വിവാദമൊടുങ്ങില്ല; ദിലീപിനെ വിട്ടയച്ചതും പോരാതെ മറ്റു പ്രതികൾക്കും കുറഞ്ഞ ശിക്ഷ!! നിരാശ പരസ്യമാക്കി പ്രോസിക്യൂഷൻ

ഗാങ്റേപ്പ് എന്ന കുറ്റം ശരിവച്ചു കൊണ്ടാണ് നടിയെ ആക്രമിച്ച കേസിലെ ആറുപ്രതികൾക്ക് ഇരുപതുവർഷം തടവ് കോടതി വിധിച്ചിരിക്കുന്നത്. എന്നാൽ ഈ കുറ്റത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രം വിധിച്ചുകൊണ്ടാണ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപ് അടക്കം മൂന്നുപ്രതികളെ വിട്ടയച്ചതു തന്നെ കോടതിയെ മുൻപെങ്ങുമില്ലാത്ത വിവാദത്തിൽ എത്തിച്ചിരിക്കുകയാണ്.
കൂട്ടബലാൽസംഗക്കേസിൽ 20 വർഷം തടവുശിക്ഷ എന്നത് ഒരു കോടതിയുടെയും ഔദാര്യമല്ല, പാർലമെൻ്റ് വ്യവസ്ഥ ചെയ്തിട്ടുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്ന് തുറന്നടിച്ച് പ്രോസിക്യൂട്ടർ വി.അജകുമാർ രംഗത്തെത്തി. ഇത്തരം സമീപനം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും നിരാശയാണെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിക്ക് പുറത്ത് പ്രതികരിച്ചു. ഉചിതമായ തുടർനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ശിക്ഷ തീർത്തും അപര്യാപ്തമാണെന്ന അഭിപ്രായം നിയമവിദഗ്ധർ പ്രകടിപ്പിക്കുന്നുണ്ട്. കുറ്റകൃത്യത്തെ കൂട്ടബലാൽസംഗം മാത്രമായി കണക്കാക്കിയാൽ പോരെന്നും കൃത്യത്തിന് ശേഷം പ്രതി അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പകർത്തി കൊണ്ടുപോയി എന്നത് ഗൌരവമായി പരിഗണിക്കേണ്ടതായിരുന്നു എന്നാണ് കോടതിക്ക് പുറത്തുയരുന്ന വാദങ്ങൾ. അതേസമയം വിധിപകർപ്പ് പുറത്തുവന്നാൽ മാത്രമേ ശിക്ഷ കുറഞ്ഞു എന്നതടക്കം കാര്യങ്ങൾക്ക് പിന്നിലെ കാരണം വ്യക്തമാകൂ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here