കോണ്‍ഗ്രസില്‍ പുനഃസംഘടന ചര്‍ച്ചകള്‍ വഴിമുട്ടി; സണ്ണി ജോസഫ് സുധാകരനെ പേടിച്ച് ആടികളിക്കുന്നു; പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ്

കെപിസിസി പുന:സംഘടന ‘ഇപ്പോ ശരിയാക്കാം’ എന്ന് പറഞ്ഞ് പ്രസിഡന്റായി ചുമതലയേറ്റ സണ്ണി ജോസഫ് നടപടിയൊന്നും എടുക്കാതെ താളം ചവിട്ടുന്നതായി പരാതി. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മൂന്ന് വട്ടം ചര്‍ച്ചയ്ക്കായി മുന്‍കൈ എടുത്ത് നീക്കങ്ങള്‍ നടത്തിയെങ്കിലും സണ്ണി ജോസഫ് പിടികൊടുക്കാതെ വഴുതി മാറിയെന്നാണ് പരാതി. മുന്‍ പ്രസിഡന്റ് കെ സുധാകരനെ പേടിച്ചാണ് സണ്ണി ആടിക്കളിക്കുന്നതെന്ന ആക്ഷേപം സംഘടനയ്ക്കുള്ളില്‍ സജീവമാണ്.

രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പുനഃസംഘടന വൈകുന്നതിനെതിരെ ഷാനിമോള്‍ ഉസ്മാന്‍, അജയ് തറയില്‍, സുരേഷ് കൊടിക്കുന്നില്‍ എന്നിവര്‍ പ്രസിഡന്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുയര്‍ത്തി. പുനഃസംഘടന നീട്ടിക്കൊണ്ടു പോകുന്നതിലൂടെ പാര്‍ട്ടിയുടെ ആസ്തിത്വം തന്നെ ഇല്ലാതാകുമെന്ന് അജയ് തറയില്‍ ചൂണ്ടിക്കാട്ടി. പുന:സംഘടന നടത്തുന്നതിന് എന്താണ് തടസ്സമെന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും യോഗത്തില്‍ വ്യക്തമാക്കിയില്ല. രണ്ട് തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തിയിട്ടും നിങ്ങള്‍ ആരെ പേടിച്ചാണ് പുന:സംഘടന നടത്താതെന്ന ഷാനിമോളുടെ ചോദ്യത്തിനും സണ്ണി ജോസഫിന് മറുപടിയുണ്ടായില്ല.

മെയ് ആദ്യവാരം പിസിസി അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം തുടക്കത്തില്‍ പുന:സംഘടന ചര്‍ച്ചകള്‍ തുടങ്ങിവെച്ചിരുന്നു. പ്രവര്‍ത്തന മികവുള്ള നാല് ഡിസിസി അധ്യക്ഷന്മാരെ നിലനിര്‍ത്തി കൊണ്ട് ബാക്കി 10 ജില്ലകളിലും പുന: സംഘടിപ്പിക്കുന്നതോടൊപ്പം കെപിസിസിക്ക് 35 ജനറല്‍ സെക്രട്ടറിമാരെയും 70 സെക്രട്ടറിമാരെയും നിയമിക്കാനും ഏകദേശ ധാരണയിലെത്തിയിരുന്നു. ചില ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തില്‍ എംപിമാര്‍ ഉടക്കിട്ടതോടെ കാര്യങ്ങള്‍ ഇഴഞ്ഞു തുടങ്ങി. മുതിര്‍ന്ന നേതാക്കള്‍ അവരുടെ ഗ്രൂപ്പ് മാനേജര്‍മാരെ ജനറല്‍ സെക്രട്ടറിമാരാക്കാന്‍ ജംബോ പട്ടിക നല്‍കി. ഇതോടെ കാര്യങ്ങള്‍ കലങ്ങി മറിഞ്ഞു. ഒരു കാരണവശാലും പുന:സംഘടന നടത്തരുതെന്ന് ചിന്തയുള്ള ചില സ്ഥിരം കുറ്റികള്‍ പാരവെച്ചെന്നാണ് പരക്കെയുള്ള ആക്ഷേപം. ഇതെല്ലാം കണ്ട് സണ്ണി ജോസഫ് തീരുമാനമെടുക്കാതെ വട്ടം കറങ്ങുകയാണ്. സുധാകരനെ മാറ്റി അധികാരത്തില്‍ വന്ന സണ്ണിയും മുന്‍ഗാമിയെപ്പോലെ പുന:സംഘടന ചര്‍ച്ചകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകയാണെന്നാണ് അടക്കം പറച്ചില്‍. ഇതിനും പുറമെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തില്‍ രാജിവെച്ച ഒഴിവിലേക്കുള്ള നിയമനവും നടത്താനുള്ളത്.

