പങ്കാളിത്ത പെന്‍ഷന്‍ : സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു; തലയില്‍ മുണ്ടിട്ട് നാടുവിടാനൊരുങ്ങി എന്‍ജിഒ യൂണിയന്‍

ഒമ്പത് വര്‍ഷമായി അധികാരത്തില്‍ തുടര്‍ന്നിട്ടും സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ ജീവനക്കാര്‍ക്ക് അമര്‍ഷം. ഇതിനുപുറമെയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍ അനുമതി തേടി കേന്ദ്രത്തിന് കത്തയച്ചതെന്ന വാദം തന്നെ തട്ടിപ്പായിരുന്നു എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഇതുവരെ കത്തയച്ചിട്ടില്ലെന്ന് ധനവകുപ്പിന്റെ മറുപടി പുറത്തുവന്നതോടെ, ഭരണവിലാസം സര്‍വീസ് സംഘടനകള്‍ നാണംകെട്ട് നാടുവിടേണ്ട ഗതികേടിലായി. .

നിശ്ചിത പെന്‍ഷന്‍ തുക ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് 2024ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് അനുമതി തേടി കത്തയച്ചിരുന്നുവെന്ന വാദം പൊളിക്കുന്ന വിവരാവകാശ രേഖ മലയാള മനോരമ പത്രം പുറത്തുവിട്ടതോടെ സര്‍ക്കാരിന് ഓശാന പാടി നടന്ന എന്‍ജിഒ യൂണിയന്‍ മാളത്തിലൊളിച്ച അവസ്ഥയിലാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്നായിരുന്നു 2016ലേയും 2021ലേയും എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ഭരണകാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ജീവനക്കാരെ ഒന്നടങ്കം കബളിപ്പിച്ച സര്‍ക്കാരിനെ എന്ത് പറഞ്ഞ് ഇനി പിന്തുണക്കുമെന്നാണ് എന്‍ജിഒ യൂണിയന്‍ നേതാക്കളോട് അണികളുടെ ചോദ്യം. അണികളെ നേരിടാന്‍ കഴിയാത്ത അവസ്ഥയിലാണ് എന്നാണ് നേതാക്കളുടെ അടക്കം പറച്ചില്‍.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കും എന്ന് വാഗ്ദാനം നല്‍കിയാണ് 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. എന്നാല്‍ അധികാരത്തില്‍ കയറിയതോടെ വാഗ്ദാനം മറക്കുകയായിരുന്നു. 2021ലും സമാനമായ വാഗ്ദാനം ആവര്‍ത്തിച്ചു. ജീവനക്കാരുടെ സമ്മര്‍ദം മറികടക്കാന്‍ ങ്കാളിത്ത പെന്‍ഷനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയമിച്ചു. സിപിഐയുടെ ജോയിന്റ് കൗണ്‍സില്‍ സുപ്രീം കോടതി വരെ കേസ് നടത്തിയാണ് സമിതി റിപ്പോര്‍ട്ട് വെളിച്ചം കണ്ടത്. ഇതിന്റെ ചുവട് പിടിച്ചാണ് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ അഞ്ചര ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പണി കൊടുക്കുമോ എന്ന ഭയം സര്‍ക്കാരിനെ അലട്ടുന്നുണ്ട്. കടമെടുത്ത് മുടിഞ്ഞ സര്‍ക്കാരിന് ഈ ഭാരിച്ച സാമ്പത്തിക ബാധ്യത താങ്ങാനുള്ള ധനകാര്യ സ്ഥിതി ഇല്ലെന്നാണ് വിലയിരുത്തപ്പെട്ടുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കിയത്. സര്‍ക്കാരിന്റെ ഭീമമായ പെന്‍ഷന്‍ ബാധ്യത കുറയ്ക്കുകയായിരുന്നു ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇതിനെതിരേ ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തെ എല്‍ഡിഎഫ് പിന്തുണച്ചിരുന്നു.

2014 ഏപ്രില്‍ ഒന്നിനുശേഷം നിയമിക്കപ്പെട്ടവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ഇവരുടെ ശമ്പളത്തിന്റെ പത്തുശതമാനം നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കുന്നുണ്ട്. തുല്യമായ തുക സര്‍ക്കാരും നല്‍കും. ഈ വിഭാഗത്തിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയും വര്‍ദ്ധിപ്പിച്ചിരുന്നു.പെന്‍ഷന്‍ഭാരം ലഘൂകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും സ്വീകരിച്ച നടപടിയെത്തുടര്‍ന്നാണ് സംസ്ഥാനത്തും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്.

എന്‍ജിഒ യൂണിയന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സര്‍ക്കാരിനും നേതാക്കള്‍ക്കുമെതിരെ പോര്‍വിളിയും തെറിവിളിയും നിറയുകയാണ്. മിക്ക ഗ്രൂപ്പുകളിലുമുള്ള നേതാക്കള്‍ ചത്തതു പോലെ മണ്ടാതെ കിടക്കയാണെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top