ശശി തരൂരിനെ കോണ്‍ഗ്രസുകാര്‍ ഇത്രയും വെറുത്തോ; ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം ഇട്ട വിശ്വപൗരന്‍ എയറില്‍

കിട്ടുന്ന അവസരത്തില്‍ എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്ന ശശി തരൂരിന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും തന്നെയാണ് ഒരുകാലത്ത് വിശ്വപൗരന്‍ എന്ന് വിളിച്ച് ആഘോഷിച്ച് കൊണ്ടു നടന്ന തരൂരിനെ ആക്രമിക്കുന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗമായിട്ടും പാര്‍ട്ടി നിലപാടുകളെ തള്ളി പറഞ്ഞ് ബിജെപി പാളയത്തിലേക്കുള്ള വഴിയിലാണ് തിരുവനന്തപുരം എംപി എന്ന വിലയിരുത്തലിലാണ് ഈ വിമര്‍ശനങ്ങളെല്ലാം.
ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ജനനായകനില്ലാതെ രണ്ട് വര്‍ഷങ്ങള്‍ എന്ന് ശശി തരൂര്‍ ഒരു പോസ്റ്റിട്ടു. അതിന് താഴെ കോണ്‍ഗ്രസുകാര്‍ തന്നെ വിമര്‍ശനങ്ങളുമായി കളം നിറയുകയാണ്. ജനനായകന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടി അല്ലാതെ അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നു നേതാവല്ല. പാർട്ടിയെ വഞ്ചിക്കുന്നവൻ എത്രയും പെട്ടെന്ന് പോകുന്നെങ്കില്‍ പോവുക. ഈ പാര്‍ട്ടി നിങ്ങളുടേതല്ല സാധാരണ പ്രവര്‍ത്തകരുടെതാണ്. ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

മോദി സ്തുതിയിലും കോണ്‍ഗ്രസ് തീരുമാനം മറികടന്ന് കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന തരൂരിന്റെ നിലപാടില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ പരാമര്‍ശിച്ച് ഇന്ദിരാഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ലേഖനം എഴുതിയതോടെയാണ് രോഷം അണപൊട്ടിയത്. തന്റെ മണ്ഡലത്തിലേക്കുളള ശശി തരൂരിന്റെ വരവ് തന്നെ കുറവാണ്. ഡല്‍ഹിയില്‍ തന്നെ കേന്ദ്രീകരിച്ച് മോദി സ്തുതിക്കുള്ള വഴികള്‍ തേടുകയാണ് തരൂര്‍ എന്നാണ് വിമര്‍ശനം. നിലവില്‍ കോണ്‍ഗ്രസിന്റെ ഒരു പരിപാടിയിലും ശശി തരൂരിന് ക്ഷണിക്കാറ് പതിവില്ല. ഇത്തരത്തില്‍ അവഗണിച്ച് അപമാനിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നീക്കം.
തനിക്ക് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ലെന്ന തരൂരിന്റെ പരാതി പറച്ചില്‍ ആരും കേട്ടതായി പോലും ഭാവിക്കുന്നില്ല. ഈ അവസരത്തിലാണ് താനാണ് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ എന്ന സര്‍വേയുമായി തരൂര്‍ തന്നെ രംഗത്ത് എത്തിയത്. എന്നാല്‍ ആധികാരികത ഇല്ലാത്ത ആ സര്‍വേ റിപ്പോർട്ടിലൂടെ പ്രതീക്ഷിച്ച ഒരു ഗുണവും തരൂരിന് ഉണ്ടായിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here