ശശിതരൂര്‍ ചാരനാണ്, മാന്യമായി ഗുഡ് ബൈ പറഞ്ഞു പോകുന്നതാണ് നല്ലത്; സ്വരം മാറ്റി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ശശി തരൂരിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുപ്പിച്ചു കൊണ്ട് എങ്ങനെ യോഗം നടത്തും? അവിടെ നടക്കുന്ന രഹസ്യ ചര്‍ച്ചകളുടെ വിവരങ്ങള്‍ അയാള്‍ ഉടനെ തന്നെ മോദിയെ വിളിച്ചറിയിക്കില്ലേയെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. മോദിയുടെ ചാരനായി തരൂര്‍ മാറിയെന്ന ആരോപണവും ഉണ്ണിത്താന്‍ ഉന്നയിച്ചു.
ALSO READ :നേതൃത്വത്തോട് കലഹം തുടർന്ന് തരൂർ; ഖാർഗെക്കെതിരെയും പരിഹാസം
തരുരിന് കോണ്‍ഗ്രസില്‍ നിന്ന് ഗുഡ് ബൈ പറഞ്ഞു പോകാം. എല്ലാവരും അത് ആഗ്രഹിക്കുന്നുവെന്നും ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം കരുതേണ്ട, സ്വയം പിരിഞ്ഞു പോകുന്നതാണ് നല്ലത്. ഇനിയും ഞാന്‍ കോണ്‍ഗ്രസാണെന്ന് പറഞ്ഞ് പാര്‍ലമെന്ററല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്ത് സംസാരിക്കുന്നതിന് അപാരമായ തൊലിക്കട്ടി വേണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എത്ര നിയന്ത്രിച്ചാലും പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ഇദ്ദേഹത്തിനെതിരെയുള്ള വികാരം അണപൊട്ടി ഒഴുകുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ടെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു.
കോണ്‍ഗ്രസ് തരുരിനെ പുറത്താക്കിയതിന്റെ പേരില്‍ രക്തസാക്ഷി പരിവേഷവുമായി ബിജെപിയില്‍ നിന്ന് സ്ഥാനമാനങ്ങള്‍ നേടാനുള്ള ശ്രമത്തിലാണ് തരൂര്‍. രാഹുല്‍ ഗാന്ധിക്കിതറിയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കില്ല. അദ്ദേഹം മാന്യമായി പോകുന്നെങ്കില്‍ പോകട്ടെ. ഇപ്പോള്‍ അദ്ദേഹം ചെയ്യുന്ന പണിയേക്കാള്‍ നല്ലത് അതാണെന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കും മുന്‍കാല നേതാക്കള്‍ക്കുമെതിരെ ശശി തരൂര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും ജനങ്ങളോട് കടുത്ത അതിക്രമങ്ങള്‍ ചെയ്തിരുന്നുവെന്ന് അദ്ദേഹ ലേഖനം എഴുതിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here