മുഖം രക്ഷിക്കാന്‍ നെട്ടോട്ടമോടി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തു

ലൈംഗിക ആരോപണം ഉയര്‍ന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നിരവധി പരാതികള്‍ പാര്‍ട്ടിക്ക് ലഭിച്ചത് പരിഗണിച്ചാണ് നടപടി എടുത്തിരിക്കുന്നത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. രാഹുലിനോട് വിശദീകരണവും ചോദിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം.
സെപ്റ്റംബര്‍ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട എന്ന നിര്‍ദേശവും രാഹുലിന് നല്‍കിയിട്ടുണ്ട്. അവധി എടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. ഇത് വലിയ തിരിച്ചടിയാകും എന്ന് കണക്കാക്കിയാണ് സഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട എന്ന നിര്‍ദേശം.
യുവതിയോടു ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെടുന്ന ശബ്ദസംഭാഷണം പുറത്തുവന്നതോടെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചിരുന്നു. ഇതോടൊപ്പം എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായം ഉയരുന്നുണ്ട്.
ഗൃഹസന്ദര്‍ശനം അടക്കം നിശ്ചയിച്ച് സര്‍ക്കാരിന് എതിരെ വലിയ പ്രചരണമാണ് കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവയ്പ്പിച്ച് മുഖം രക്ഷിക്കാനാണ് പാര്‍ട്ടിക്കുള്ളിലെ ധാരണ. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് എന്ന ഭീഷണിയാണ് കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here