ജെന്‍സി രാഷ്ട്രീയത്തിലെ മിന്നും താരങ്ങള്‍ ‘പൂമരനും വാറുണ്ണിയും’; റോക്കറ്റ് വേഗത്തില്‍ വളരുകയും അതേ സ്പീഡില്‍ വീഴുകയും ചെയ്ത ദുരന്ത നായകര്‍

സമീപകാല സംസ്ഥാന രാഷ്ടീയത്തിലെ രണ്ട് ജെന്‍ സി നേതാക്കളാണ് വളരെ പെട്ടെന്ന് ‘ലൈം ലൈറ്റില്‍’ നിന്ന് കൂപ്പു കുത്തി വീണത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരാളെ പൂമരനെന്നും മറ്റെ ആളെ വാറുണ്ണി എന്നുമാണ് എതിരാളികള്‍ വിശേഷിപ്പിക്കുന്നത്. ഇടതു വലതു മുന്നണികളിലെ പുലികളായിരുന്ന എം സ്വരാജും രാഹുല്‍ മാങ്കൂട്ടത്തിലുമാണ് രാഷ്ടീയത്തില്‍ ഏതാണ്ട് ഫ്യൂസായി നില്‍ക്കുന്നത്.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സാമൂഹ്യ, സാംസ്‌കാരിക, രാഷ്ടീയ രംഗങ്ങളിലെ തീപ്പൊരി നേതാവുമാണ് എം സ്വരാജ്. ഇടത് സാംസ്‌കാരിക നേതാക്കളുടെ കാഴ്ചപ്പാടിലും വാഴ്ത്തു പാട്ടിലും സ്വരാജ് ‘പരന്ന വായനയുള്ള’ ബുദ്ധിജീവി ആയിട്ടാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അദ്ദേഹം ഈ വര്‍ഷം നടന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ഇടത് മുന്നണിയുടെ ആസ്ഥാന സാംസ്‌കാരിക നായകര്‍ മണ്ഡലത്തില്‍ തമ്പടിച്ച് സ്വരാജിനു വേണ്ടി പ്രചരണം നടത്തി. സ്വരാജ് കേരളം കാത്തിരുന്ന താത്വിക ബുദ്ധിജീവിയും മികച്ച ചിന്തകനുമാണെന്നൊക്കെ തട്ടിവിട്ട് വോട്ടര്‍മാരെ ഇംപ്രസ് ചെയ്യാന്‍ പരമാവധി ശ്രമിച്ചു. അദ്ദേഹമെഴുതിയ പുസ്തകങ്ങളെക്കുറിച്ച് ആരാധകരും ശിങ്കിടികളും സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടുമെന്നൊക്കെ തട്ടിവിട്ടു. വായനക്കാര്‍ ഏറെ വാഴ്ത്തിയ പുസ്തകമെന്ന മട്ടിലാണ് സ്വരാജ് എഴുതിയ പൂക്കളുടെ പൂമരത്തെ സാംസ്‌കാരിക നേതാക്കള്‍ ഉയര്‍ത്തിക്കാണിച്ചത്. പക്ഷേ, പതിവില്ലാത്ത വിധം ആക്രമണോത്സുകതയോടെ സോഷ്യല്‍ മീഡിയയിലെ ഒരു പറ്റം കോണ്‍ഗ്രസുകാര്‍ സ്വരാജിന്റെ ബുദ്ധിജീവി നാട്യങ്ങളേയും പുസ്തകത്തേയും ഗംഭീരമായി പൊളിച്ചടുക്കി. ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട് തകര്‍ത്തു കളഞ്ഞു എന്ന് പറയുന്നതാണ് ശരി.
സ്വരാജിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പൂക്കളുടെ പൂമരമെന്ന കൃതി അടിമുടി മോഷണമാണെന്നും യാതൊരു ഉള്‍കാമ്പുമില്ലാത്ത തട്ടിക്കൂട്ടു സാഹിത്യമാണെന്നും പരന്ന വായന ലേശം പോലുമില്ലാ എന്ന് സിപിഎമ്മുകാര്‍ ആക്ഷേപിക്കുന്ന കോണ്‍ഗ്രസുകാര്‍ തച്ചിനിരുന്ന് എഴുതി ഇല്ലാതാക്കി. വിക്കിപീഡിയയില്‍ നിന്ന് മോഷ്ടിച്ച് എഴുതിയതാണെന്ന് തെളിവ് സഹിതം അവര്‍ പുറത്തു കൊണ്ടുവന്നു. സ്വരാജിന്റെ മഹത്തായ കൃതിയെന്ന് വിശേഷിപ്പിക്കപ്പെട്ട പൂമരം അടിമുടി മോഷണമാണെന്നു സ്ഥാപിക്കുന്ന തെളിവുകള്‍ മലവെള്ള പാച്ചിലുപോലെ സോഷ്യല്‍ മീഡിയയില്‍ പരന്നൊഴുകി. എനിക്ക് നിലമ്പൂരില്‍ വോട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ സ്വരാജിന് കൊടുക്കുമായിരുന്നു എന്ന് ടാഗ് ലൈനില്‍ വോട്ട് ചോദിച്ച് പ്രചരണം നടത്തിയ സിപിഎമ്മിന്റെ പെയ്ഡ് സാംസ്‌കാരിക നായകര്‍ പോലും പ്രതിരോധിക്കാന്‍ മിനക്കെടാതെ ഓടിത്തള്ളി. പൂമരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും മോഷണമാണെന്ന് തെളിഞ്ഞതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പൂമരനെന്ന ഇരട്ടപ്പേരും സ്വരാജിന് പതിഞ്ഞു കിട്ടി.
