ഷാഫി പറമ്പിലിനെ തല്ലിയ സംഭവത്തില്‍ നടപടി; രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം; ഇതുകൊണ്ട് അവസാനിക്കുമെന്ന് കരുതേണ്ടെന്ന് കോണ്‍ഗ്രസ്

കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തിനിടെ വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് ഡിവൈഎസ്പിക്കെതിരായാണ് നടപടി ഉണ്ടായിരിക്കുന്നത്. പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍കുമാറിനെയും വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദിനെയും സ്ഥലംമാറ്റി.

എന്നാല്‍ ഈ സംഭവം പറഞ്ഞുള്ള അച്ചടക്ക നടപടിയായി അല്ല സ്ഥലംമാറ്റം. സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരെയും രണ്ടു പ്രമോഷന്‍ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഈ ആരോപണവിധേയരായ ഉദ്യോഗസ്ഥരേയും മാറ്റിയത്. ആര്‍ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് സബ് ഡിവിഷന്‍ എസിപിയായും സുനില്‍ കുമാറിനെ കോഴിക്കോട് സിറ്റിക്രൈംബ്രാഞ്ച് എസിപിയായുമായി മാറ്റി നിയമിച്ചു.

ALSO READ : മര്‍ദനത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍; ഉദ്യോഗസ്ഥരുടെ പേരുകളും; പിണറായി പോലീസ് വിയര്‍ക്കും

പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധപ്രകടനം പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് ഷാഫിക്ക് ലാത്തിയടി ഏറ്റത്. ആദ്യം ഇക്കാര്യം പോലീസ് നിഷേധിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വീഴ്ച സമ്മതിക്കുകയും ചെയ്തു. ഇതോടൊപ്പം വീഴ്ച മറയ്ക്കാന്‍ സംഘര്‍ഷത്തില്‍ സ്‌ഫോടക വസ്തു ഉപയോഗിച്ചു എന്ന് പറഞ്ഞ് ദൃശ്യം പുറത്തുവിടുകയും ഷാഫി ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി കേസെടുക്കുയും ചെയ്തിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്.

രണ്ട് ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റം കണ്ണില്‍പ്പൊടി ഇടാനുള്ള നടപടി മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇതുകൊണ്ട് എല്ലാം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഒന്നും ഇതില്‍ അവസാനിക്കും എന്ന് കരുതേണ്ട. എംപിയെ ആക്രമിച്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം. അതുവരെ പ്രതിഷേധം തുടരുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാർ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top