പാര്‍ട്ടിയുടെ നിലനില്‍പ്പിനെ പോലും തകര്‍ക്കുന്ന കോണ്‍ഗ്രസിലെ ‘വി-എസ്’ ഗ്രൂപ്പ്; മാങ്കൂട്ടത്തിലിനെ ചുമന്ന് പിണറായിക്ക് വഴിയൊരുക്കുന്നവര്‍

കോണ്‍ഗ്രസില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷയോടെ കണ്ടത് വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥും ഷാഫി പറമ്പിലും വന്നതാണ്. യുവത്വത്തിന്റെ കരുത്തില്‍ കോണ്‍ഗ്രസ് വലിയ ഉയരങ്ങളിലേക്ക് പോകും എന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ ഈ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാര്‍ ചേര്‍ന്നുളള ‘വി-എസ്’ ഗ്രൂപ്പ് കോണ്‍ഗ്രസിനെ ഓരോ ദിവസവും ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യമാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോവുകയാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുകയും പിന്നാലെ യുവതിയെ അബോര്‍ഷന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തു വരുകയും ചെയ്തതോടെ തകര്‍ന്നു പോയതാണ് കോണ്‍ഗ്രസ്. അവിടെ നിന്നും കുറച്ചെങ്കിലും മുന്നോട്ടു വരാന്‍ കഴിഞ്ഞത് തിടുക്കത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്താണ്. അത് പറഞ്ഞ് മേനി നടിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിനുളളില്‍ നടന്നത് മറ്റൊന്നാണ്. ഹൈക്കമാന്റിന്റെ അംഗീകാരത്തോടെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന്റെ ഉത്തരവാദിത്വം മുഴുവന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തലയിലാക്കി. കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലൂടെ സതീശനെ ആക്രമിച്ചു.

ALSO READ : ഗണപതിക്കല്യാണം പോലെ കോണ്‍ഗ്രസ് പുനഃസംഘടന; സമരങ്ങള്‍ ഏറ്റെടുക്കാനാവാതെ ജെന്‍-സി; നട്ടെല്ല് ഇല്ലാത്ത നേതൃത്വം ബാധ്യത

ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് പിസി വിഷ്ണുനാഥും ഷാഫി പറമ്പിലും അടങ്ങുന്ന വി-എസ് ഗ്രൂപ്പാണ്. മുന്നില്‍ നിന്ന് എതിര്‍പ്പ് പറയാതെ പിന്നിലൂടെ സതീശനെ കുത്തി ഒതുക്കാനുള്ള നീക്കങ്ങളാണ് ഇവര്‍ നടത്തിയതെന്നാണ് കോണ്‍ഗ്രസിനുള്ളിലെ സംസാരം. എന്നാല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ സതീശന്‍ ശക്തമായ നിലപാട് തുടര്‍ന്നതോടെ ഈ വി-എസ് ഗ്രൂപ്പിന്റെ തുടര്‍ നീക്കങ്ങളെല്ലാം പാര്‍ട്ടിയെ അപ്പാടെ തകര്‍ക്കുന്ന ഒന്നായി മാറി കൊണ്ടിരിക്കുകയാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിന് എ ഗ്രൂപ്പിന്റെ പിന്തുണ ഉറപ്പിച്ച് വീണ്ടു സജീവമാക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മന്‍, ബെന്നി ബേഹന്നാന്‍ അടക്കമുളള നേതാക്കളുടെ പിന്തുണ ഈ നീക്കത്തിന് ലഭിച്ചില്ല. ഇതോടെ രാഹുലിനെ പിന്താങ്ങാന്‍ വേണ്ടി രൂപീകൃതമായതാണ് വി-എസ് ഗ്രൂപ്പ്. വിഷ്ണുനാഥിന്റേയും ഷാഫിയുടേയും പേരിലെ ആദ്യ അക്ഷരങ്ങളോടെയാണ് ഈ പുതിയ ഗ്രൂപ്പിന്റെ പിറവി. ഈ ഗ്രൂപ്പിന്റെ ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു സര്‍ക്കാരിന് എതിരെ വലിയ പോര്‍മുഖം തുറക്കാനായി നിയമസഭയിലേക്ക് എത്തി പ്രതിപക്ഷത്തെ തകര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഭയിലേക്കുളള എന്‍ട്രി. ഇപ്പോള്‍ രാഹുലിനെ പാലക്കാട് എഴുന്നള്ളിച്ച് കൊണ്ടുവന്നതും ഇവര്‍ തന്നെയാണ്.

ALSO READ : തിരഞ്ഞെടുപ്പ് സീസണിൽ പതിവ് തെറ്റിക്കാതെ വെള്ളാപ്പള്ളിയും സുകുമാരൻ നായരും; തിട്ടൂരങ്ങളിൽ വിരണ്ട് കോൺഗ്രസ്; നെഞ്ച് വിരിച്ച് സിപിഎമ്മും

തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ ഏതാനും മാസം മാത്രമുള്ളത്. അപ്പോഴാണ് പാര്‍ട്ടിയുടെ സാധ്യതകളെ ഓരോ ദിവസവും തല്ലിക്കെടുത്തുന്ന നീക്കങ്ങള്‍ ഈ യുവ നേതാക്കള്‍ നടത്തുന്നത്. പുറത്ത് വന്ന സംഭാഷണങ്ങള്‍ തന്റേതല്ല എന്ന് മാങ്കൂട്ടം ഇതുവരെ പറഞ്ഞിട്ടില്ല. തെറ്റായ ആരോപണങ്ങള്‍ എന്ന് പറഞ്ഞ് മാനനഷ്ടത്തിന് കേസും കൊടുത്തിട്ടില്ല. എന്നിട്ടും മാങ്കൂട്ടത്തിലിനെ ചുമന്ന് നാറുകയും കോണ്‍ഗ്രസിലെ മറ്റുള്ളവരെ നാറ്റിക്കുകയുമാണ് ചിലര്‍ ചെയ്യുന്നത്. ഇതെല്ലാം ഗുണം ചെയ്യുന്നത് സിപിഎമ്മിനും പിണറായി വിജയനും ഏണെന്ന് സമയം കിട്ടുമ്പോള്‍ ഈ വിഎസ് ഗ്രൂപ്പ് ഓര്‍ക്കണം എന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top