കോണ്‍ഗ്രസിലെ ‘വിഎസ്’ ഗ്രൂപ്പിന് വിആര്‍എസ്!! ലൈംഗിക അപവാദത്തിൽ പാർട്ടി നടപടിയെടുത്തിട്ടും രാഹുലിനെ പ്രമോട്ട് ചെയ്തവര്‍ക്ക് തിരിച്ചടി

ഗുരുതര ലൈംഗിക ആരോപണം പുറത്തുവന്ന് പാർട്ടി സസ്പെൻഡ് ചെയ്തിട്ടും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസില്‍ രക്ഷാകവചം ഒരുക്കിയിരുന്ന വിഷ്ണുനാഥ് – ഷാഫി കോമ്പിനേഷന് കനത്ത തിരിച്ചടിയാണ് പുതിയ സംഭവ വികാസങ്ങള്‍. നിലമ്പൂര്‍ വിജയത്തിന് പിന്നാലെയാണ് രാഹുലിനെതിരെ വിവിധ കോണുകളില്‍ നിന്ന് സ്വഭാവദൂഷ്യ പരാമര്‍ശങ്ങളും ലൈംഗിക അപവാദങ്ങളും ഉയർന്നത്. ഔദ്യോഗിക പരാതിക്ക് മുമ്പ് തന്നെ ധാര്‍മ്മികതയുടെ പേരില്‍ രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
രാഹുലിനെതിരെ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചത് ഏകകണ്ഠമായിരുന്നു എങ്കിലും വര്‍ക്കിങ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥും ഷാഫി പറമ്പിലും ഈ തീരുമാനത്തോട് പൂര്‍ണമായി യോജിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുംപിടുത്തം കാരണമാണ് രാഹുലിനെതിരെ ഇത്ര കടുത്ത നടപടി സ്വീകരിച്ചതെന്ന് ഈ ക്യാമ്പ് വ്യാപകമായി പ്രചരിപ്പിച്ചു. കെപിസിസി നടപടിയെ പിന്തുണച്ച രമേശ് ചെന്നിത്തലയ്ക്കും സതീശനുമെതിരെ കടുത്ത സൈബര്‍ അക്രമണം അഴിച്ചുവിട്ടതും ഇവരുടെ പിന്തുണയോടെ നടന്ന കാര്യമാണെന്ന് വ്യക്തമായതാണ്.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിലക്കെടുത്തായിരുന്നു ഈ സൈബര്‍ അറ്റാക്ക്. നിയമസഭാ സമ്മേളനത്തില്‍ നിന്ന് രാഹുല്‍ വിട്ടു നില്‍ക്കണമെന്ന് പാര്‍ട്ടി അനൗപചാരികമായി ആവശ്യപ്പെട്ടെങ്കിലും ഈ ധാരണ തെറ്റിച്ച് പാലക്കാട് എംഎല്‍എ സഭയിലെത്തിയത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചിരുന്നു. ഈ നീക്കത്തിന് വിഷ്ണു – ഷാഫി (വിഎസ്) സംഘത്തിൻ്റെ പിന്തുണയുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനൊപ്പമാണ് രാഹുല്‍ നിയമസഭയിൽ എത്തിയത്. പാര്‍ട്ടി സസ്പെൻഡ് ചെയ്ത ഒരാള്‍ക്ക് അകമ്പടി സേവിക്കാനുനുള്ള ധൈര്യം ഷജീറിന് നല്‍കിയത് ഇവര്‍ ഇരുവരുമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പാലക്കാട്ട് നിര്‍ണായക സ്വാധീനമുള്ള ഷാഫി പറമ്പിലിന്റെ ഒത്താശയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയോജക മണ്ഡലത്തില്‍ ഒരിടവേളക്കു ശേഷം സജീവമായത്. പാര്‍ട്ടിയിലെ ഒരുവിഭാഗം ആള്‍ക്കാര്‍ പരസ്യ പിന്തുണ നല്‍കിയതും ഷാഫിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമാരായിരുന്ന വിഷ്ണുനാഥിനും ഷാഫിക്കും ഇപ്പോഴും സംഘടനക്കുള്ളില്‍ നിര്‍ണായക സ്വാധീനമുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ ഈ പുതിയ സംഘത്തിന് രൂപം കൊടുത്തത്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സണ്ണി ജോസഫ് തീര്‍ത്തും ദുര്‍ബലനായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ ഒരളവോളം നിയന്ത്രിക്കുന്നത് വര്‍ക്കിങ് പ്രസിഡന്റുമാരായ വിഷ്ണുവും ഷാഫിയും ചേര്‍ന്നാണ്.
പഴയ എ ഗ്രൂപ്പ് നേതാക്കള്‍ എന്ന ലേബലിന് പുറമെ ഉമ്മന്‍ ചാണ്ടിയുടെ അറിയപ്പെടുന്ന കാലാള്‍പ്പടയാളികളും ആയിരുന്നു ഇരുവരും. പാര്‍ട്ടിയിലെ ഇവരുടെ സ്വാധീനം ഉപയോഗിച്ച് തന്നെ രാഹുലിന്റെ അടുപ്പക്കാരായ പലര്‍ക്കും പത്തനംതിട്ട ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സീറ്റ് തരപ്പെടുത്തി കൊടുത്തതും വിവാദമായിരുന്നു. ഒരു പരാതി പോലുമില്ലാതെ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സൈബര്‍ ഇടങ്ങളിലെ യുദ്ധപ്രഖ്യാപനത്തിന് പിന്നില്‍ വിഎസ് ഗ്രൂപ്പിന്റെ പരോക്ഷ പിന്തുണ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
കോൺഗ്രസിലെ പരമ്പരാഗത ഗ്രൂപ്പുകളുടെ സ്വഭാവത്തിലേക്ക് വന്നിട്ടില്ലെങ്കിലും ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചവരുടെ കൂട്ടായ്മയായാണ് വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ഈ സംഘം മുന്നോട്ടിറങ്ങിയത്. അങ്ങനെ നോക്കിയാൽ ആദ്യമായാണ് പാർട്ടിയിൽ രണ്ടക്ഷര ഗ്രൂപ്പ് ഉണ്ടാകുന്നതെന്നും പറയാം. പഴയ ഐ, എ ഗ്രൂപ്പുകളിൽപെട്ട ചെറുപ്പക്കാരുടെ സംഘങ്ങളാണ് ഇതിലുള്ളത്. വിഎസ് ഗ്രൂപ്പ് എന്ന ഈ ഡബിള്‍ എഞ്ചിന്‍ സംഘത്തിൻ്റെ നീക്കങ്ങൾ നേതൃത്വത്തിലാകെ ആശങ്കയും അതൃപ്തിയും സൃഷ്ടിച്ചിരുന്നു. ഏതായാലും രാഹുലിന്റെ വീഴ്ചയോടെ ഈ ഗ്രൂപ്പിൻ്റെ കാര്യം പരുങ്ങലിലായി. ഗ്രൂപ്പ് പ്രമോട്ടർമാർക്ക് നിലവിലെ ദൗത്യത്തിൽ നിന്ന് തല്‍ക്കാലത്തേക്ക് എങ്കിലും വോളന്ററി റിട്ടയര്‍മെന്റ് എടുക്കേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here