കോണ്‍ഗ്രസിനെ ഗുണദോഷിച്ച് തരൂർ വീണ്ടും; രാജ്യതാൽപര്യം പ്രധാനം; ഇത്തവണ ട്രംപിനെയും കൂട്ടുപിടിച്ചു

പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് കോണ്‍ഗ്രസിനെ ഉപദേശിച്ച് ശശി തരൂര്‍. കോണ്‍ഗ്രസിന്റെ പേര് എടുത്ത് പറയുന്നില്ലെങ്കിലും രാഷ്ട്രത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കായി പരസ്പരം സഹകരിക്കാന്‍ പഠിക്കണം എന്നാണ് തിരുവനന്തപുരം എംപിയുടെ ഉപദേശം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവയ്ച്ചുളള കുറിപ്പിലാണ് തരൂരിന്റെ ഈ ഒളിയമ്പ്.

ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത് എന്ന് തുടങ്ങുന്ന കുറിപ്പില്‍ തിരഞ്ഞെടുപ്പുകളില്‍ പോരാട്ടം, അതുകഴിഞ്ഞാല്‍ സഹകരണം എന്നാണ് തരൂരിന്റെ നിലപാട്. തിരഞ്ഞെടുപ്പുകളില്‍ നിങ്ങളുടെ നിലപാടിന് വേണ്ടി വാക്പോരിന് യാതൊരു കുറവും വരുത്താതെ ആവേശത്തോടെ പോരാടുക. അത് കഴിഞ്ഞാല്‍, നിങ്ങള്‍ സേവിക്കാന്‍ പ്രതിജ്ഞാബദ്ധരായ രാഷ്ട്രത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്കായി പരസ്പരം സഹകരിക്കാന്‍ പഠിക്കണം. ട്രംപ് – മംദാനി മോഡല്‍ ഇന്ത്യയിലും വേണമെന്ന് ആഗ്രഹിക്കുന്നു. അതിനായി പ്രവര്‍ത്തിക്കും എന്നുമാണ് തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ അതിരൂക്ഷമായ വാക്‌പോരാണ് ട്രംപും മംദാനിയും തമ്മില്‍ നടന്നത്. എന്നാല്‍ മേയറായി തിരഞ്ഞെടുക്കപ്പട്ടതിന് പിന്നാലെ ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിനെ കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്കും എതിരെ പരോക്ഷവിമര്‍ശനത്തിനായി ഉപയോഗിച്ചിരിക്കുകയാണ് തരൂര്‍. മോദിസ്തുതിയുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് തരൂര്‍ നേരിടുന്നത്. ഇതിനെല്ലാം രാജ്യതാൽപര്യം എന്നാണ് മറുപടി നല്‍കാറുള്ളത്. അതുതന്നെയാണ് ഈ കുറിപ്പിലും തരൂര്‍ മുന്നോട്ടുവയ്ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top