കോണ്‍ഗ്രസിന്റെ കുഴിവെട്ടുന്ന മുതിര്‍ന്ന നേതാക്കള്‍; ഇത്തിള്‍ക്കണ്ണികളായി തുടരുന്ന ഇവരാണ് പാര്‍ട്ടിയുടെ ശാപം

മൃതപ്രായമായി കിടക്കുന്ന ഇന്ത്യയിലെ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിക്ക് നിരന്തരം ആപ്പടിക്കുന്നതും ആഭ്യന്തരകലാപം ഉണ്ടാക്കുന്നതും അവരുടെ രാഷ്ട്രീയ പ്രതിയോഗികളല്ല, മറിച്ച് ആന്തരിക അന്ത:ഛിദ്രവും തൊഴുത്തില്‍ക്കൂത്തുമാണ്. ഇതോടെ നിരന്തരം തകര്‍ച്ചയുടെ പാതാളത്തിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂപ്പുകുത്തുകയാണ്.
സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായ കേന്ദ്ര സര്‍ക്കാരുകളില്‍ അരനൂറ്റാണ്ട് കാലം വാണരുളിയ പാര്‍ട്ടി ഇന്നിപ്പോ ഊര്‍ദ്ധന്‍ വലിക്കുന്ന അവസ്ഥയിലാണ്. ‘കാലനില്ലാത്ത കാലം’ എന്ന കവിതയില്‍ കുഞ്ചന്‍ നമ്പ്യാര്‍ പാടിയ പോലെ ‘അസ്ഥിയല്ലാതൊരു വസ്തു ശരീരത്തിലവര്‍ക്കില്ല, ദു:സ്ഥിതിക്കും കുറവില്ല, ദുര്‍ന്നിലയ്ക്കും കുറവില്ല’
ഏതാണ്ട് ഈ അവസ്ഥയാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റേത്.
പാര്‍ട്ടിയുടെ പരമോന്നത സമിതിയായ വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങള്‍ തന്നെ പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളെ ചോദ്യം ചെയ്യുകയും നിലപാടുകള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നത് പതിവാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി 11 വര്‍ഷം പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാരിനെതിരെ നേരിയ വെല്ലുവിളി പോലും ഉയര്‍ത്താനാവാതെ തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ് കോണ്‍ഗ്രസ്. തിരിച്ചു വരവിന്റെ ഒരു ലാഞ്ചനപോലും കാണിക്കുന്നില്ല. നേതാക്കളും പാര്‍ട്ടിയും പലവഴിക്ക് നീങ്ങുന്നതാണ് ഇതിന്റെ പ്രധാന കാരണം.
രാഹുല്‍ ഗാന്ധി നേതാവെന്ന നിലയില്‍ കഠിനമായി അദ്ധ്വാനിക്കുന്നുണ്ടെങ്കിലും നേതാക്കളില്‍ 99 ശതമാനവും പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിആര്‍എസ് എടുത്തവരാണ്. ഒരു പണിയും ചെയ്യാതെ കുത്തിത്തിരപ്പ് മാത്രമാണ് ഇവര്‍ ചെയ്തു കൂട്ടുന്നത്.
ബിജെപിയെ പോലെ ശക്തവും സംഘടിതവുമായ മറ്റൊരു പാര്‍ട്ടി ഇന്ന് ഇന്ത്യയില്‍ ഇല്ലെന്നും കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യാ മുന്നണി നിലവിലുണ്ടോ എന്ന് തനിക്കറിയില്ലെന്നുമാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗമായ പി ചിദംബരം പൊതുചടങ്ങില്‍ പറഞ്ഞത്. പോലീസ് സ്റ്റേഷന്‍ മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വരെ ബിജെപി അവരുടെ നിയന്ത്രണത്തിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയുടേയും മുന്നണിയുടേയും വളര്‍ച്ചയ്ക്കും കുതിപ്പിനും തടസം നില്‍ക്കുന്നത് ബിജെപിയോ മറ്റ് പാര്‍ട്ടികളോ അല്ലെന്ന് വ്യക്തം. കപ്പലിലാണ് കള്ളന്‍.
