കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തെരുവിലേക്ക്; പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധ സംഗമം ഉടൻ

സംസ്ഥാനതലത്തില്‍ കെപിസിസി പ്രസിഡന്റിനെ മാറ്റിയതിലെ തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ താഴെതട്ടിലും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍. സ്വന്തം ഡിസിസി പ്രസിഡന്റിനെതിരെ പ്രതിഷേധ യോഗം പ്രഖ്യാപിച്ചിരിക്കുകയാണ് പാലക്കാട്ടെ കോണ്‍ഗ്രസുകാര്‍. ഉപതിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി സംഘടനാപരമായി മുന്നേറേണ്ട സമയത്താണ് ഈ വിഴുപ്പലക്കല്‍.
കോട്ടായി മണ്ഡലം കമ്മറ്റിയാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ പ്രതിഷേധ യോഗം നടത്തുന്നത്. ഗ്രൂപ്പ് നേതാക്കളുടെ താല്പര്യം മാത്രം സംരക്ഷിക്കുന്ന പ്രവര്‍ത്തനമാണ് തങ്കപ്പനില്‍ നിന്നും ഉണ്ടാകുന്നത് എന്നാണ് ഇവര്‍ ആരോപിക്കുന്നത്. പലതവണ പരാതി നല്‍കിയിട്ടും തിരുത്തല്‍ ഉണ്ടാകുന്നില്ല. തുടര്‍ന്നാണ് കണ്‍വെന്‍ഷന്‍ തന്നെ വിളിക്കാന്‍ തീരുമാനിച്ചതെന്നാണ് കോട്ടായിലെ കോണ്‍ഗ്രസുകാര്‍ പറയുന്നത്.
കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെതിരെ വ്യാപകമായ പോസ്റ്റര്‍ പ്രചരണം നടന്ന ജില്ലയാണ് പാലക്കാട്. ഇപ്പോള്‍ കണ്‍വെന്‍ഷന്‍ തന്നെ വിളിച്ച് നേതൃത്വത്തിനെതിരെ തിരിയുകയാണ് പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ 10 മണിക്കാണ് പ്രതിഷേധ സംഗമം പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here