SV Motors SV Motors

മറുനാടൻ മലയാളി പോലുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് സംരക്ഷണമൊരുക്കും, ഷാജൻ സ്‌കറിയക്കെതിരെയുള്ള നടപടി അതിക്രൂരം: കെ.സുധാകരൻ

മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഒളിവിൽ പോയ മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്കറിയക്കെതിരെയുള്ള നടപടി അതിക്രൂരവും ഭീകരവുമാണെന്നും സുധാകരൻ പറഞ്ഞു. പൊലീസ് നടപടിയെ പൂർണമായും എതിർക്കുന്നു എന്നു പറഞ്ഞ സുധാകരൻ മറുനാടൻ മലയാളിപോലുള്ള മാധ്യമങ്ങൾക്ക് പൂർണ സംരക്ഷണം ഒരുക്കുമെന്നും പറഞ്ഞു.

“അന്തസും അഭിമാനവുമില്ലാത്ത കാര്യങ്ങളാണ് പൊലീസ് മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ കാണിച്ചത്. ഷാജൻ സ്‌കറിയക്കെതിരെയെടുത്ത നടപടി അതിക്രൂരവും ഭീകരവുമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. പൊലീസ് നടപടിയെ പൂർണമായും എതിർക്കുന്നു. രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജൂലൈ 26 ന് പൊലീസ് സ്റ്റേഷൻ മാർച്ചും കെ.പി.പി.സിയുടെ നേതൃത്വത്തിൽ മാധ്യമ സ്വാതന്ത്ര്യ സംഗമം നടത്തും.”

സർക്കാറിനെതിരെ എന്തെങ്കിലും എഴുതിയാൽ അതിന്റെ പ്രതികാരം മനസിൽവെച്ച് അവസരം കിട്ടുമ്പോൾ വിനിയോഗിക്കുന്ന തരം താഴ്ന്ന പ്രവർത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് കെ.സുധാകരൻ വിമർശിച്ചു.

“രക്തസാക്ഷികളാവുന്ന മാധ്യമങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും കോൺഗ്രസ് പോകും. വാർത്താ ചാനലുകളിലെ മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കി നാവടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിമർശിക്കുന്ന പത്ര മാധ്യമങ്ങളെ മുഴുവൻ അടക്കി എതിർക്കാനും നടപടികൾക്ക് വിധേയമാക്കാനും ശ്രമിക്കുന്ന സർക്കാർ ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും അടിസ്ഥാനമായ ഘടകമാണ് പത്രമാധ്യമ സ്വാതന്ത്ര്യം. അതിനെ ഹനിക്കുന്ന സർക്കാർ ജനാധിപത്യത്തിന് അപകടകാരിയാണ്,” സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top