നിലമ്പൂരില്‍ നിന്നുള്ള നിയമസഭാംഗമായിരുന്ന LDF സ്വതന്ത്രന്‍ പിവി അന്‍വര്‍ മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വരാജ് എട്ടു നിലയില്‍ പൊട്ടി. തിരഞ്ഞെടുപ്പ് തോല്‍വിയേക്കാള്‍ അദ്ദേഹത്തിന്റെ താത്വിക ബുദ്ധിജീവി ഇമേജിന് സംഭവിച്ച ക്ഷതം വല്ലാതെ ഉലച്ചു കളഞ്ഞു. സാഹിത്യ- സാംസ്‌കാരിക വേദികളില്‍ നിന്ന് അദ്ദേഹം പാടെ വിട്ടു നില്‍ക്കുകയാണ്. കെട്ടിപ്പൊക്കി നിര്‍ത്തിയിരുന്ന സാംസ്‌കാരിക- സാഹിത്യ മേല്‍വിലാസം സമ്പൂര്‍ണമായി അടിച്ചുടച്ചു കളഞ്ഞു. നടുറോഡില്‍ നഗ്‌നനാക്കപ്പെട്ട ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹം അതീവഖിന്നനും പീഡിതനുമാണ്. രാഷ്ടീയ ത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി ഒരിക്കലും ഒരു രാഷ്ട്രീയക്കാരനെ തളര്‍ത്താറില്ല. പക്ഷേ, ഇടത് ബുദ്ധിജീവി എന്ന നിലയില്‍ ഇഎംഎസിന്റെ പിന്‍ഗാമിയായി വരെ വിശേഷിക്കപ്പെട്ടിരുന്ന വ്യക്തിയാണ് സ്വരാജ്. ബലൂണിന്റെ കാറ്റഴിച്ചു വിടുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്റെ സാഹിത്യ കൃതിയെ കൈകാര്യം ചെയ്തത്. കോപ്പിയടി സാഹിത്യകാരനാണെന്ന വിശേഷണത്തിന്റെ ഭാരം താങ്ങാനാവാതെ വൃണിത ഹൃദയവുമായി ഏതാണ്ട് ഒളിവിലാണ് സ്വരാജ്.
സ്വരാജ് കോപ്പിയടി സാഹിത്യത്തില്‍ തൊണ്ടിയോടെയാണ് പിടിക്കപ്പെട്ടതെങ്കില്‍ കോണ്‍ഗ്രസിന്റെ വണ്ടര്‍ സ്റ്റാറായി വന്ന രാഹുല്‍ മാങ്കുട്ടത്തില്‍ പെണ്ണുകേസില്‍പ്പെട്ട നീലക്കുറുക്കന്റെ അവസ്ഥയിലാണ്. പവനായി ശവമായ അവസ്ഥ. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ സൂപ്പര്‍ സ്റ്റാര്‍. എതിരാളികളെ ദയ ഇല്ലാത്ത വിധം ഡേറ്റകളും ഡീറ്റയില്‍സും വെച്ച് മലര്‍ത്തിയടിക്കുന്ന ഓള്‍റൗണ്ടര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്റേയും ഷാഫി പറമ്പിലിന്റേയും വിശ്വസ്ത അനുയായി, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മിന്നും ജയം, നിയമസഭയില്‍ തരക്കേടില്ലാത്ത പെര്‍ഫോര്‍മെന്‍സ്, കോണ്‍ഗ്രസിന്റെ ഭാവി മുഖ്യമന്ത്രി എന്നൊക്കെ ശിങ്കിടികളാല്‍ വാഴ്ത്തപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ പതനം കണ്ട് അന്തം വിട്ട് നില്‍ക്കയാണ് കോണ്‍ഗ്രസുകാര്‍.
