കെ.എസ്.യുവും, യൂത്ത് കോണ്‍ഗ്രസും പിടിച്ചെടുത്ത് സതീശന്‍; ഐഎന്‍ടിയുസിയെ അടുപ്പിക്കും; കോണ്‍ഗ്രസ് ഭരിക്കാന്‍ പറവൂരുകാരന്‍

പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുന്നതുവരെ കോണ്‍ഗ്രസില്‍ കാര്യമായ അണികളോ ഗ്രൂപ്പ് പിന്‍ബലമോ ഇല്ലാത്ത നേതാവായിരുന്നു വിഡി സതീശന്‍. നിയമസഭയിലെ മികച്ച പ്രകടനം കൊണ്ടുമാത്രം ശ്രദ്ധ നേടിയിരുന്ന എംഎല്‍എ. എന്നാല്‍ അധികാരം ലഭിച്ചതോടെ സതീശന്‍ കളംമാറ്റി. നിര്‍ണായക സ്ഥാനങ്ങളില്‍ തനിക്ക് വേണ്ടപ്പെട്ടവരെ ഇരുത്തി. ഗ്രൂപ്പ് പ്രവര്‍ത്തനം കൊണ്ട് മാത്രം കോണ്‍ഗ്രസില്‍ ആളായി നിന്നവരെ എല്ലാം ഒതുക്കി മൂലക്കിരുത്തി.

സതീശന്റെ ഈ ഒറ്റയാള്‍ പോരാട്ടം കൊണ്ട് ഒന്നര പതിറ്റാണ്ടിനു ശേഷം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനു നഷ്ടമായി. ആ കസേരയിലേക്ക് എത്തിയത് സതീശന്റെ നോമിനിയായ ഒ.ജെ. ജനീഷാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ച് ഒഴിഞ്ഞ ശേഷം എ, ഐ ഗ്രൂപ്പുകള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായി ഏറെ ശ്രമം നടത്തിയിരുന്നു. കെഎം അഭിജിത്ത്, അബിന്‍ വര്‍ക്കി, ബിനു ചുള്ളിയില്‍ ഇങ്ങനെ നിരവധി പേരുകള്‍. എന്നാല്‍ ഒന്നര മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സ്ഥാനം സതീശന്‍ തന്ത്രത്തില്‍ സ്വന്തം പോക്കറ്റിലാക്കി.

ALSO READ : ഒജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; അബിൻ വർക്കിക്ക് പാരയായത് സമുദായം

വലിയ പൊട്ടിത്തെറി ഒഴിവാക്കാന്‍ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസിന് ഒരു വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഉണ്ടാക്കി ബിനു ചുള്ളിയിലിനെ ഇരുത്തി. അഭിജിത്ത്, അബിന്‍ വര്‍ക്കി എന്നിവരെ ദേശീയ സെക്രട്ടറിമാരുമായി നിയമിച്ചു. ഇതോടെ എല്ലാം പരിഹരിച്ചു എന്ന കണക്ക് കൂട്ടലിലാണ് സതീശനും സംഘവും. നേരത്തെ തന്നെ കെഎസ്യു പ്രസിഡന്റ് സ്ഥാനം സതീശന്‍ തന്റെ പോക്കറ്റില്‍ ആക്കിയിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സതീശനുമായി ഏറെ അടുത്തു നില്‍ക്കുന്ന ആളാണ്.

ഗ്രൂപ്പ് സമവാക്യത്തില്‍ ഉള്‍പ്പെട്ടില്ലെങ്കിലും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറും സതീശനുമായി നല്ല അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. ഇതോടെ സംസ്ഥാന കോണ്‍ഗ്രസിലെ പോഷക സംഘടനകള്‍ എല്ലാം സതീശന്റെ നിയന്ത്രണത്തിലായിട്ടുണ്ട്. ഇനിയുള്ളത് ഐഎന്‍ടിയുസിയാണ്. നേരത്തെ മുതല്‍ കോണ്‍ഗ്രസ് നേതൃത്വവും ഐഎന്‍ടിയുസിയും രണ്ട് തട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. പരസ്പരം ഒരു ബഹുമാനവും കാണിക്കാറുമില്ല. എന്നാല്‍ സതീശനോടുള്ള സമീപനം ആ രീതിയില്‍ അല്ല. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ സതീശനുമായി ഏറേ അടുപ്പും സൂക്ഷിക്കുന്നുണ്ട്. സതീശനെ വേദികളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്.

അടുത്ത മുഖ്യമന്ത്രി ആര് എന്ന് പറഞ്ഞ് ചില നേതാക്കള്‍ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സതീശന്റെ ശ്രദ്ധ മുഴുവന്‍ പാര്‍ട്ടിയില്‍ കരുത്തനാവാനാണ്. അതിന്റെ ഭാഗമാണ് ഈ പോഷക സംഘടനകളിലെ വേണ്ടപ്പെട്ടവരെ ഇരുത്തുന്നത്. ഈ കരുത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ അനുയായികള്‍ക്ക് പരാമവധി സീറ്റ് ഉറപ്പാക്കാനാണ് സതീശന്റെ അടുത്ത നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top