ഗണപതിക്കല്യാണം പോലെ കോണ്‍ഗ്രസ് പുനഃസംഘടന; സമരങ്ങള്‍ ഏറ്റെടുക്കാനാവാതെ ജെന്‍-സി; നട്ടെല്ല് ഇല്ലാത്ത നേതൃത്വം ബാധ്യത

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിട്ടും കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും പുന: സംഘടന നടത്താതെ അടയിരിക്കുന്ന നേതൃത്വത്തിനെതിരെ കലാപം ഉരുണ്ടുകൂട്ടുന്നു. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോ പുന: സംഘടന നടത്തിക്കളയും എന്നു പറഞ്ഞു വന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൂച്ചുവിലങ്ങിട്ട് പൂട്ടി മൂലക്കിരുത്തിയിരിക്കയാണ്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ രാജിവെപ്പിച്ചിട് ഒരു മാസം കഴിയുന്നു. പകരം ആളെ നിയമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒരു സമരവും ഏറ്റെടുക്കാനാളില്ല. ഇതെല്ലാം കണ്ടിട്ടും ‘കമാന്‍ഡ്’ ഒന്നുമില്ലാത്ത ഹൈക്കമാന്‍ഡും.

മെയ് 11ന് പിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേല്‍ക്കുമ്പോള്‍ പാര്‍ട്ടി പുന:സംഘടനയാണ് മുഖ്യ അജണ്ട എന്ന് അസന്നിഗ്ധമായി പറഞ്ഞിരുന്നു. നേതാക്കളും ഗ്രൂപ്പ് മാനേജരന്മാരും ജനറല്‍ സെക്രട്ടറിമാരുടേയും സെക്രട്ടറിമാരുടേയും ലിസ്റ്റ് തയാറാക്കി. അതുമായി ഡല്‍ഹിക്ക് പോവുകയും തിരിച്ചു വരികയും ചെയ്തത് അല്ലാതെ ഒന്നും സംഭവിച്ചില്ല. സെക്രട്ടറിമാരായി 170 പേരുടെ ലിസ്റ്റ് തയ്യാറാക്കിയെന്നാണ് കരക്കമ്പികള്‍. പക്ഷേ, ജംബോ ലിസ്റ്റ് അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടും ആളെണ്ണം കുറയ്ക്കാന്‍ ആരും തയ്യാറായിട്ടില്ല. ഒരു കാരണവശാലും പുന:സംഘടന പാടില്ലെന്ന് ശഠിക്കുന്ന ഒരു സംഘവും ഇന്ദിരാ ഭവനില്‍ തമ്പടിച്ച് കിടപ്പാണ്.

ALSO READ : സര്‍ക്കാരിനെ ചക്രവ്യൂഹത്തിലാക്കേണ്ട നേരത്ത് സ്വയം കുരുങ്ങി കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡിന് അതൃപ്തി, ലക്ഷ്യം സതീശനെന്നും ആരോപണം

സംസ്ഥാനത്തെ സിപിഎം , സിപിഐ , ബിജെപി എന്നീ പ്രധാനകക്ഷികള്‍ പുന:സംഘടന നടത്തി പുതിയ നേതൃത്വം ചുമതല ഏറ്റിട്ടും ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയായ കോണ്‍ഗ്രസിന് 10 പേരെ നോമിനേറ്റ് പോലും ചെയ്യാനാവാത്ത ഗതികേടിലാണ്. പ്രീയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ വിവാദവും അഴിമതിയും ആത്മഹത്യകളും ഒഴിഞ്ഞ നേരമില്ല. ഏത് വിഷയവും അലമ്പാക്കുന്നതില്‍ വിരുതനാണ് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ എന്നാണ് ജില്ലയിലെ കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. രാജിവെച്ച് മാറാന്‍ ദൂതന്‍മാരു വഴി പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരിക്കയാണ് അദ്ദേഹം.

വയനാട് ഡിസിസി ട്രഷറാര്‍ എന്‍എം വിജയന്റെ ആത്മഹത്യക്ക് പരിഹാരമായി പാര്‍ട്ടി നേതാക്കള്‍ എഴുതി ഒപ്പിട്ട് നല്‍കിയ കരാര്‍ പ്രകാരമുള്ള തുക നല്‍കാതെ ഉരുണ്ട് കളിച്ചതിന് പിന്നിലും ഡിസിസി പ്രസിഡന്റാണ് എന്ന ആക്ഷേപം ശക്തമാണ്. നിരപരാധിയായ കോണ്‍ഗ്രസുകാരനെ വ്യാജമദ്യക്കേസില്‍ കുടുക്കിയതിന് പിന്നിലും അപ്പച്ചനാണെന്ന് ആരോപണമുണ്ട്. കേസില്‍പ്പെട്ട തങ്കച്ചന്‍ തന്നെ ഇക്കാര്യം പരസ്യമായി ആരോപിച്ചിരുന്നു. മൊത്തത്തില്‍ പാര്‍ട്ടിയുടെ പ്രതിഛായ പാടെ തകര്‍ന്നു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്.

ALSO READ : ‘കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി’; നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച പത്മജ ആത്മഹത്യക്ക് ശ്രമിച്ചു

വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും വാഗ്ദാനം നടത്തിയിട്ട് ഒരു കല്ലു പോലും ഇത് വരെ നാട്ടിയിട്ടില്ല. എന്നാല്‍ കോടികള്‍ പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി 100 വീട് വെച്ചു കൊടുക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. പക്ഷേ ഒന്നും നടക്കുന്നില്ല. ആര്‍ക്കും ഉത്തരവാദിത്തമില്ല. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും കുത്തഴിഞ്ഞ അവസ്ഥയിലാണ്.

ലൈംഗികാരോപണത്തില്‍ കുരുങ്ങിയതോടെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ നേതൃസ്ഥാനത്തു നിന്ന് മാറ്റി. ഒരു മാസമായിട്ടും പകരം ആളിനെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. 10 കൊല്ലത്തെ അധികാര ദാരിദ്ര്യത്തിനും പട്ടിണിക്കും ശേഷം പുതു തലമുറയുടെ സഹായത്തോടെ ഭരണം പിടിക്കാമെന്ന് സ്വപ്നം കണ്ട് നടന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂട്ടര്‍ക്കും വെള്ളിടിയായി ജെന്‍ – സി നേതാവിന്റെ ഞരമ്പ് രോഗക്കഥകള്‍ സുനാമി പോലെ പുറത്തുവന്നത്. പോലീസിന്റെ പീഡനക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നിട്ടും സംസ്ഥാനമൊട്ടാക്കെ ഒരു സമരം നടത്താനാവാത്ത വിധം തളര്‍വാതം പിടിച്ചു കിടക്കയാണ് യൂത്ത് കോണ്‍ഗ്രസ്.

ഇതിലൊന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് യാതൊരു ഉത്കണ്ഠയുമില്ല. ചരട് പൊട്ടിയ പട്ടം കണക്കെയാണ് പാര്‍ട്ടിയുടെ പോക്ക്. ഇങ്ങനെയാണ് പോക്കെങ്കില്‍ അടുത്ത പ്രതിപക്ഷ നേതാവിനായുള്ള ചര്‍ച്ചകള്‍ തുടങ്ങാം എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top