വോട്ട് ചോരിയെ കുറിച്ച് മിണ്ടാതെ ശശി തരൂര്‍; ബിജെപിയെ പിണക്കാനില്ലെന്ന സന്ദേശവുമായി കോണ്‍ഗ്രസ് എംപി

ആകാശത്തിന് കീഴിലുള്ള ഏത് വിഷയത്തെ കുറിച്ചും എഴുതുകയും പ്രതികരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ഹരിയാനയിലെ വോട്ട് ചോരിയെക്കുറിച്ച് മൗനത്തില്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്തുതിഗീതം പാടുന്ന ‘വിശ്വപൗരന്‍’ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കുന്ന ഭരണകക്ഷിയുടെ നടപടികളെ അപലപിക്കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. ഏറ്റവും ഒടുവില്‍ നെഹ്‌റു കുടുംബത്തിന്റെ കുടുംബാധിപത്യത്തെക്കുറിച്ച് തരൂര്‍ എഴുതിയ ലേഖനം വിവാദമായിരുന്നു.
ഹരിയാനയില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ തോതില്‍ വോട്ട് തട്ടിപ്പ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി ആരോപിച്ചിരുന്നു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെയുള്ള ‘ഹൈഡ്രജന്‍ ബോംബ്’ ബിജെപിയേയും ഇലക്ഷന്‍ കമ്മീഷനേയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്ര ഗുരുതരമായ ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചിട്ടും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗമായ ശശി തരൂരിന്റെ മൗനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. തരൂരിനെ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയുടെ ചെയര്‍മാനായി കോണ്‍ഗ്രസ് വീണ്ടും നോമിനേറ്റ് ചെയ്തിരുന്നു. പല വിഷയങ്ങളിലും പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പലപ്പോഴും പ്രതികരിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തരൂരിനെ നോമിനേറ്റ് ചെയ്ത് സ്ഥാനം നല്‍കുക ആയിരുന്നു.
അടിയന്തരാവസ്ഥയ്ക്കെതിരെയും ഇന്ദിരാഗാന്ധിക്കെതിരെയും നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അലോസരപ്പെടുത്തുന്ന പ്രതികരണങ്ങള്‍ നടത്താറില്ല. പാര്‍ട്ടി വേദികളില്‍ അഭിപ്രായങ്ങള്‍ പറയുന്നതിനു പകരം പൊതു ഇടങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് തരൂര്‍ പതിവായി ചെയ്യുന്നത്. എന്നാല്‍ തരുരിനെതിരെ പാര്‍ട്ടി നടപടി ഒന്നും സ്വീകരിച്ചില്ല. കോണ്‍ഗ്രസിനെതിരെ ഇത്ര രൂക്ഷമായ അഭിപ്രായങ്ങള്‍ ഉള്ള ഇദ്ദേഹം എന്തിനാണ് കോണ്‍ഗ്രസില്‍ തുടരുന്നതെന്ന് ചോദിക്കുന്നവര്‍ പാര്‍ട്ടിയില്‍ നിരവധിയുണ്ട്. രക്തസാക്ഷി പരിവേഷം നേടി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകാനാണ് തരൂര്‍ ആഗ്രഹിക്കുന്നത് എന്നത് വ്യക്തമാണ്. പാര്‍ട്ടി ചിലവില്‍ അത് വേണ്ട എന്ന നിലപാടിലാണ് ഹൈക്കമാന്റ്.
സംസ്ഥാന കോണ്‍ഗ്രസില്‍ പേരിനുപോലും തരുരിനെ പിന്തുണയ്ക്കാന്‍ ആളില്ലാത്ത സ്ഥിതിയാണുള്ളത്. എന്നാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സന്ധിയില്ലാതെ പൊരുതുന്ന പ്രതിപക്ഷത്തിന്റെ വീര്യം കെടുത്തുന്ന തരത്തിലുള്ള തരൂരിന്റെ പ്രസ്താവനകളില്‍ കോണ്‍ഗ്രസുകാര്‍ കടുത്ത അതൃപ്തിയിലാണ്. നാല് തവണ എംപിയും രണ്ട് തവണ മന്ത്രിയുമാക്കിയ പാര്‍ട്ടിയോട് തികഞ്ഞ നന്ദികേടാണ് കാണിക്കുന്നതെന്ന അഭിപ്രായം കോണ്‍ഗ്രസ് അണികള്‍ക്കുണ്ട്. പാര്‍ട്ടിയുടെ ഔദാര്യത്തില്‍ കിട്ടാവുന്ന പദവികള്‍ നേടിയെടുത്ത ശേഷം പിന്നില്‍ നിന്ന് കുത്തുന്ന തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസില്‍ മുന്‍തൂക്കം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here