കോണ്‍ഗ്രസ് സമരമുഖത്തെങ്കിലും തരൂരിനെ കാണാനില്ല; പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുന്ന നേതാവിനെ ചുമക്കാനില്ലെന്ന് അണികള്‍

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് യുഡിഎഫും കെപിസിസിയും നിരന്തര സമരങ്ങള്‍ നടത്തുമ്പോഴും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ കാണാമറയത്ത്. രണ്ടാഴ്ചയായി ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടറിയേറ്റ് നടയിലും കെപിസിസിയുടെ ആഭിമുഖ്യത്തില്‍ സമര വേലിയേറ്റങ്ങള്‍ അരങ്ങേറുമ്പോഴും തരൂര്‍ സാന്നിധ്യം കൊണ്ടോ വാക്കു കൊണ്ടോ പോലും പിന്തുണ കൊടുക്കാതെ ഒളിച്ചുകളി തുടരുകയാണ്.
തന്റെ മണ്ഡലത്തില്‍പ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അപര്യാപ്തകളെക്കുറിച്ച് യൂറോളജി വിഭാഗം തലവന്‍ ഡോ ഹാരിസ് ചിറയ്ക്കല്‍ പലതും തുറന്നുപറഞ്ഞിട്ടു പോലും എംപി എന്ന നിലയില്‍ യാതൊരു ഇടപെടലും നടത്താന്‍ ശശി തരൂര്‍ ഇതുവരെ തയ്യാറായിട്ടില്ല. വികസനത്തില്‍ രാഷ്ടീയം പാടില്ലാ എന്ന് പറയുന്ന വ്യക്തിയാണ് തരൂര്‍. ഇടത് സര്‍ക്കാരിന്റെ ആരോഗ്യ രംഗത്തെ പിടിപ്പുകേടിനെ തള്ളിപ്പറയാന്‍ പോലും തയ്യാറാകാത്തത് പാർട്ടി നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
സ്വന്തം നിയോജക മണ്ഡലത്തിലെ പ്രധാന ആരോഗ്യ ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രതിസന്ധി ഉണ്ടായിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാതെ അദ്ദേഹം ഡല്‍ഹിയില്‍ ആണ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി യാതൊരു കമ്യൂണിക്കേഷനും തരൂര്‍ പുലര്‍ത്തുന്നില്ല. തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുതിര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി അംഗം തന്നെ പാര്‍ട്ടിയെ പൊതുമധ്യത്തില്‍ വെട്ടിലാക്കുന്ന നിലപാട് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അമര്‍ഷമുണ്ട്.
അദ്ദേഹവുമായി അടുപ്പം പുലര്‍ത്തിയിരുന്ന കെ സുധാകരന്‍, എംകെ രാഘവന്‍, ഹൈബി ഈഡന്‍, മാത്യൂ കുഴല്‍ നാടന്‍ തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം തരൂരിനെ കൈവിട്ടമട്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം പ്രീണിപ്പിക്കുകയും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിനെ സ്ഥിരമായി തള്ളിപ്പറയുകയും ചെയ്യുന്ന തരൂരിനെ ഇനിയും ചുമന്നാല്‍ സ്വന്തം ഭാവി വെള്ളത്തിലാകുമെന്ന് ഈ നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ വിശ്വപൗരനില്‍ നിന്ന് അകലുകയാണ് എന്നാണ് സൂചനകൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here