കേരളത്തിലെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ കെ സുധാകരന് തര്‍ക്കമില്ലാത്ത നിലയില്‍ നിയമിക്കാന്‍ സാധിച്ചു. എന്നാല്‍ സുധാകരന് ശേഷം വന്ന പുതിയ കെപിസിസി നേതൃത്വത്തിന് ഒറ്റ സ്ഥാനങ്ങള്‍ അല്ലാതായിരുന്നിട്ട് പോലും കെപിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാനോ, വെറും 14 പേരെ ജില്ലാ അധ്യക്ഷന്മാരായി കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വം മുന്‍പ് ഭാരവാഹി പട്ടികയുമായി ഡല്‍ഹിയില്‍ പോയി ഹൈക്കമാന്‍ഡ് അംഗീകാരം വാങ്ങി വരികയായിരുന്നു ചരിത്രം. എന്നാല്‍ പുതിയ നേതൃത്വം അതിലും പരാജയപ്പെട്ടു

പാര്‍ട്ടി ചലിക്കുന്നില്ല എന്ന് പറഞ്ഞു കെ സുധാകരനെ മാറ്റിയവര്‍ക്ക് അദ്ദേഹം നടത്തിയത് പോലും ചെയ്യാന്‍ സാധിക്കാതെ മിണ്ടാതെ ഇരിക്കുകയാണ്. സുധാകരനെ മാറ്റാനുള്ള തന്ത്രം മാത്രമായിരുന്നോ പാര്‍ട്ടി സംവിധാനം ചലിക്കുന്നില്ല എന്ന ആക്ഷേപം എന്നു പോലുമുള്ള ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ് മറുപടിയില്ലാതെ കുഴങ്ങുകയാണ് നേതൃത്വം.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നേ പുന:സംഘടന നടത്തി പാര്‍ട്ടിയെ ചലിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്ന നേതൃത്വത്തിന്റെ വാഗ്ദാനമാണ് പാഴ്വാക്കായത്. ഗണപതിക്കല്ല്യാണം പോലെ നീണ്ടു പോകുന്നതില്‍ പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. ചില ജില്ലകളില്‍ ഡിസിസി പ്രസിഡന്റുമാരായി നിയമിക്കാനുള്ള പേരുകളെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാത്തതാണ് ആദ്യ പ്രതിസന്ധിയായി ഉടലെടുത്തത്.പ്രവര്‍ത്തന മികവുണ്ടെന്ന് കണ്ടെത്തിയ എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലാ അധ്യക്ഷന്മാരുടെ കാര്യത്തിലും ചിലര്‍ ഉടക്കിട്ടു. തിരുവനന്തപുരം ,കൊല്ലം, കോട്ടയം, തുടങ്ങിയ ജില്ലകളില്‍ പുതിയതായി ഉയര്‍ന്ന പേരുകളിലും ചില എംപിമാര്‍ തര്‍ക്കം ഉന്നയിച്ചതും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു.

കെപിസിസി ജന സെക്രട്ടറിമാരാക്കാനുള്ളവരുടെ കാര്യത്തിലും ഒരു പൊതുമാനദണ്ഡമോ, യോഗ്യതയോ തീരുമാനിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തീരുമാനമെടുക്കുന്നതിലെ കെപിസിസി പ്രസിഡന്റിന്റെ കഴിവില്ലായ്മയില്‍ അദ്ദേഹത്തെ സ്‌പോണ്‍സര്‍ ചെയ്തവരെല്ലാം നിരാശരാണ്. പ്രവര്‍ത്തകരെ സജീവമാക്കാനുള്ള ഒരു കര്‍മ്മപദ്ധതിക്കും രൂപം കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണം ഉയര്‍ന്നപ്പോഴും അധ്യക്ഷന്‍ പതറിപ്പോയ അവസ്ഥയിലായിപ്പോയി എന്ന പ്രതീതി സൃഷ്ടിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചടുലമായ ഇടപെടലുകളാണ് സംഘടനയെ പതര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുത്തതെന്ന പ്രതീതി സൃഷ്ടിച്ചത്.

പുന:സംഘടന നടക്കുമെന്ന പ്രതീതി സൃഷ്ടിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭാരവാഹികള്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കയാണ്. അവരോട് സജീവമായി രംഗത്തിറങ്ങാന്‍ പോലും പറയാനാവാത്ത അവസ്ഥയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top