO READ : ഷാഫിയുടേത് ഇമേജ് തിരിച്ചു പിടിക്കാനുള്ള ഷോ!! മുഖത്ത് കണ്ടത് ചോരയല്ല, ചുമന്ന മഷിയെന്ന് പരിഹസിച്ച് ഇടത് സൈബർ ഹാൻഡിൽസ്

ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും പോലീസിന് എതിരെ ആഞ്ഞടിച്ചു. കണക്ക് ഞങ്ങള്‍ ചോദിക്കും എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് തൻ്റെ കോണ്‍ഗ്രസ് ഐഡന്റിറ്റി ഉറപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. കൊല്ലാനും മടിക്കാത്ത ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ശബരിമലയില്‍ അയ്യപ്പന്റെ പൊന്നുകട്ടത് മറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഷാഫിയെ മര്‍ദിച്ചത്.

റൂറല്‍ എസ്പി കെഇ ബൈജുവിനെതിരേയും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന്റെ പാരിതോഷികമായാണ് സര്‍ക്കാര്‍ ബൈജുവിന് കണ്‍ഫേഡ് ഐപിഎസ് നല്‍കിയത്. എസ്പി നൊട്ടോറിയസ് ക്രിമിനലാണ്. ബൈജു സിപിഎം ജില്ലാ സെക്രട്ടറിയുടെ പണി ചെയ്യേണ്ട. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മെക്കിട്ട് കയറാമെന്ന് കരുതേണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

എല്ലാകാലത്തും രാഹുലിൻ്റെ മെന്ററാണ് ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയും പാലക്കാട് തന്റെ പിന്‍ഗാമിയാക്കിയും, ഒടുവിൽ ലൈംഗിക അപവാദങ്ങൾ ഉണ്ടായപ്പോള്‍ സംരക്ഷിച്ചും കാത്തത് ഷാഫി ആയിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ രാഹുലിനെതിരെ വലിയ വികാരമുണ്ട്. പ്രത്യേകിച്ചും വിഡി സതീശനും സംഘത്തിനും. നിലമ്പൂര്‍ വിജയത്തോടെ കോണ്‍ഗ്രസിന് ഉണ്ടായ ഗുണമെല്ലാം നശിപ്പിച്ചു എന്നതാണ് അതിന് കാരണം.

ALSO READ : സതീശനെ കടന്നാക്രമിച്ച് ഷാഫി-മാങ്കൂട്ടം സംഘങ്ങൾ; കോണ്‍ഗ്രസില്‍ ശാക്തികചേരികള്‍ മാറുന്നു

അബോര്‍ഷന് നിര്‍ബന്ധിക്കുന്ന ഓഡിയോ കൂടി പുറത്തായതോടെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. പാര്‍ട്ടി വിലക്ക് ധിക്കരിച്ച് നിയമസഭയില്‍ എത്തിയും, പാലക്കാട് മരണവീടുകളില്‍ പോയും, രാത്രിയില്‍ കെഎസ്ആര്‍ടിസി ബസ് ഫ്‌ലാഗ് ഓഫ് ചെയ്തും നടത്തിയ റീഎന്‍ട്രി ശ്രമം അത്ര വിജയം കണ്ടില്ല. അതുകൊണ്ട് തന്നെയാണ് ഷാഫിക്ക് തല്ല് കിട്ടിയതില്‍ രൂക്ഷ പ്രതികരണവുമായി കളം നിറയാനുള്ള ശ്രമം. രാവിലെ തന്നെ കോഴിക്കോട്ട് ഓടിയെത്തി ഷാഫിയെ കണ്ട ശേഷമായിരുന്നു ഉശിരന്‍ പ്രതികരണങ്ങൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top