മൂന്നാമൂഴത്തിന് അള്ളുവച്ച് നേതാക്കൾ!! സജിചെറിയാൻ അടക്കമുള്ളവരുടെ നാവിന് കടിഞ്ഞാണിടണമെന്ന് മുന്നറിയിപ്പ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട പ്രചാരണ ആയുധം വികസനമാകണമെന്ന ഇടതുമുന്നണിയുടെ സ്വപ്‌നം പൊളിച്ച് സ്വന്തം പാളയത്തിലെ നേതാക്കള്‍. ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന്റെ കേന്ദ്രബിന്ദു മാറിയത് തിരിച്ചടിയായി എന്ന നിലയില്‍ വിലയിരുത്തൽ ഉണ്ടായിട്ടും സി.പി.എമ്മിലെ നേതാക്കളുടെ വിടുവായത്തം പ്രശ്‌നം വഷളാക്കുന്നുവെന്ന് ഇടതുമുന്നണിയില്‍ വികാരം ശക്തമാകുന്നു. വികസനത്തെക്കുറിച്ചും, ഇടതുമുന്നണി സര്‍ക്കാര്‍ പത്തുവര്‍ഷം കൊണ്ട് ചെയ്ത കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ ഇടതുമുന്നണിയുടെ മേഖലാ ജാഥകള്‍ ആരംഭിക്കാനിരിക്കെ, സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ മുന്നണിയുടെ ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്നതായി ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.

എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിമാര്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ പരസ്യമായി രംഗത്തുവരികയും യു.ഡി.എഫ് ക്യാമ്പിനെ വെട്ടിലാക്കുകയും ചെയ്തിരുന്ന സമയത്ത് അവര്‍ക്ക് ആശ്വാസമായത് കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയാണ് എന്നാണ് മുന്നണിക്കുള്ളിലെ പൊതുവികാരം. തിങ്കളാഴ്ച പ്രതിരോധത്തിലായിരുന്ന കോണ്‍ഗ്രസിന് അന്നുതന്നെ സജി ചെറിയാൻ്റെ പ്രസ്താവന ആയുധമായി മാറി. കാസര്‍കോഡ് വിജയിച്ചവരുടെ പേരുനോക്കിയാല്‍ വര്‍ഗ്ഗീയത ആരു വളര്‍ത്തുന്നുവെന്ന് അറിയാമെന്ന തരത്തില്‍ ലീഗിനെതിരെ നടത്തിയ പ്രസ്താവനക്ക് മാധ്യമങ്ങൾ അതിന് വലിയ പ്രചാരവും നൽകിയതോടെ അത് സി.പി.എമ്മിനെയും ഇടതുമുന്നണിയേയും തീര്‍ത്തും പ്രതിരോധത്തിലാക്കുകയും ചെയ്തു.

കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും ഒരു ലക്ഷ്യബോധവുമില്ലാതെ നേതാക്കള്‍ നടത്തുന്ന പ്രസ്താവനയില്‍ സി.പി.എം നേതൃത്വത്തിനും കടുത്ത എതിര്‍പ്പുണ്ട്. നേരത്തെ സമാനമായ രീതിയില്‍ എ.കെ. ബാലന്‍ നടത്തിയ ഒരു പ്രസ്താവന വലിയ വിവാദമായിരുന്നു. ഒടുവില്‍ അതില്‍ നിന്നും തലയൂരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് രംഗത്ത് എത്തേണ്ടിയും വന്നു. അത് മാറാട് കലാപത്തിലേയ്ക്ക് തിരിച്ചുവിട്ടുകൊണ്ട് മുഖംരക്ഷിച്ച് എടുക്കാന്‍ അന്ന് അദ്ദേഹത്തിനായി. അതേ രീതിയിലാണ് സജി ചെറിയാന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന. ഈ നില തുടരാന്‍ അനുവദിക്കരുതെന്ന് സി.പി.ഐ ഉള്‍പ്പെടെയുള്ളവര്‍ സി.പി.എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സജി ചെറിയാന്‍ ഈ മന്ത്രിസഭയില്‍ എത്തിയ കാലം മുതല്‍ ഇടതുമുന്നണിക്കും സി.പി.എമ്മിനും തലവേദനയാണ്. ആദ്യം ഭരണഘടനയെക്കുറിച്ച് നടത്തിയ പ്രസ്താവന വിവാദമാകുകയും അതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോലും നഷ്ടപ്പെടുന്ന അവസരം ഉണ്ടാകുകയും ചെയ്തിരുന്നു. പിന്നീട് മന്ത്രിസ്ഥാനത്തേയ്ക്ക് തിരികെ എത്തിയെങ്കിലും എല്ലായ്‌പ്പോഴും സര്‍ക്കാരിനേയും പാര്‍ട്ടിയേയും മുന്നണിയേയും വെട്ടിലാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തികൊണ്ടിരിക്കുന്നത്. അദ്ദേഹം ഉദ്ദേശിക്കുന്നത് ശരിയായ കാര്യമാണെങ്കില്‍ പോലും അത് പ്രകടിപ്പിക്കാന്‍ അറിയാതെ ആകെ പ്രശ്‌നം സൃഷ്ടിക്കുകയാണ്. ഇതിന് കര്‍ശന നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് സി.പി.എമ്മും.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലാകട്ടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന സി.പി.എമ്മിന് എക്കാലവും ബാധ്യതയാകുന്നത് ആണ്. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി പോലും സി.പി.എം സഹകരിച്ചിട്ടുണ്ട് എന്നാണ് അന്ന് സെക്രട്ടറി വെളിപ്പെടുത്തിയത്. അർധ ഫാഷിസത്തിന്റെ രീതിയിൽ അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നും മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം.വി ഗോവിന്ദൻ തുറന്നുപറഞ്ഞത്. ഈ പ്രസ്താവന ഇടതുമുന്നണിക്ക് ഉണ്ടാക്കിയ തലവേദന ചെറുതല്ല.