കിടിലന്‍ ഭുരിപക്ഷത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുലിനെതിരെ ചില സ്ത്രീകള്‍ പുറത്തു വിട്ട വാട്ട്‌സാപ് ചാറ്റുകള്‍, ഓഡിയോ സന്ദേശങ്ങളൊക്കെ അയാള്‍ക്ക് ഒരു പെണ്‍വേട്ടക്കാരന്റെ ഇമേജുണ്ടാക്കി. ഗര്‍ഭം കലക്കാന്‍ ഒരു ഇരയെ പ്രേരിപ്പിക്കയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ സംഭാഷണം ചാനലുകള്‍ കൊണ്ടാടി. ചില സ്ത്രീകള്‍ പൊതുമധ്യത്തില്‍ വന്ന് രാഹുലിന്റെ ചാറ്റുകളെക്കുറിച്ചും സ്വഭാവ വൈകൃതങ്ങളെക്കുറിച്ചും തുറന്നടിച്ചു. വിഡി സതീശന്റെ സുഹൃത്തിന്റെ മകളും നടിയും മാധ്യമ പ്രവര്‍ത്തകയുമായ റിനി ജോര്‍ജ് തനിക്ക് രാഹുലില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് പിന്നാലെ ആരോപണങ്ങളുടെ പെരുമഴയായി. വളരെ പെട്ടെന്ന് അയാള്‍ക്ക് ഒരു പെണ്‍വേട്ടക്കാരന്റെ ഇമേജ് പതിഞ്ഞു കിട്ടി. കോണ്‍ഗ്രസുകാര്‍ തന്നെ ഇദ്ദേഹത്തിന്റെ കൊളളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിച്ചു.
ഇരകള്‍ പോലീസിന് നേരിട്ട് പരാതി കൊടുക്കാന്‍ വിസമ്മതിച്ചു. എന്നാലും ഒളിഞ്ഞും തെളിഞ്ഞും പല കഥകള്‍ അന്തരീക്ഷത്തിലുണ്ട്. ആദ്യം യൂത്ത് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി ഇടപെട്ട് തെറിപ്പിച്ചു. ഗര്‍ഭം കലക്കല്‍ ഓഡിയോ പുറത്തു വന്നതോടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നിയമസഭാംഗമായി ഒരു കൊല്ലം പൂര്‍ത്തിയാവും മുമ്പെ നാറി നാമാവശേഷമായി. സ്വന്തം കുഴി തോണ്ടി എന്ന് പറയുന്നതാണ് ശരി. പീഡന പരാതിക്കാരെ തേടി പ്രത്യേക പോലീസ് സംഘം നെട്ടോട്ടത്തിലാണ്.
ഈ തിങ്കളാഴ്ച (സെപ് 15) നാടകീയമായി രാഹുല്‍ നിയമസഭയില്‍ ഹാജരായി പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു. ഇനിയും സഭയില്‍ ഹാജരാകാനാണ് നീക്കമെങ്കില്‍ പണി പാലും വെള്ളത്തില്‍ കൊടുക്കുമെന്ന് രാഹുലിന്റെ സ്‌പോണ്‍സര്‍മാരെ സതീശന്‍ അറിയിച്ചതോടെ പത്തി മടക്കി തിരുവനന്തപുരത്ത് നിന്ന് സ്ഥലം കാലിയാക്കി. ഹു കെയേഴ്‌സ് എന്ന് പറഞ്ഞ രാഹുല്‍ ഇപ്പോ മൊത്തത്തില്‍ ആരും കെയര്‍ ചെയ്യാത്ത അവസ്ഥയിലാണ്. ചരട് പൊട്ടിയ പട്ടം കണക്കേ അലയുകയാണ്.
സിപിഎമ്മിനെ നേര്‍ക്ക് നേര്‍ നിന്ന് വെല്ലുവിളിച്ചിരുന്ന രാഹുലിന് സോഷ്യല്‍ മീഡിയയില്‍ പുതിയ പേര് ചാര്‍ത്തിക്കൊടുത്തു ‘വാറുണ്ണി’. ഐ വി ശശി സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ട പുലി വേട്ടക്കാരന്റെ പേരാണ് വാറുണ്ണി. പുലിവേട്ടയുടെ മറവില്‍ വാറുണ്ണി പെണ്ണുങ്ങളെ വേട്ടയാടാനും തുടങ്ങി. വാറുണ്ണി കയറിയ വീട് എന്ന ഡയലോഗ് സൂപ്പറായി.ആ പെണ്‍വേട്ടക്കാരന്റെ പേരാണ് രാഹുലിന് ചാര്‍ത്തിക്കിട്ടിയത്.
സോഷ്യല്‍ മീഡിയയിലെ രണ്ട് മിന്നും താരങ്ങള്‍ ഈ വര്‍ഷം തവിട് പൊടിയായി. ഇവരോളം ലൗവും ലൈക്കും കിട്ടിയ ജെന്‍സി രാഷ്ടീയക്കാര്‍ മറ്റാരുമില്ല. പപ്പടം പൊടിയുന്ന പോലാണ് പൂമരനും വാറുണ്ണിയും പൊടിഞ്ഞത്. രണ്ടു പേര്‍ക്കും ഒരു തിരിച്ചു വരവ് ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍ യെസ് എന്നോ നോ എന്നോ അത്ര പെട്ടെന്ന് പറയാനാവില്ല. അത്ര പെട്ടെന്ന് പൂമരനേയും വാറുണ്ണിയേയും എഴുതിത്തള്ളാനുമാവില്ല. രണ്ട് പേരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഈ പാട്ടാണ് ഓര്‍ക്കുന്നത്-
അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാല്‍
പരസ്പരം കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പം ഗുലുമാല്‍

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here