അതീവ രഹസ്യമായി പ്രതിപക്ഷ നേതാവ് സിറോ മലബാര്‍ സഭ ആസ്ഥാനത്ത്; സിനഡ് നടക്കുന്നതിനിടയിലെ സന്ദര്‍ശനം വ്യക്തമായ രാഷ്ട്രീയ സന്ദേശം

കേരളത്തിലെ ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പാക്കി കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫിലേക്ക് തിരിച്ചെത്തിയതിന്റെ സൂചനകള്‍ വ്യക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ നില തുടരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതിന്റെ ഭാഗമായി ഇന്നലെ പ്രതിപക്ഷ നേതാവ് സിറോ മലബാര്‍ സഭ ആസ്ഥാനത്ത് ഇന്നലെ നേരിട്ട് എത്തി മേജര്‍ ആര്‍ച്ച് ബിഷ്പ്പ് റാഫേല്‍ തട്ടില്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി.
ഔദ്യോഗിക വാഹനവും എസ്‌കോര്‍ട്ടും ഒഴിവാക്കി സ്വകാര്യ കാറിലായിരുന്നു രാത്രിയില്‍ പ്രതിപക്ഷ നേതാവ് കാക്കനാട്ടെ സഭാ ആസ്ഥാനത്ത് എത്തിയത്. സഭ സിനഡ് നടക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം. അതുകൊണ്ട് തന്നെ സഭയുടെ രാഷ്ട്രീയം ഇതിലൂടെ വ്യക്തമായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. സഭാ ആസ്ഥാനത്തേക്ക് രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനത്തില്‍ അസ്വാഭാവികത ഇല്ല എന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കുയാണ് സിറോ മലബാര്‍ സഭ. എന്നാല്‍ എന്തുകൊണ്ട് പ്രതിപക്ഷ നേതാവിനെ മാത്രം കണ്ടു എന്നതില്‍ വ്യക്തത വരുത്തുന്നില്ല.
കേരളത്തിലെ ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവച്ച് സിപിഎമ്മും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക
പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടികള്‍ പിണറായി സര്‍ക്കാര്‍ പൊടിതട്ടി എടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകനം ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കുകയാണ്. എന്നാല്‍ ഇതിലും കൂടുതല്‍ ക്രൈസ്തവ സഭകള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കുന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
ബിജെപിയും ക്രൈസ്തവരെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. കേക്കുമായി അരമനകള്‍ കയറി ഇറങ്ങി നടക്കുന്നതിനൊപ്പം ബിഷപ്പുമാര്‍ക്ക് എതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം എന്ന ആയുധവും കടുപ്പിക്കുന്നുണ്ട്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ നടക്കുന്ന ക്രിസ്ത്യന്‍ ആക്രമണങ്ങള്‍ ഈ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here