ഇത്തരത്തില്‍ ചാനല്‍ മൈക്കുകള്‍ കാണുമ്പോള്‍ മന്ത്രിമാരും നേതാക്കളും വായില്‍തോന്നുന്നത് വിളിച്ചുപറയുന്നതുമൂലം സി.പി.എമ്മിന് അനുകൂലമായി വരേണ്ട പലതും ചര്‍ച്ചയാകുന്നില്ലെന്ന വികാരവും അണികള്‍ക്കിടയിലുമുണ്ട്. മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി കഴിഞ്ഞ ദിവസം തലശേരി കലാപവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ സഹോദരനെതിരെ ഉയര്‍ത്തിയ ആരോപണത്തെ വേണ്ടവിധം പ്രതിരോധിക്കാൻ കഴിയാതെ പോയത് ഇങ്ങനെയാണ്. കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ഷാജി പറഞ്ഞത്. കലാപം അഴിച്ചുവിട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പിണറായിയിലെ പാറപ്പുറത്ത് ഉണ്ടായിരുന്ന ഒരു പള്ളി പൊളിച്ചുമാറ്റിയിരുന്നു. അതിനെ പിണറായിയുടെ സഹോദരന്‍ ചെയ്തുവെന്ന തരത്തില്‍ വ്യാഖ്യാനിച്ച് സംഘപരിവാറിന് ക്ലീന്‍ ചിറ്റ് നല്‍കാനാണ് ഷാജി ശ്രമിച്ചതെന്ന വാദമാണ് സി.പി.എം കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്. ഇവ ചര്‍ച്ചയാക്കാന്‍ പോലും തയ്യാറാകാതെ ചിലർ നടത്തുന്ന വിടുവായത്തം അവസാനിപ്പിച്ചേ തീരൂ എന്നതാണ് പൊതുവികാരം.

ഇത് നിയന്ത്രിച്ചില്ലെങ്കില്‍ മൂന്നാംഭരണം എന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കും. ഇപ്പോള്‍ തന്നെ കൃത്യമായി വര്‍ഗ്ഗീയമായ ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹമായി കേരളം മാറിക്കഴിഞ്ഞു. അതിനിടയില്‍ ഇത്തരത്തില്‍ അശ്രദ്ധമായി നടത്തുന്ന പ്രസ്താവനകള്‍ വലിയ തിരിച്ചടികള്‍ക്ക് വഴിവയ്ക്കും. ചെറിയ ഒരു തീപ്പൊരിമതിയാകും ആളിക്കത്തിക്കാന്‍. അതാണ് പലരും കാത്തിരിക്കുന്നതും. അതുകൊണ്ട് ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത് എന്ന് അടുത്തിടെ അവസാനിച്ച സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പു സംബന്ധിച്ച ചര്‍ച്ചകളുടെ ഭാഗമായി വിലയിരുത്തിയിട്ടുണ്ട്. അതിനുള്ള നടപടികളാണ് ഇനി സി.പി.എം സ്വീകരിക്കേണ്ടത് എന്ന ആവശ്യവും മുന്നണിയിലുയരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top