ചിദംബരത്തിന്റെ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 1967നു ശേഷം കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. ഭക്തവത്സലമായിരുന്നു കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി. തമിഴ്‌നാട്ടില്‍ പാര്‍ട്ടി വളര്‍ത്താന്‍ ചിദംബരം എന്ത് ചെയ്തു എന്നു ചോദിച്ചാല്‍ ജബ ജബ എന്നാവും മറുപടി. 60 വര്‍ഷമായി ദ്രാവിഡ പാര്‍ട്ടികളാണ് തമിഴ്‌നാട് ഭരിക്കുന്നത്. അവരുടെ തോളിലേറിയാണ് പളനിയപ്പന്‍ ചിദംബരം കേന്ദ്രമന്ത്രി സഭയില്‍ പലവട്ടം മന്ത്രിയായത്. ഇപ്പോള്‍ മകന്‍ കാര്‍ത്തി ചിദംബരത്തിനെ എംപിയാക്കിയതും.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കോണ്‍ഗ്രസിനെ അടപടലം വെട്ടിലാക്കിയ മറ്റൊരു വര്‍ക്കിംഗ് കമ്മറ്റി അംഗം ശശി തരൂരാണ്. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കും പ്രഖ്യാപിത നയങ്ങള്‍ക്കും എതിരെ സംസാരിക്കുന്നത് പതിവാക്കിയിരിക്കുകയാണ് വിശ്വപൗരന്‍. എന്നിട്ടും ശശി തരൂരിനെ നിലയ്ക്കു നിര്‍ത്താന്‍ കഴിയാതെ നെടുവീര്‍പ്പിടുകയാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗയും.
1971ലെ ഇന്ത്യാ- പാകിസ്ഥാന്‍ യുദ്ധത്തില്‍ അമേരിക്കയെ നിലയ്ക്കു നിര്‍ത്തിയ ഇന്ദിരാഗാന്ധിയുടെ നിലപാടുകളുടെ പ്രസക്തി ഏറുകയാണെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുമ്പോള്‍ തരുര്‍ പറയുന്നത് ആ നയങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്നാണ്. പാര്‍ട്ടി അച്ചടക്കത്തിന്റെ വേലിക്കെട്ടുകളില്‍ നില്‍ക്കാതെ വളയമില്ലാതെ ചാടുന്ന വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളെ മൂലക്കിരുത്താന്‍ പോലും കഴിയാതെ ചക്രശ്വാസം വലിക്കുകയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും. പൊകഞ്ഞ കൊളളി പുറത്തെന്ന് പോലും പറയാന്‍ ത്രാണിയില്ലാത്ത ദയനീയമായ ഗതികേട്.
തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ എന്തിന് തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റി എന്നതില്‍ വ്യക്തത ആവശ്യപ്പെട്ട് കെ സുധാകരന്‍ കലാപത്തിലാണ്. വിളിച്ചാല്‍ വിളിച്ചിടത്തു തന്നെ നില്‍ക്കുന്ന പ്രവര്‍ത്തകര്‍ തനിക്കൊപ്പമുണ്ടെന്നും പാര്‍ട്ടിയുടെ അംഗീകാരവും അഭിനന്ദനവും വേണ്ടെന്നുമാണ് വര്‍ക്കിംഗ് കമ്മറ്റിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ സുധാകരന്റെ നിലപാട്.
തനിക്ക് ലഭിച്ചത് അത്ര വലിയ സ്ഥാനമൊന്നുമല്ലെന്ന മട്ടിലാണ് അദ്ദേഹത്തിന്റെ സംസാരം. ‘ആ സ്ഥാനം കിട്ടിയിട്ടെന്താ ഗുണം? ആസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എവിടെയാണ്?’ എന്നാണ് സുധാകരന്റെ ചോദ്യം. ഒരു ചര്‍ച്ചയും കൂടാതെയാണ് തന്നെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് സുധാകരന്‍ തുറന്നടിച്ചിട്ടും പാര്‍ട്ടി നേതൃത്വം മിണ്ടാതെ ഇരിക്കുകയാണ്. അധികാരത്തോടുള്ള നേതാക്കളുടെ ആക്രാന്തമാണ് കോണ്‍ഗ്രസിനെ ഒരു വഴിക്കാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here