ശ്വസിക്കുന്നത് വിഷവായു; രാജ്യത്ത് വായു ശുചീകരണ പദ്ധതികൾ പരാജയമെന്ന് പ്രതിപക്ഷം

രാജ്യത്ത് വർദ്ധിച്ചുവരുന്ന വായുമലിനീകരണം ഒരു കടുത്ത പൊതുജനാരോഗ്യ പ്രതിസന്ധിയാണെന്ന് അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ്. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ പുറത്തുവിട്ട പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മോദി സർക്കാരിനെതിരെ കോൺഗ്രസ് വാർത്താ കുറിപ്പിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചത്.

മലിനീകരണം നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ തികഞ്ഞ പരാജയമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 130 നഗരങ്ങളിൽ നടത്തിയ പഠനത്തിൽ 28 നഗരങ്ങളിലും വായുനിലവാരം അളക്കുന്നതിനുള്ള സംവിധാനങ്ങൾ ഇപ്പോഴും നിലവിലില്ല. വായുനിലവാരം അളക്കുന്ന സംവിധാനങ്ങളുള്ള 102 നഗരങ്ങളിൽ 100 ഇടത്തും വായുവിലെ പൊടിപടലങ്ങളുടെ അളവ് അനുവദനീയമായ പരിധിയേക്കാൾ 80 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ വായുനിലവാരം തകരാറിലാണെന്നത് പരസ്യമായ രഹസ്യമാണെന്ന നിലപാടിലാണ് കോൺഗ്രസ്. സർക്കാരിന്റെ പ്രതികരണങ്ങൾ അങ്ങേയറ്റം ഫലശൂന്യവും അപര്യാപ്തവുമാണ്. വായുമലിനീകരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധിയെ ഗൗരവമായി കാണുന്നതിന് പകരം സർക്കാർ മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ദേശീയ വായു ശുചീകരണ പദ്ധതി പോലുള്ള പദ്ധതികൾ ലക്ഷ്യം കാണുന്നില്ലെന്നും മലിനീകരണം ഒരു ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് പരിഹാര നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top